കോഴിക്കോട്: വെയിലും മഴയും വകവെയ്ക്കാതെ ചൂടുള്ള ഭക്ഷണവുമായി നമ്മുടെ വിളിപ്പുറത്തെത്തുന്നവർക്ക് പറയാനുള്ളത് ചൂടാറിയ ജീവിത കഥ. കുറച്ചു നേരം പണിമുടക്കിയാൽ നഗരത്തിലെ പല സ്ഥാപനങ്ങളും വീടുകളും പട്ടിണിയിലാകുമെന്ന് അറിയുന്നതിനാൽ തൊഴിലെടുത്ത് പ്രതിഷേധിക്കുകയാണ് ജില്ലയിലെ ആയിരത്തോളം വരുന്ന ഓൺലെെൻ ഫുഡ് ഡെലിവറി തൊഴിലാളികൾ.
2018ലാണ് കേരളത്തിൽ ഓൺലെെൻ ഫുഡ് ഡെലിവറി ആരംഭിക്കുന്നത്. അന്ന് നൽകിയ കൂലിയിലാണ് ഇപ്പോഴും ഇവരുടെ ജീവിതം. അഞ്ച് കിലോമീറ്റർ വരെ 25 രൂപയും തുടർന്നുള്ള യാത്രകൾക്ക് ഒരു കിലോമീറ്ററിന് ഏഴ് രൂപയുമാണ് കൂലി. ഡെലിവറി ചാർജ് വെട്ടിക്കുറച്ചുള്ള സ്വിഗിയുടെ തീരുമാനത്തോടെ ഈ ജോലിയുമായി എങ്ങനെ മുന്നോട്ട് പോകണമെന്ന് അറിയാതെ നിൽക്കുകയാണ് ഇവർ. അടിക്കടിയുണ്ടാവുന്ന ഇന്ധനവില വർദ്ധനയും തിരിച്ചടിയാവുന്നു. കോഴിക്കോട് നഗരത്തിൽ മാത്രം നൂറിലധികം പേർ ഫുൾടൈമായും പാർട് ടെെമായും സ്വിഗിയിൽ ജോലി ചെയ്യുന്നുണ്ട്. 10 -14 മണിക്കൂർ വരെ ഫുൾടൈം തൊഴിലാളികൾ ജോലി ചെയ്യണം. പാർട് ടെെമായി ജോലി ചെയ്യുന്നവരാവട്ടെ അഞ്ച് മുതൽ ഏഴ് മണിക്കൂർ വരെയും. പാർട് ടെെമായി ജോലി ചെയ്യുന്നവരിൽ പലരും വിദ്യാർത്ഥികളോ, മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ ആണ്. ഇവർക്ക് ഇൻസെൻറീവോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നുമില്ല.
അനിശ്ചിത കാല സമരം പിൻവലിച്ചത് മന്ത്രിയുടെ ഉറപ്പിൽ
കഴിഞ്ഞ ദിവസം ആരംഭിച്ച ഓൺലെെൻ ഭക്ഷണവിതരണ തൊഴിലാളികളുടെ അനിശ്ചിത കാല സമരം തൊഴിൽ മന്ത്രി വി.ശിവൻകുട്ടി ഇടപെടലിനെത്തുടർന്നാണ് പിൻവലിച്ചത്. തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി സ്വിഗി അധികൃതരുമായി ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചിരുന്നു. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി തൊഴിലാളി യൂണിയനുകൾ സംയുക്തമായാണ് സ്വിഗി ഫുഡ് ഡെലിവറി തൊഴിലാളികളുടെ സമരത്തിന് നേതൃത്വം നൽകിയത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇനിയും സമരരംഗത്തേക്കിറങ്ങാനാണ് തൊഴിലാളികളുടെ തീരുമാനം.
ആവശ്യങ്ങൾ
മിനിമം ചാർജ് 30 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്റിനും 10 രൂപ വീതവും കൂലി അനുവദിക്കണം
ഇൻസെന്റീവുകളും ബോണസുകളും കൃത്യമായി നൽകണം
ഫുൾടൈം ജോലി ചെയ്യുന്നവർക്ക് മിനിമം ഗാരണ്ടിയായി 1250 രൂപ നൽകണം
ലൊക്കേഷൻ മാപ്പിൽ കൃത്രിമം കാണിക്കുന്നത് അവസാനിപ്പിക്കണം.
പേ ഔട്ട് ചാർജ് പിൻവലിക്കണം.
'പി.എസ്.സി പരിശീലനത്തോടൊപ്പം പാർട് ടൈമായാണ് സ്വിഗിയിൽ ജോലി ചെയ്യുന്നത്. ഓർഡറുകൾക്കനുസരിച്ച് കൂലിയിൽ മാറ്റം വരാറുണ്ട്. ഏഴ് മണിക്കൂറോളം ജോലി ചെയ്യുന്ന ദിവസങ്ങളിലും ഇന്ധനചെലവുൾപ്പെടെ 500-600 രൂപയാണ് ലഭിക്കുന്നത്. ഇത് ഒരാവശ്യത്തിനും തികയാറില്ല.- എൻ.കെ ഹരി ( നഗരത്തിലെ സ്വിഗി ഓൺലൈൻ ഭക്ഷണ വിതരണ തൊഴിലാളി)