 
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് കുടുംബം. മെഡിക്കൽ കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനി കോട്ടയം കിടങ്ങൂർ സ്വദേശിനി ലക്ഷ്മി രാധാകൃഷ്ണനെ ചൊവ്വാഴ്ച ഉച്ചയോടെയാണ് താമസസ്ഥലത്തെ മുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ലക്ഷ്മിയുടെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഞായറാഴ്ച വൈകീട്ടാണ് ലക്ഷ്മി അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് മടങ്ങിയത്. ക്രിസ്മസ് അവധിക്ക് നാട്ടിലേക്ക് വരുമെന്ന് മരണപ്പെട്ടതിന്റെ തലേദിവസം വീട്ടുകാരുമായി ഫോണിൽ സംസാരിച്ചിരുന്നെന്നും, ലക്ഷ്മി ആത്മഹത്യചെയ്യാൻ യാതൊരു സാദ്ധ്യതയുമില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
വിദ്യാർത്ഥിനിയുടെ മുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു.ലക്ഷ്മിയുടെ മൊബൈൽഫോൺ മെഡിക്കൽ കോളേജ് പൊലീസിന്റെ കസ്റ്റഡിയിലാണ്. ലക്ഷ്മിയുടെ കൂടെ ഹോസ്റ്റലിൽ താമസിച്ചവരെയും, സുഹൃത്തുക്കളെയും, ബന്ധുക്കളെയും ചോദ്യം ചെയ്തുവരികയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി, നഴ്സിംഗ് കോളേജിലെ പൊതുദർശനത്തിനുശേഷം ഇന്നലെ ഉച്ചയോടെ മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോയി. തന്റെ മരണത്തിൽ ആരും ഉത്തരവാദികളല്ല എന്നുമാത്രമാണ് കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിലുള്ളതെന്നും അവരുടെ ഫോൺ പരിശോധിച്ചുവരികയാണെന്നും കേസ് അന്വേഷിക്കുന്ന മെഡിക്കൽകോളേജ് സി.ഐ.ബെന്നി ലാലു.എം.എൽ പറഞ്ഞു.