a
ആർ വി അബ്റഹിമാൻ

മേപ്പയ്യൂർ: തേങ്ങയുടെ ക്ഷാമംമൂലം ഉത്പാദനം പ്രതിസന്ധിയിലായി വെളിച്ചെണ്ണ മില്ലുകൾ. വ്യവസായവകുപ്പിൻെറ സംരംഭക പദ്ധതികളിലൂടെ കൊപ്രഡ്രയറുകളും വെളിച്ചെണ്ണ മില്ലുകളും നാട്ടിൻപുറങ്ങളിലടക്കം നിലവിൽ വന്നിരുന്നു. ഇത്തവണ വീട്ടാവശ്യത്തിന് പോലും തികയാത്ത വണ്ണം തേങ്ങ ഉദ്പാദനം കുറഞ്ഞു. മുൻപ് സംസ്ഥാനശരാശരി 100 ലധികമായിരുന്നു. എന്നാലിപ്പോൾ 50 - 60 തേങ്ങയാണ് കിട്ടുന്നതെന്നാണ് കർഷകർ പറയുന്നത്. ഉല്പാദനത്തിലെ കുറവ് മാത്രമല്ല, തേങ്ങകൾ ചെറുതും തൂക്കം കുറഞ്ഞവയുമായി മാറുന്നതും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. പിണ്ണാക്കാണ് മറ്റൊരു വരുമാനം. സാധാരണ കൊപ്രയ്ക്ക് 16,000 ൽ അധികമാണ് ഇപ്പോൾ വില. ഒരു കിലോഗ്രാം കൊപ്രയിൽ നിന്ന് ചക്കിലാട്ടിയാൽ 600 മില്ലി ഗ്രാമും എക്സ്പെല്ലറിലാണെങ്കിൽ 700 മില്ലിഗ്രാം വരെയും വെളിച്ചെണ്ണയാണ് ലഭിക്കുക. 300ഗ്രാം വരെ പിണ്ണാക്കും ലഭ്യമാകും. ഒരു കിലോഗ്രാം വെളിച്ചെണ്ണയെന്നാൽ ഒരു ലിറ്ററും 100 മില്ലി ലിറ്ററുമാണ്. കൊപ്ര വില കൂടിയിട്ടും വിളവ് കുറവായതിനാൽ കർഷകർക്ക് മെച്ചമില്ലാത്ത അവസ്ഥയാണ്. പച്ചത്തേങ്ങക്ക് ഉയർന്ന വില കിട്ടിയതിനാൽ കൊപ്രയും ഉണ്ടയുമാക്കാൻ കർഷകർ മെനക്കെട്ടില്ല. നാട്ടിൻപുറത്തെ മില്ലുകളിൽ കൊപ്ര ലഭിക്കാത്തതിനാൽ ചിലയിടത്ത് വെളിച്ചെണ്ണ ഉൽപാദനം നിർത്തിവച്ചിരിക്കുകയാണ്. പലയിടത്തും ഡ്രയറുകൾ പൂർണമായും പൂട്ടി.

പ്രശ്നങ്ങൾ
ഉയർന്ന ഉത്‌പാദനചെലവ്
ഗണ്യമായ ഉത്‌പാദനകുറവും ഗുണം കുറവും

കിട്ടിയിരുന്ന തേങ്ങയുടെ എണ്ണം നേർപകുതിയായി കുറഞ്ഞു
തേങ്ങയിടാനും കൊപ്രയാക്കുന്നതിനും ഉള്ള ഉയർന്ന വേതനച്ചെലവ് എന്നിങ്ങനെ ..

വേണം ഇവ

ഗ്രാമീണ നാളീകേരക‌ർഷക കൂട്ടായ്മകൾ ശക്തമാക്കൽ

കൃഷിയിടചെലവുകൾ കുറയ്ക്കുന്നതിനുള്ള സംവിധാനം

ത്രിതല പഞ്ചായത്ത് സംവിധാനത്തിലൂടെ നാളീകേര ഉല്പാദന പ്രോജക്ടുകൾ നടപ്പിലാക്കൽ.

തേങ്ങക്ക് ന്യായവില തൽസമയം ലഭ്യമാക്കൽ

കാലാവസ്ഥയിലെ വ്യതിയാനമാണ് ഉല്പാദനം കുറയാൻ കാരണം.ഇത് കർഷകർ മറ്റു രംഗങ്ങളിലേക്ക് മാറാനിടയാക്കി. കൃഷിഭവനുകളിൽ നാളീകേര കൃഷിക്ക് പ്രത്യേക സംവിധാനവും കൃഷി ശക്തിപ്പെടുത്താൻ ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതികളുംവേണം.

ആർ.വി അബ്റഹിമാൻ, സെക്രട്ടറി, കർഷകസംഘം മേപ്പയ്യൂർ മേഖല കമ്മിറ്റി,നാളീകേര ക‌ർഷകൻ

കൊപ്രലഭ്യതക്കുറവ് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. തേങ്ങ അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്ന ഡ്രയർ, മില്ലുകൾ മുതലായ സംരംഭകർ വൻ പ്രതിസന്ധിയിലാണ്. നാളികേര ഉൽപാദനംവലിയ സാമ്പത്തികനഷ്ടവും നേരിടുന്നു. ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സർക്കാർ തലത്തിൽ ഏതെങ്കിലും വിധത്തിലുള്ള സഹായങ്ങൾ സാമ്പത്തിക സഹായം ഉൾപ്പെടെ അനുവദിക്കേണ്ടത് അത്യാവശ്യമാണ്.

എം ഗോപാലൻ, കൊപ്ര ഡ്രയറും വെളിച്ചെണ്ണ മില്ലും നടത്തുന്ന നാളികേര കർഷകൻ, കൽപ്പത്തൂർ വായനശാല