img20241219
കച്ചവടക്കാർ കൈയടക്കിയ.മുക്കം നഗരത്തിലെ മാർക്കറ്റ് റോഡ്

മുക്കം: മുക്കം നഗരത്തിലെ പ്രധാന പൊതുറോഡുകൾ കൈയേറ്റക്കാരിൽ നിന്ന് മോചിപ്പിച്ച് സഞ്ചാര സൗകര്യമൊരുക്കാൻ

മന്ത്രിയുടെ ഇടപെടൽ സഹായിക്കുമോ എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. കഴിഞ്ഞ ഒമ്പതിന് കോഴിക്കോട് കോവൂരിലെ പി.കൃഷ്ണപിള്ള സ്മാരക ഹാളിൽ നടന്ന കോഴിക്കോട് താലൂക്ക്തല അദാലത്തിലാണ് (കരുതലും കൈത്താങ്ങും) മന്ത്രി മുഹമ്മദ് റിയാസിന് മുമ്പാകെ പരാതി എത്തിയത്. ഉടനെ നടപടി സ്വീകരിക്കാൻ പ്രാദേശിക ഭരണകൂടത്തിന് മന്ത്രി കർശന നിർദേശം നൽകി. മുക്കം നഗരത്തിലെ തിരക്കേറിയ മാർക്കറ്റ് റോഡിൻ്റെ മുഖ്യ ഭാഗം കച്ചവടക്കാർ കൈയേറി ഗതാഗതത്തിന് തടസമുണ്ടാക്കുന്നതിനെ കുറിച്ചുള്ള പരാതിയുമായാണ് മുക്കത്തെ ഒരു പരിസ്ഥിതി പ്രവർത്തകൻ അദാലത്തിൽ മന്ത്രിയെ സമീപിച്ചത്.

നവകേരള സദസിലും പരാതി നൽകിയിട്ടും

ഇതിനു മുമ്പ് നടന്ന തദ്ദേശ അദാലത്തിലും ഇതേ പരാതി പരിഗണിച്ചതാണ്. അന്നത്തെ പരാതിയിൽ പരിസ്ഥിതിപ്രവർത്തകന് നഗരസഭയിൽ നിന്ന് ലഭിച്ച മറുപടിയിൽ പൊതുറോഡിലെ കൈയേറ്റം പരിശോധിച്ച് ബോധ്യപ്പെട്ടെന്നും ഒഴിപ്പിക്കാൻ നടപടി സ്വീകരിച്ചു വരികയാണെന്നുമാണ് അറിയിച്ചത്. 30 ദിവസത്തിനകം റോഡ് കൈയേറ്റം ഒഴിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്നും മറുപടിയിൽ വ്യക്തമാക്കിയിരുന്നു. നഗരസഭസെക്രട്ടറി, ക്ലീൻ സിറ്റി മാനേജർ, ജില്ല ഭരണകൂടം എന്നിവർക്കെല്ലാം പരാതി നൽകിയിട്ടും പ്രയോജനം ലഭിക്കാത്തതിനെ തുടർന്ന് നവകേരള സദസിൽ മുഖ്യമന്ത്രി മുമ്പാകെയും പരാതി നൽകിയിരുന്നു. 2023 നവംബർ 26 ന് നൽകിയ പരാതിക്ക് മറുപടിയായി 2024 ജനുവരി അഞ്ചിന് മുക്കം നഗരസഭയിൽ നിന്ന് പരാതിക്കാരന് ലഭിച്ച അറിയിപ്പിൽ പറഞ്ഞത് 'പരിഹാര നപടികൾക്ക് ഹെൽത്ത്, റവന്യു, എൻജിനീയറിംഗ് വിഭാഗങ്ങളെ ഉൾപ്പെടുത്തി സ്ക്വാഡ് രൂപീകരിക്കുന്ന നടപടികൾ നടന്നുവരുന്നു' എന്നാണ്. എന്നാൽ ഇതുകൊണ്ടൊന്നും കൈയേറ്റം ഒഴിപ്പിക്കാൻ നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് പരാതിക്കാരൻ താലൂക്ക്തല അദാലത്തിൽ നേരിട്ടെത്തി പ്രശ്നം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയത്. കർശന നടപടിക്ക് നിർദ്ദേശിച്ച മന്ത്രിയോട് ഇന്നുവരെയാണ് തദ്ദേശ ഭരണാധികാരികൾ സാവകാശമാവശ്യപ്പെട്ടത്. നഗരസഭ കൗൺസിൽ യോഗം ചേർന്ന് തീരുമാനമെടുക്കാനാണ് ഇത്രയും സമയം ചോദിച്ചത്. സമയമവസാനിക്കുന്ന ഇന്നെങ്കിലും നടപടി ഉണ്ടാവുമോ എന്നാണ് പൊതുജനം ഉറ്റുനോക്കുന്നത്.