
കോഴിക്കോട്: 1965ൽ 'മുറപ്പെണ്ണിന്റെ" തിരക്കഥയിലൂടെ സിനിമയിലേക്കെത്തിയ എം.ടിക്ക് എല്ലാമെല്ലാമായിരുന്നു സംവിധായകൻ ഹരിഹരൻ. ഇരുവരുടേയും കൂട്ടുകെട്ടിൽ പിറന്ന സിനിമകൾ മലയാളികൾ നെഞ്ചേറ്റി. അത്രമേൽ വൈകാരികവും ആത്മാർത്ഥവും അവിസ്മരണീയവുമായിരുന്നു അവ. മലയാളത്തിൽ തിരക്കഥാസാഹിത്യം എന്ന ശാഖയ്‌ക്കു തുടക്കമാകുന്നതും എം.ടിയിലൂടെയായിരുന്നു.
എം.ടിയുടെ മനസറിഞ്ഞ സംവിധായകനും പ്രിയ സുഹൃത്തുമായിരുന്നു ഹരിഹരൻ. എം.ടി മനസിലുള്ള സിനിമയെ ഹരിഹരൻ അഭ്രപാളിയിലെത്തിച്ചു. എം.ടിയുടെ തിരക്കഥയ്‌ക്കായി മറ്രുള്ളവർ കാത്തിരിക്കുമ്പോൾ ഹരിഹരൻ അവയെ സിനിമകളാക്കി. എം.ടിയുടെ 11 തിരക്കഥകളാണ് ഹരിഹരൻ സിനിമയാക്കിയത്.
ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, വളർത്തുമൃഗങ്ങൾ, പഞ്ചാഗ്നി, നഖക്ഷതങ്ങൾ, അമൃതംഗമയ, ആരണ്യകം, ഒരു വടക്കൻ വീരഗാഥ, പരിണയം, എന്ന് സ്വന്തം ജാനകിക്കുട്ടിക്ക്, പഴശിരാജ, ഏഴാമത്തെ വരവ് എന്നീ സിനിമകളെല്ലാം ജനം ചേർത്തുപിടിച്ചു. താൻ എം.ടിയുടെ വലിയ ആരാധകനാണെന്ന് ഹരിഹരൻ മുമ്പ് പറഞ്ഞിട്ടുണ്ട്. ആ ആരാധനയിലാണ് ഓരോ സിനിമയും പിറന്നത്.
അതിശയകരമായ സുഹൃത്ത് ബന്ധമായിരുന്നു ഇരുവരും തമ്മിൽ. സിനിമ ചെയ്യുമ്പോൾ ഇരുവർക്കുമിടയിൽ ഈഗോയ്ക്ക് സ്ഥാനമില്ല. ഒരുമിച്ച് സിനിമ ചെയ്യാൻ നിർദ്ദേശിച്ചത് ടി. ദാമോദരനായിരുന്നു. ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച എന്ന ചിത്രത്തിലൂടെയാണ് ഇവർ ഒരുമിച്ചത്. ഒരുപോലെ ചിന്തിക്കുന്നതുകൊണ്ടാവാം, ഞങ്ങൾ തമ്മിൽ വീണ്ടും വീണ്ടും സിനിമകൾ ചെയ്തതെന്നാണ് ഹരിഹരൻ പറയാറുള്ളത്. പരസ്‌പരം ചർച്ച ചെയ്യുമ്പോൾ പുതിയ ആശയങ്ങൾ രൂപപ്പെട്ടു. പിന്നീട് ഹരിഹരൻ - എം.ടി ടീം കൂട്ടുകെട്ട് ജനത്തെ ആവേശത്തിലാക്കി. അധികം ബഹളമുണ്ടാക്കാതെ ആസ്വാദകരെ തിയേറ്ററിലിരുത്തുന്ന മാജിക്കായിരുന്നു എം.ടിയുടേത്.