
കോഴിക്കോട്: ഏറെ തിരക്കുള്ള മനുഷ്യനാണെന്ന പരമാർത്ഥം മനസിലാക്കിയാണ് കലാമണ്ഡലം സരസ്വതി ടീച്ചർ എം.ടിയെന്ന സാഹിത്യകുലപതിയുടെ ജീവിതത്തിന്റെ പടിചവിട്ടുന്നത്. സദാസമയവും മൗനം തിങ്ങി നിറഞ്ഞ അദ്ദേഹത്തെ മനസിലാക്കിയെടുക്കുന്നത് തുടക്കത്തിൽ ടീച്ചറെ ഏറെ പ്രയാസപ്പെടുത്തിയിരുന്നു. എന്നാൽ അദ്ദേഹത്തെ കൂടുതൽ അടുത്തറിഞ്ഞതോടെ പിന്നീടുള്ള യാത്ര ഏറെ സന്തോഷം നൽകുന്നതായി.
''ആവശ്യങ്ങൾ ഒന്നും തന്നെ അവിടെനിന്ന് ശഠിച്ചുവാങ്ങേണ്ടതില്ല. സങ്കൽപ്പിക്കാൻ പോലും പറ്റാത്ത കാര്യങ്ങൾ കൂടി എനിക്കായി കണ്ടറിഞ്ഞ് ചെയ്തുതന്നിട്ടുണ്ട്. ഒന്നും അങ്ങോട്ട് പറയേണ്ടതില്ല. ജീവിതം സന്തോഷകരമായിത്തീർന്നു""- 'സാരസ്വതം" എന്ന പുസ്തകത്തിൽ സരസ്വതി ടീച്ചർ പറയുന്നു.
വിവാഹാലോചനയുമായി കുണ്ടൂപ്പറമ്പ് ശ്രീധരൻ മാസ്റ്ററാണ് അന്ന് വന്നത്. എല്ലാവരും എന്നോട് പറഞ്ഞത് നന്നായി ആലോചിച്ച് തീരുമാനമെടുക്കാനായിരുന്നു. അങ്ങനെതന്നെ തീരുമാനമെടുത്തു. പക്ഷേ രണ്ട് കാര്യത്തിൽ വിട്ടുവീഴ്ചയില്ലായിരുന്നു. എം.ടിയുടെ തറവാട്ടുക്ഷേത്രമായ കൊടിക്കുന്നത്ത് ഭഗവതിയുടെ സമക്ഷത്തിലാവണം വിവാഹം. എം.ടിയുടെ തറവാട്ടിൽ അദ്ദേഹത്തിന്റെ കൈ പിടിച്ച് കയറണം. പറ്റുമെങ്കിൽ അന്നത്തെ ഒരൂണ് അവിടെനിന്ന് തരണം. എന്റെ ആവശ്യം ശ്രീധരൻ മാസ്റ്ററെ അറിയിച്ചു. എം.ടിയുടെ മറുപടി വൈകാതെ തന്നെ വന്നു: 'അങ്ങനെയാവുന്നതിൽ വിരോധമില്ല". ഞാൻ എം.ടിയുടെ തുടർജീവിതത്തിലേക്ക് പങ്കാളിയായി വരുന്നുവെങ്കിൽ അത് അദ്ദേഹത്തിന്റെ സഹോദരങ്ങളും വളരെ വേണ്ടപ്പെട്ടവരായ ബന്ധുക്കളും തീർച്ചയായും അറിഞ്ഞിരിക്കണമെന്നും അവർക്ക് ഞാൻ സ്വീകാര്യയായിരിക്കണമെന്നും എനിക്ക് നിർബന്ധമുണ്ടായിരുന്നു.
എം.ടിയുടെ മുഖം നോക്കി ഒന്നും തന്നെ വായിച്ചെടുക്കാൻ സാധിക്കില്ലെന്ന് കല്യാണം കഴിഞ്ഞ പിറ്റേ ദിവസം തന്നെ മനസിലായി. എം.ടിയോടൊപ്പം ഭക്ഷണം കഴിക്കുമ്പോൾ പാത്രങ്ങൾ പോലും നിശബ്ദമായിരുന്നു. മുന്നിൽക്കൊണ്ട് വച്ചിരിക്കുന്ന വിഭവങ്ങളൊന്നും അദ്ദേഹം കണ്ടിരുന്നില്ല. ആലോചന, അതാണ് എം.ടിയോടൊപ്പം നടക്കുന്ന മറ്രൊരാൾ. എപ്പോഴും ആലോചനയിലാണ്. ചുറ്രും നടക്കുന്നതിനെക്കുറിച്ച് പലപ്പോഴും ഗൗനിക്കാതെയുള്ള ആലോചന. അങ്ങനെ എം.ടിക്കൊപ്പം കഴിക്കുന്നത് ടീച്ചർ നിറുത്തുകയും കൂടെ നിന്ന് വിഭവങ്ങളുടെ പേരെടുത്ത് പറഞ്ഞ് വിളമ്പിക്കൊടുക്കുകയും ചെയ്തു തുടങ്ങി. കഴിപ്പ് നിറുത്തിയാൽ വേണം എന്നർത്ഥം. അത് മനസിലാക്കി കൂടുതൽ വിളമ്പി. വറുത്ത മീനിനോട് എം.ടിക്ക് വലിയ പ്രിയമാണ്. ആണ്ടിനും സംക്രാന്തിക്കുമെന്ന പോലെ ചിലപ്പോൾ എം.ടി ഏതെങ്കിലും വിഭവത്തിന്റെ പേര് പറയും. അപ്പോൾ ഉറപ്പിക്കാം ആലോചന മുഴുവൻ പോയിട്ടില്ലെന്ന്. സദാസമയവും മിണ്ടിക്കൊണ്ടിരുന്ന എനിക്ക് 'സിത്താര"യിലെ മൗനം ശ്വാസം മുട്ടിച്ചു. എം.ടിയെ സംസാരിപ്പിക്കാനായി പലതും ചെയ്തു. പതിയെ എം.ടി തിരിച്ച് മറുപടി പറയാൻ തുടങ്ങി. അത് ബന്ധുക്കളെക്കുറിച്ചായിരുന്നു. എം.ടി ഏറ്രവും സന്തോഷവാനായി കണ്ടത് ബന്ധുക്കളെക്കുറിച്ച് പറയുമ്പോഴാണ്. എം.ടിക്കൊപ്പമുള്ള ആ യാത്രകളാണ് ഞാൻ ജീവിതത്തിൽ ഏറെ ആസ്വദിച്ചിട്ടുള്ളത്. സരസ്വതി ടീച്ചർ പുസ്തകത്തിൽ കുറിച്ചു.