കൊയിലാണ്ടി: ന്യൂയർ ക്രിസ്മസ് ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ വാറ്റ് കേന്ദ്രത്തിൽ എക്സൈസ് റെയിഡ് ശക്തമാക്കി. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മൂന്നു തവണകളായി ആയിരം ലിറ്റർ വാഷാണ് കണ്ടെത്തി നശിപ്പിച്ചത്. കീഴരിയൂർ പഞ്ചായത്തിലെ ഇയ്യാലോൽ കോയിത്തുമ്മൽ പ്രദേശങ്ങളാണ് വാറ്റ് കേന്ദ്രങ്ങളായി മാറിയത്.

വാറ്റുകാർ നാട്ടിൽ വില്പന നടത്തുന്നതോടൊപ്പം സമീപപ്രദേശങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നുണ്ട്. വിവാഹം, ഗൃഹവേശം, ഉത്സവം തുടങ്ങിയ ആവശ്യങ്ങൾക്ക് വാറ്റുകാരെയാണ് പലരും ആശ്രയിക്കാറ്. വീര്യം കൂടിയ 750 മില്ലിക്ക് 700 രൂപയാണ് വില. വിലക്കുറവും വീര്യവുമാണ് വാറ്റുചാരായത്തിലേക്ക് ആളുകളെ ആകർഷിക്കുന്നത്. ആഘോഷങ്ങൾ വരുന്നതോടെ വലിയ അളവിലാണ് ചാരായം നിർമ്മാണം നടക്കുന്നത്. ആവശ്യമായ നിർമ്മാണവസ്തുക്കൾ വലിയ അളവിൽ ശേഖരിച്ച് വച്ചിരിക്കയാണെന്നാണ് നാട്ടുകാർ പറയുന്നത്. ജാഗ്രതാ സമിതികളും റസിഡൻസ് അസോസിയേഷനുകളും ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ സജീവമായി ഇടപെട്ട് തുടങ്ങിയിട്ടുണ്ട്. നാട്ടുകാരിൽ നിന്ന് പരാതി ലഭിക്കുമ്പോൾ ഉടൻ തന്നെ എക്സൈസ് റെയിഡ് നടത്താറുണ്ടെന്നും നാട്ടുകാർ പറഞ്ഞു.