 
കോഴിക്കോട്; സ്ഥിരം അദ്ധ്യാപകരും ലാബ് സൗകര്യങ്ങളുമില്ല, വെസ്റ്റ് ഹിൽ പോളിടെക്നിക് കോളേജിലെ കേൾവി പരിമിതരായ കമ്പ്യൂട്ടർ എൻജിനിയറിംഗ് വിദ്യാർത്ഥികളുടെ പഠനം അവതാളത്തിൽ. ഭിന്നശേഷി വിഭാഗത്തിൽപെട്ട കുട്ടികൾക്ക് 1: 7 എന്നതാണ് അദ്ധ്യാപക -വിദ്യാർത്ഥി അനുപാതം എന്നിരിക്കെ 50 വിദ്യാർത്ഥികൾ പഠിക്കുന്ന ഡിപ്പാർട്ടുമെന്റിൽ ആകെയുള്ളത് മൂന്ന് അദ്ധ്യാപകരും ഒരു കമ്പ്യൂട്ടർ ലാബും. 2012 ലാണ് വെസ്റ്റ് ഹിൽ പോളിടെക്നിക് കോളേജിൽ കമ്പ്യൂട്ടർ എൻനിയറിംഗ് വിഭാഗത്തിൽ കേൾവി പരിമിതർക്കായി ബാച്ച് ആരംഭിക്കുന്നത്. സംസ്ഥാനത്ത് മൂന്ന് പോളിടെക്നിക് കോളേജുകളിലാണ് കേൾവി പരിമിതർക്ക് പ്രത്യേക പഠന സൗകര്യമുള്ളത്. എറണാകുളം കളമശ്ശേരിയിലും, തിരുവനന്തപുരം കെെമനത്തുമാണ് മറ്റ് സെന്ററുകൾ. ഈ രണ്ട് സെന്ററുകളിലുള്ളതിനേക്കാൾ കുട്ടികൾ വെസ്റ്റ് ഹിൽ പോളിടെക്നിക് കോളേജിലുണ്ട്. ആദ്യഘട്ടത്തിൽ അദ്ധ്യാപകർക്ക് ആംഗ്യഭാഷ പരിശീലനം നൽകിയിരുന്നെങ്കിലും പിന്നീട് അതും നിലച്ചു. 2021 ലാണ് ഒരു സ്ഥിര അദ്ധ്യാപികയെ നിയമിക്കുന്നത്. കോഴ്സ് തുടങ്ങി 12 വർഷമായിട്ടും സ്ഥിര അദ്ധ്യാപകർ രണ്ടുപേർ മാത്രം.
ആവശ്യങ്ങൾ
കേൾവി പരിമിതർക്കായി അധിക ബാച്ച് അനുവദിക്കണം
കൂടുതൽ ലാബ് സൗകര്യങ്ങൾ തയ്യാറാക്കണം.
താത്കാലിക അദ്ധ്യാപകരുടെ കാലാവധി അഞ്ച് വർഷമാക്കണം
അദ്ധ്യാപകർക്ക് ആംഗ്യഭാഷാ പരിശീലനം നൽകണം
'' പോളിടെക്നികിൽ അധിക ബാച്ച് അനുവദിക്കാനും കൂടുതൽ അദ്ധ്യാപകരെ അനുവദിക്കാനും ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ എഡ്യുക്കേഷനിൽ അപേക്ഷ നൽകിയിട്ടും ഇതുവരെ തീരുമാനമൊന്നും ആയില്ല. നിലവിലെ ലാബ് സൗകര്യം പരിമിതമാണ്.
-സന്ധ്യ (അദ്ധ്യാപിക, വെസ്റ്റ് ഹിൽ പോളിടെക്നിക് കേൾവി പരിമിതരുടെ വിഭാഗം)