h

കോഴിക്കോട്: ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ കൊടുവള്ളി ഓൺലെെൻ യൂട്യൂബ് ചാനൽ എം.എസ് സൊല്യൂഷൻസ് ഉടമ ഷുഹൈബ് ചോർത്തിയെന്ന് ക്രെെംബ്രാഞ്ച് കണ്ടെത്തൽ. സ്ഥാപനത്തിനെതിരെ തട്ടിപ്പ്, വിശ്വാസവഞ്ചന ഉൾപ്പെടെ ഏഴ് വകുപ്പുകൾ ചുമത്തി കേസെടുത്തു.

ഷുഹൈബിനെയും മറ്റ് ജീവനക്കാരെയും നോട്ടീസ് നൽകി ചോദ്യം ചെയ്യാൻ ഉടനെ വിളിപ്പിക്കുമെന്ന് ക്രെെംബ്രാഞ്ച് എസ്.പി കെ.മൊയ്തീൻകുട്ടി പറഞ്ഞു. എം.എസ് സൊല്യൂഷൻസിനൊപ്പം ചോദ്യങ്ങൾ പ്രവചിച്ച മറ്റു സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളുടെ പ്രവർത്തനവും പരിശോധിക്കും.

ഓൺലൈൻ സ്ഥാപനങ്ങളുമായി സഹകരിക്കുന്ന അദ്ധ്യാപകരുടെ മൊഴിയെടുക്കും. അദ്ധ്യാപകരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഓൺലൈൻ സെന്ററുകൾക്കായി ചില എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകർ ചോദ്യങ്ങൾ തയ്യാറാക്കി നൽകുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതും അന്വേഷിക്കും.

അതേസമയം,​ ചോദ്യപ്പേപ്പർ ചോർന്നിട്ടുണ്ടെങ്കിൽ കൃത്യമായ അന്വേഷണം ആവശ്യമാണെന്നും പ്രതികൾ ശിക്ഷിക്കപ്പെടണമെന്നും സെെലം ഡയറക്ടർ ലിജീഷ് കുമാർ പറഞ്ഞു. അന്വേഷണത്തിനൊപ്പമാണ് സെെലം ഗ്രൂപ്പ്. പൊതുവിദ്യാഭ്യാസ മേഖലയെ പിന്തുണച്ചാണ് സെെലം പ്രവർത്തിക്കുന്നത്. സെെലത്തിന്റെ പേര് ചേർത്ത് പ്രശസ്തരാവാൻ വേണ്ടിയാണ് ചിലർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിലക്കിയ അദ്ധ്യാപകനെ

കൊല്ലുമെന്ന് ഭീഷണി

എം.എസ് സൊല്യൂഷൻസിന്റെ ചോദ്യപേപ്പർ മാത്രം നോക്കി പഠിക്കരുതെന്ന് വിദ്യാർത്ഥികളോട് പറഞ്ഞ അദ്ധ്യാപകൻ അബ്ദുൽ ഹക്കീമിനെ ഷുഹൈബ് ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ പുറത്തുവന്നു. വീട്ടിൽ കയറി കൊല്ലുമെന്നാണ് ഭീഷണി. അസഭ്യവും പറയുന്നുണ്ട്. ഓണപ്പരീക്ഷാ സമയത്തെ വീഡിയോയാണ് പുറത്തുവന്നത്. കൊടുവള്ളി പൊലീസിൽ പരാതി നൽകിയെന്നും ഇനി ആവർത്തിക്കില്ലെന്ന് പറഞ്ഞതിനാൽ ഷുഹൈബിനെ താക്കീത് നൽകി വിട്ടെന്നും അദ്ധ്യാപകൻ പറഞ്ഞു.