mt-vasudevan-nair

കോഴിക്കോട്: മലയാളകഥയ്ക്ക് കാല്പനികയുഗം സമ്മാനിച്ച എം.ടി. വാസുദേവൻനായർ കാലാതീതനായി. നോവൽ സാഹിത്യത്തിനും സിനിമയ്ക്കും നിളാനദിയുടെ കുളിർമയും നിത്യജീവിതത്തിന്റെ വൈവിദ്ധ്യകാന്തിയും പകർന്ന എം.ടിക്ക് സഹൃദയലോകം കണ്ണീരോടെ വിടനൽകി. ജീവിതത്തിന്റെ സൗന്ദര്യഭാവങ്ങൾക്കൊപ്പം പരുക്കൻ യാഥാർത്ഥ്യങ്ങളും ആവിഷ്‌കരിച്ച എം.ടിക്ക് 91 വയസായിരുന്നു.

ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ ഭൗതികദേഹം അഗ്നി ഏറ്റുവാങ്ങി. സംസ്ഥാന സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. 10 ദിവസമായി ഹൃദയസംബന്ധമായ അസുഖത്തെതുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ക്രിസ്മസ് ദിനത്തിൽ രാത്രി 10നാണ് പ്രിയപ്പെട്ട എം.ടി നിത്യസ്മരണയായത്.ബുധനാഴ്ച രാത്രി 11.30തോടെ മൃതദേഹം കോഴിക്കോട്ടെ നടക്കാവ് കൊട്ടാരം റോഡിൽ മൂത്തമകളുടെ പേരിലുള്ള 'സിത്താര"യിലേക്ക് കൊണ്ടുവന്നു. സാഹിത്യ-സിനിമ ലോകത്തെ പ്രമുഖരും ആരാധകരും അവിടേക്ക് ഒഴുകിയെത്തി. വൈകിട്ട് നാലരയോടെ സിത്താരയിൽ നിന്നെടുത്ത മൃതദേഹം 4.43 ന് മാവൂർ റോഡിലെ സ്മൃതിപദം ശ്മശാനത്തിലെത്തിച്ചു. ഔദ്യോഗിക ബഹുമതികളോടെ ഗാർഡ് ഓഫ് ഓണർ നൽകി. എം.ടിയുടെ ജ്യേഷ്ഠന്റെ മകൻ ടി. സതീഷ് ചിതയ്ക്ക് തീ പകർന്നു. മകൾ അശ്വതി ഉൾപ്പെടെയുള്ള ബന്ധുക്കൾ ആചാരകർമ്മങ്ങൾ അനുഷ്ഠിച്ചു. പുതുതായി തയ്യാറാക്കിയ വാതക ശ്മശാനത്തിലെ ആദ്യ സംസ്‌കാരവും കഥാകാരന്റേതായി.

1993 ജനുവരി 23 മുതൽ തുഞ്ചൻ സ്മാരക സമിതി അദ്ധ്യക്ഷനായി പ്രവർത്തിച്ചുവരികയായിരുന്നു. കേരള സാഹിത്യ അക്കാഡമി പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. എം.ബി കോളേജിൽ സഹ അദ്ധ്യാപികയും പിന്നീട് കോഴിക്കോട് സെന്റ് വിൻസെന്റ് സ്‌കൂളിൽ അദ്ധ്യാപികയുമായിരുന്ന പ്രമീളയാണ് ആദ്യ ഭാര്യ. പിന്നീട് നർത്തകി കലാമണ്ഡലം സരസ്വതിയെ വിവാഹം കഴിച്ചു. സിതാര (ജോൺസൺ ആൻഡ് ജോൺസൺ, യു.എസ്), അശ്വതി (നർത്തകി) എന്നിവർ മക്കൾ. മരുമകൻ: സഞ്ജയ് ഗിർമെ (യു.എസ്), ശ്രീകാന്ത് (നർത്തകൻ). സഹോദരങ്ങൾ: ഗോവിന്ദൻ നായർ, നാരായണൻ നായർ, പരേതനായ ബാലകൃഷ്ണൻ നായർ. പേരക്കുട്ടി മാധവ് (അശ്വതിയുടെ മകൻ).

ഇന്നു കൂടി ദുഃഖാചരണം

അദ്ദേഹത്തോടുള്ള ആദര സൂചകമായി സർക്കാർ പ്രഖ്യാപിച്ച രണ്ടു ദിവസത്തെ ദുഃഖാചരണം ഇന്നു കൂടി തുടരുമെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ അറിയിച്ചു. സർക്കാരിന്റെ എല്ലാ പരിപാടികളും ഇന്നലെയും മാറ്റിയിരുന്നു.

നിറകണ്ണുകളോടെ വിട

ജ്ഞാനപീഠവും പദ്മഭൂഷണും ഉൾപ്പെടെയുള്ള ബഹുമതികൾ നേടിയ കഥാകാരന് നിറകണ്ണുകളോടെയാണ് സംവിധായകൻ ഹരിഹരൻ ഉൾപ്പെടെയുള്ള സിനിമാപ്രവർത്തകരും ആരാധകരും വിടനൽകിയത്. മരണാനന്തരം ആഘോഷങ്ങളൊന്നും വേണ്ടെന്നായിരുന്നു എം.ടിയുടെ നിലപാട്. അതിനാൽ ടൗൺഹാളിൽ ഉൾപ്പെടെയുള്ള പൊതുദർശനം ഒഴിവാക്കിയിരുന്നു. നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകൻ, നാടകകൃത്ത്, അദ്ധ്യാപകൻ, പത്രാധിപർ, സാമൂഹ്യപ്രവർത്തകൻ തുടങ്ങി സമഗ്ര മണ്ഡലങ്ങളിലും വിളങ്ങിയ പ്രതിഭയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ എന്ന എം.ടി. വാസുദേവൻ നായർ. അസുലഭസിദ്ധിയാർന്ന തൂലികയാൽ മലയാളകഥയ്ക്ക് നവീന ഭാവുകത്വം പകർന്ന എം.ടിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ, നടൻ മോഹൻലാൽ തുടങ്ങി പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു.

കണക്കദ്ധ്യാപകനായി തുടക്കം

1933 ജൂലായ് 15നാണ് പൊന്നാനി താലൂക്കിലെ കൂടല്ലൂരിൽ മാടത്ത് തെക്കേപ്പാട്ട് വീട്ടിൽ മാടത്ത് തെക്കേപ്പാട്ട് വാസുദേവൻനായർ ജനിച്ചത്. അച്ഛൻ: ടി.നാരായണൻ നായർ. അമ്മ: അമ്മാളുഅമ്മ. മലമക്കാവ് എലിമെന്ററി സ്‌കൂളിലും കുമരനെല്ലൂർ ഹൈസ്‌കൂളിലും പാലക്കാട് വിക്‌ടോറിയ കോളേജിലും വിദ്യാഭ്യാസം. വിക്‌ടോറിയ കോളേജിൽ നിന്ന് കെമിസ്ട്രിയിൽ ബി.എസ്‌സി ബിരുദം നേടിയ ശേഷം പട്ടാമ്പി, ചാവക്കാട് ഹൈസ്‌കൂളുകളിലും പാലക്കാട്ട് എം.ബി ട്യൂട്ടോറിയൽസിലും അദ്ധ്യാപകനായി. കണക്കാണ് പഠിപ്പിച്ചിരുന്നത്. ഇതിനിടെ തളിപ്പറമ്പിൽ ഗ്രാമസേവകന്റെ ഉദ്യോഗം കിട്ടിയെങ്കിലും ഉപേക്ഷിച്ചു. 1956ൽ മാതൃഭൂമി ആഴ്ചപതിപ്പിൽ ജൂനിയർ എഡിറ്ററായി കോഴിക്കോട്ടേക്ക് സ്ഥിര താമസമാക്കി. മുഖ്യപത്രാധിപരായിരുന്ന എൻ.വി. കൃഷ്ണവാര്യർ 1968ൽ സ്ഥാനമൊഴിഞ്ഞപ്പോൾ എം.ടി മുഖ്യപത്രാധിപരായി. 1981 വരെ ആ പദവിയിൽ തുടർന്നു. ഒരിടവേളയ്ക്കുശേഷം 1989ൽ മാതൃഭൂമി പീരിയോഡിക്കൽസിന്റെ എഡിറ്ററായി. 1999ൽ വിരമിച്ചു.