saji
എം.​ടി​യ്ക്ക് ​മ​ന്ത്രി​ ​സ​ജി​ ​ചെ​റി​യാ​ൻ​ ​അ​ന്ത്യോ​പ​ചാ​രം​ ​അ​ർ​പ്പി​ക്കു​ന്നു. മന്ത്രി പി.എ.മുഹമ്മദ് റിയാസ് സമീപം

കോഴിക്കോട്: അക്ഷരങ്ങളുടെ മാന്ത്രികതയുമായി മാനാഞ്ചിറയെയും മിഠായിത്തെരുവിനെയും വിസ്മയിപ്പിച്ച ആ കാലൊച്ചകൾ ഇനിയില്ല. പിറന്ന നാടായ കൂടല്ലൂരിലെ വിട്ട് കോഴിക്കോടിന്റെ ശ്വാസത്തിൽ അലിഞ്ഞു ചേർന്ന എം.ടി ഇനി ഓർമ്മകളിൽ സ്പന്ദനമാകും. പന്ത്രണ്ടാമത്തെ വയസിൽ അച്ഛൻ നാരായണൻ നായരുടെ കെെപിടിച്ച് കോഴിക്കോട്ടെത്തിയ എം.ടി അതുവരെ കേട്ടറിഞ്ഞ നാട് സ്വന്തമാണെന്ന് നിശ്ചയിക്കുകയായിരുന്നു. മണികിലുക്കിയോടുന്ന കുതിരവണ്ടികൾ, നിറയെ കാഴ്ചകൾ നിറഞ്ഞ നഗരം.... പാലക്കാട്ടെ കുഗ്രാമത്തിൽ നിന്നെത്തിയ കൊച്ചു പയ്യന്റെ മനസിൽ കൗതുകത്തിന്റെ വേരുകൾ പടർത്താൻ അതുമതിയായിരുന്നു.

കാഴ്ചകൾ കൺകുളിർക്കെ കണ്ടു തീരാതെയായിരുന്നു അന്നത്തെ മടക്കം. പിന്നീട് തൊഴിൽ തേടിയും മറ്റും പല തവണ കോഴിക്കോട്ടെത്തി. 1956-ൽ മാതൃഭൂമിയിൽ ജോലി കിട്ടിയതോടെ കോഴിക്കോട് എം.ടിയുടെ സ്വന്തം തട്ടകമായി മാറി. എം.ടിയെന്ന രണ്ടക്ഷരം മലയാളിയുടെ ആരാധന പാത്രമായത് ഈ നഗരത്തിന്റെ പല കോണുകളിലിരുന്നാണ്. കൂടല്ലൂരിൽ നിന്ന് എം.ടി എഴുതുമായിരുന്നെങ്കിലും എഴുത്തിന്റെ മണ്ണും വിണ്ണും കോഴിക്കോടായിരുന്നു. മാനാഞ്ചിറയും മിഠായിത്തെരുവും കോഴിക്കോട് കടൽത്തീരവും അദ്ദേഹത്ത സ്വാതന്ത്ര്യത്തോടെ വരവേറ്റു.

എം.ടി കോഴിക്കോട്ടെത്തുന്ന സമയം എസ്.കെ. പൊറ്റെക്കാട്ടും വൈക്കം മുഹമ്മദ് ബഷീറും തിക്കോടിയനും ഉറൂബും എൻ.പി. മുഹമ്മദും സാഹിത്യ നക്ഷത്രങ്ങളായി മിന്നിനിൽക്കുന്ന സമയമായിരുന്നു. അവരോടൊപ്പം എം.ടിയും കൂട്ടുചേർന്നു.

ചാലപ്പുറത്തെ ഒരു ലോഡ്ജ് മുറിയിൽ താമസിച്ചായിരുന്നു എം.ടിയുടെ ആദ്യകാല പത്രപ്രവർത്തനം. വൈകാതെ ആനിഹാൾ റോഡിലെ ഒരു വീടിന്റെ മുകൾനിലയിലേക്ക് മാറി. മൂന്ന് വർഷം അവിടെ. ഇരുട്ടിന്റെ ആത്മാവിന്റെ പിറവി അവിടെയായിരുന്നു. സാഹിത്യ ലോകത്തെ എം.ടിയുടെ ആദ്യ ചങ്ങാതി എൻ.പി.മുഹമ്മദായിരുന്നു. മിഠായിത്തെരുവിലെ ലക്കി ഹോട്ടലിൽ നിന്ന് ചായകുടിയ്ക്കിടെയുണ്ടായ സൗഹൃദം ഒന്നിച്ചുള്ള യാത്രയായി. ഞായറാഴ്ചകളിൽ തിയറ്ററിൽ സ്ഥിരം സാന്നിദ്ധ്യമായിരുന്നു ഇരുവരും. വൈകുന്നേരങ്ങളിൽ ആകാശവാണിയിലെത്തി അക്കിത്തം, തിക്കോടിയൻ, ഉറൂബ്, കെ.എ. കൊടുങ്ങല്ലൂർ എന്നിവരുമായി വർത്തമാനം പറഞ്ഞിരിക്കൽ. പിന്നെ രുചികരമായ ഭക്ഷണം തേടി ബോംബെ ഹോട്ടൽ, മോഡേൺ ഹോട്ടൽ, കോർട്ട്റോഡിലെ വീറ്റ് ഹൗസ്, കല്ലായി റോഡിലെ കോമള വിലാസ് ഹോട്ടൽ, ഇപ്പോഴത്തെ ഇംപീരിയൽ ഹോട്ടലിനു കുറച്ചപ്പുറത്ത് ഉണ്ടായിരുന്ന പാരീസ് ഹോട്ടൽ, ബീച്ച് ഹോട്ടൽ എന്നിവിടങ്ങളിലെല്ലാം സാഹിത്യസംഘമെത്തി.

എം.ടിയും ബഷീറും തമ്മിൽ വല്ലാത്തൊരു ആത്മബന്ധമായിരുന്നു. ബഷീറിന് ഇംഗ്ലീഷ് പുസ്തകം എത്തിക്കുന്നതും എം.ടി തന്നെ.സുൽത്താന്റെ പ്രിയപ്പെട്ട നൂലൻ വാസു'വും ‘നൂൽ മാസ്റ്ററു'മായിരുന്നു എം.ടി.

വീട്ടിൽ നിന്നെഴുതുന്ന പതിവ് കുറവായതിനാൽ നഗരത്തിലെ പല ഹോട്ടലുകളും എം.ടിയുടെ എഴുത്തിന് സക്ഷിയായി. ആനിഹാളിന്റെ എതിർവശത്ത് ഉണ്ടായിരുന്ന രത്നഗിരി ഹോട്ടലിൽ മുറിയെടുത്താണ് നിർമാല്യം, ഓളവും തീരവും എഴുതിയത്. ബീച്ചിലെ ഹോട്ടൽ സീക്വീനിൽ മുറിയെടുത്ത് താഴ്‌വാരം, സദയം എന്നിവയുടെ തിരക്കഥ പൂർത്തിയാക്കി. ഹോട്ടൽ കാലിക്കറ്റ് ടവേഴ്സിലും താമസിച്ചിട്ടുണ്ട്. നീലത്താമരയുടെ റീമേക്ക് എഴുതിയതു വീടിനു തൊട്ടടുത്തുള്ള ഈസ്റ്റ് അവന്യൂ ഹോട്ടലിലിരുന്നാണ്. പഴശ്ശിരാജയുടെ തിരക്കഥയുടെ കുറെ ഭാഗങ്ങളും ഇവിടെ നിന്നെഴുതി. അങ്ങനെ നീളുന്നു എംടിയുടെ ലോകം, തന്നെ തിരിച്ചറിഞ്ഞ നഗരം എന്നാണ് എം.ടി കോഴിക്കോടിനെ വിളിച്ചിരുന്നത്. അത്രയധികം എം.ടി ഓരോ മനുഷ്യരിലും ആഴ്ന്നിറങ്ങിയിരുന്നു. എം.ടിയില്ലാത്ത സാഹിത്യ ചർച്ചകളും അരങ്ങുകളും കോഴിക്കോട്ട് ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം. അസുഖ ബാധിതനായിരുന്നിട്ടും എം.ടിയുടെ സാന്നിദ്ധ്യം വേദികൾ കൊതിച്ചു. എം.ടിയില്ലെങ്കിൽ പൂർണതയില്ലെന്ന തോന്നൽ. പ്രിയ എഴുത്തുകാരാ ഇനി നിങ്ങൾക്ക് വിശ്രമിക്കാം.... ഈ നഗരം നിങ്ങളെ മറക്കില്ല.