mt
എം.ടി

മര വ്യവസായത്തിനും രുചി വെെവിദ്ധ്യങ്ങൾക്കും പേരുകേട്ട സാമൂതിരിയുടെ മണ്ണിനെ സർഗാത്മകതയുടെ ഭൂമിയാക്കിയതിൽ എം.ടി എന്ന രണ്ടക്ഷരത്തിൻ്റെ പങ്ക് വലുതാണ്. യുനസ്കോ അംഗീകരിച്ച സാഹിത്യ നഗരമായി കോഴിക്കോട് മാറിയപ്പോഴും ആ അംഗീകാരത്തിന് പിന്നിലും എം. ടി എന്ന രണ്ടക്ഷരമുണ്ട്. കൂടല്ലൂരിൻ്റെ നിലയ്ക്കാത്ത കഥകളെ ഉള്ളിലൊതുക്കിയ മാടത്ത് തെക്കേപ്പാട്ട് വീട്ടിലെ വാസു എന്ന യുവാവ് എം.ടി വാസുദേവൻ നായരെന്ന ഇതിഹാസം ചിറകുവിരിച്ചത് കോഴിക്കോടിൻ്റെ മണ്ണിലാണ്. കോഴിക്കോട്ടുകാരനായി എം.ടി ജീവിച്ചത് സാർത്ഥകമായ 67 വർഷങ്ങൾ. പന്ത്രണ്ടാം വയസിൽ അച്ഛൻറെ കെെ പിടിച്ച് ആദ്യമായി കോഴിക്കോടെത്തിയ എം.പി മടക്കമില്ലാ ത്ത തിരിച്ചുവരവ് ഉണ്ടാകുമെന്ന് ഉറപ്പിച്ചതുപോലെയായിരുന്നു കൂടല്ലൂരിലേക്കുള്ള തിരിച്ചു യാത്ര. അത്രകണ്ട് കോഴിക്കോടും ഇവിടുത്തെ മനുഷ്യരും കാഴ്ചകളും എം.ടിയെ സ്വാധീനിച്ചിരുന്നു.1956ൽ ജോലി കിട്ടി കോഴിക്കോട്ടേക്ക് രണ്ടാമൂഴം. എസ്.കെയും, ബഷീറും, ഉറൂബും, എൻ.പി യും, തിക്കോടിയനും, എൻ.എൻ. കക്കാടും നിറഞ്ഞു നിന്ന കോഴിക്കോട് പതിയെ എം.ടിയുടെ കൂടെ കോഴിക്കോടായി. നഗരം വളർന്നതോടൊപ്പം എം.ടിയും സാഹിത്യലോകത്ത് പടർന്നു പന്തലിച്ചു. എം.ടി കോഴിക്കോടിന് സ്വന്തമായി. കോഴിക്കോട്ടുകാരുടെ സ്വകാര്യ അഹങ്കാരമായി.

എം.ടിയുടെ അക്ഷരങ്ങളെ അറിഞ്ഞവർ നിളാ നദി വഴിമാറിയൊഴുകിയ കോഴിക്കോട് കൊട്ടാരം റോഡിലെ 'സിത്താര' യിലുമെത്തി. പതിയെ കോഴിക്കോട്ടെ സാഹിത്യ, സിനിമാ ചർച്ചകളുടെ വേദിയായി 'സിത്താര' മാറി. ആ ചർച്ചകളിൽ പിറവിയെടുത്ത എത്രയെത്ര സിനിമകൾ, കഥകൾ. എം.ടി വീട്ടിലുണ്ടെങ്കിൽ അറിയുന്നതും അറിയാത്തതുമായ നിരവധിപേർ ദിനംപ്രതി സന്ദർശകരായി. കത്തുകൾ ഫോൺ കോളുകളിലേക്ക് മാറിയിട്ടും സിത്താരയിലേക്ക് മുടങ്ങാതെ കത്തുകളെത്തി. കോഴിക്കോട് എത്തിയപ്പോൾ ആദ്യം പരിചയപ്പെട്ട എഴുത്തുകാരൻ എൻ.പി മുഹമ്മദ് ആണ്. അന്നു മുതലുള്ള ആത്മബന്ധവും സാഹിത്യ ചർച്ചകളും അറബിപ്പൊന്നിൻ്റെ പിറവിയിലേക്ക് നയിച്ചു. കൂടല്ലൂരിൽ നിന്നാണ് തനിക്കു കൂടുതൽ കഥകൾക്കുമുള്ള വിഭവങ്ങൾ കിട്ടിയതെങ്കിലും നഗരജീവിതവും എഴുത്തിന് വിഷയമായിട്ടുണ്ടെന്ന് എം.ടി ഒരിക്കൽ പറയുകയുണ്ടായി.

സ്വയം വളർന്നതിനൊപ്പം കഴിവുള്ള ഒരുപിടി എഴുത്തുകാരുടെ വളർച്ചയ്ക്കും എം.ടി കാരണക്കാരനായി. 'അഗ്നി സാക്ഷി' ക്ക് പിന്നിൽ എം.ടി യുടെ നിരന്തരമായ പ്രോത്സാഹനമാണെന്ന് ലളിതാംബിക അന്തർജനം കുറിച്ചിരുന്നു. സാഹിത്യനഗരമായി കോഴിക്കോടുമാറിയ തിന്റെ സൃഷ്ടാവും സാക്ഷിയുമായി എം.ടി കോഴിക്കോട് ജീവിച്ചു. കോഴിക്കോടെത്ര മാറിയാലും എം.ടിയുണ്ടാവും കാലത്തിന് സാക്ഷിയായി.