കോഴിക്കോട്: റോഡപകടങ്ങൾ തുടർക്കഥയാകുമ്പോൾ പരിശോധന കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ ജില്ലയിൽ വിവിധ ഇടങ്ങളിലായി നടത്തിയ പരിശോധനകളിൽ കണ്ടെത്തിയത് 750 ഓളം നിയമലംഘനങ്ങൾ. നിയമ ലംഘനങ്ങൾ നടത്തിയതിനു മൂന്ന് ദിവസം കൊണ്ട് 20 ലക്ഷം രൂപയോളം പിഴ ഈടാക്കി. സ്ഥിരമായി അപകടങ്ങൾ നടക്കുന്ന ബ്ലാക്ക് സ്‌പോട്ടുകളിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. സംസ്ഥാനത്ത് അപകടങ്ങൾ ക്രമാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അപകടങ്ങൾ കുറക്കുക, ഡ്രൈവർമാർക്ക് ബോധവത്കരണം നടത്തുക എന്നീ ലക്ഷ്യത്തോടെ ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ നിർദേശപ്രകാരമാണ് പൊലീസും, മോട്ടോർ വാഹന വകുപ്പും ചേർന്ന് സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്. അന്യ സംസ്ഥാന വാഹനങ്ങളിൽ ആവശ്യമായ രേഖകൾ ഇല്ലാതെയും നികുതി അടക്കാത്തതുമായ നിരവധി വാഹനങ്ങളും മറ്റും പരിശോധനയിൽ കണ്ടെത്തി. സ്പീഡ് ഗവർണർ അഴിച്ചിട്ടതും ജി.പി.എസ് പ്രവർത്തിപ്പിക്കാത്തതും ഫിറ്റ്‌നസ് ഇല്ലാത്തതുമായ വാഹനങ്ങൾക്കെതിരെയും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഗുരുതരമായ നിയമലംഘനം നടത്തിയ ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയുകയും നിയമാനുസൃത വാഹനം ഓടിക്കുന്നതിൽ കൂടുതൽ പ്രായോഗിക പരിശീലനം നേടുന്നതിനായി എടപ്പാളിലുള്ള മോട്ടോർ വാഹന വകുപ്പിന്റെ ഐ.ഡി.ടി.ആർ എന്ന സ്ഥാപനത്തിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന കൂടുതൽ വിപുലീകരിച്ച് നടത്തുന്നതാണെന്നും പിടികൂടുന്ന നിയമ ലംഘനങ്ങൾക്കെതിരെ കർശനനടപടികൾ സ്വീകരിക്കുന്നതാണെന്നുംകോഴിക്കോട് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ നസീർ പി.എ , റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ (എൻഫോഴ്‌സ്‌മെന്റ്) സന്തോഷ് കുമാർ എന്നിവർ അറിയിച്ചു.

പ്രധാനമായി കണ്ടെത്തിയ നിയമ ലംഘനങ്ങൾ

ഹെൽമെറ്റ് ഉപയോഗിക്കാതിരിക്കുക

ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുക

അമിതവേഗത, അശ്രദ്ധമായ ഡ്രൈവിംഗ്

ഇരുചക്ര വാഹനങ്ങളിൽ രണ്ടിലധികംപേർ സഞ്ചരിക്കുക

വാഹനങ്ങളിൽ അനധികൃത രൂപ മാറ്റം വരുത്തുക

ബസ്സുകളുടെ മത്സരയോട്ടം

മദ്യപിച്ച് വാഹനം ഓടിക്കൽ