image-
കൈപ്പുറത്തു പാലത്തിന് സമീപം ആർ.ആർ.എഫ് കേന്ദ്രം പണിയുന്ന സ്ഥലം

കോഴിക്കോട്: കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ കാരണം ഇനി ബുദ്ധിമുട്ടേണ്ട. ശാസ്ത്രീയ മാലിന്യ സംസ്കരണത്തിന് വേഗം കൂട്ടാനായി കോർപ്പറേഷൻ പരിധിയിൽ കൂടുതൽ ആർ.ആർ.എഫ് (റിസോഴ്സ് റിക്കവറി ഫെസിലിറ്റി) കേന്ദ്രങ്ങൾ സജ്ജമാക്കുന്നു. പുത്തൂർ വാർഡിൽ കെെപ്പുറത്ത് പാലത്തിനു സമീപം കോർപ്പറേഷൻ്റെ കീഴിലുള്ള ഇരുപത് സെൻ്റ് സ്ഥലത്താണ് കെട്ടിടം ഒരുക്കുന്നത്. എം.സി.എഫിൽ മാലിന്യങ്ങൾ നിറയുന്നതനുസരിച്ച് ഇവിടുത്തെ യൂണിറ്റിൽ എത്തിക്കും. ഇവിടെ നിന്ന് ഇവ റീസെെക്ലിംഗ് കേന്ദ്രത്തിലേക്ക് കൊണ്ടുപോകും. 2025 മാർച്ചോടെ കേന്ദ്രത്തിൻ്റെ പണി പൂർത്തിയാക്കി മാലിന്യ സംഭരണം ആരംഭിക്കാനാണ് ശ്രമിക്കുന്നതെന്ന് വാർഡ് കൗൺസിലർ വി.പി മനോജ് പറഞ്ഞു. നിലവിൽ വെസ്റ്റ് ഹില്ലിലും എരവത്തുകുന്നിലുമാണ് ആർ.ആർ.എഫ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.

ആർ.ആർ.എഫ്

കോർപ്പറേഷൻ നഗരത്തിൽ വിവിധയിടങ്ങളിലായി സ്ഥാപിച്ച എം.സി.എഫ് (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) യിൽ ശേഖരിക്കുന്ന അജെെവ മാലിന്യങ്ങൾ വേർതിരിച്ച്, റീസെെക്ലിംഗിന് മുൻപ് സൂക്ഷിക്കാനുള്ള സംഭരണ കേന്ദ്രമാണ് ആർ.ആർ.എഫ്.

തയ്യാറാകുന്നത് ഒരു കോടിരൂപയുടെ പദ്ധതി

ഒരു കോടി രൂപയുടെ പദ്ധതിയിലുൾപ്പെടുത്തി കെെപ്പുറത്തുപാലത്തും, നെല്ലിക്കോടുമാണ് ആധുനിക സൗകര്യങ്ങളോടെ അജെെവ മാലിന്യങ്ങളുടെ സംഭരണ കേന്ദ്രം തയ്യാറാക്കുന്നത്. സംഭരണ കേന്ദ്രത്തോട് ചേർന്ന് ഉദ്യാനവും ഇരിപ്പിടങ്ങളും തയ്യാറാക്കുന്നുണ്ട്.

പൂർണമായും ശാസ്ത്രീയമായ മാലിന്യ സംസ്കരണമാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. പ്രദേശവാസികൾക്ക് യാതൊരു ബുദ്ധിമുട്ടും സൃഷ്ടിക്കാത്ത രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഈ യൂണിറ്റിൽ എത്തിക്കുന്ന മാലിന്യങ്ങൾ കൃത്യമായി നീക്കം ചെയ്യാൻ കരാറുകാരെയും ഏർപ്പെടുത്തിയിട്ടുണ്ട്.

വി.പി മനോജ് ( വാർഡ് കൗൺസിലർ, പുത്തൂർ)