
കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ആരോപണ വിധേയരായ കൊടുവള്ളി ഓൺലെെൻ യൂട്യൂബ് ചാനൽ എം.എസ് സൊല്യൂഷൻസ് സി.ഇ.ഒ എം.ഷുഹൈബ് മുൻകൂർ ജാമ്യാപേക്ഷ നൽകി. കോഴിക്കോട് ജില്ലാ കോടതിയിലാണ് മുൻകൂർ ജാമ്യത്തിനായി അപേക്ഷ നൽകിയത്. ഷുഹൈബിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് നീക്കമാരംഭിച്ചതിന് പിന്നാലെയാണ് കോടതിയെ സമീപിച്ചത്.
ചോദ്യപേപ്പർ ചോർത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനത്തിനെതിരെ തട്ടിപ്പ്, വിശ്വാസ വഞ്ചന ഉൾപ്പെടെ ഏഴ് വകുപ്പുകൾ ചുമത്തി ക്രെെംബ്രാഞ്ച് കേസെടുത്തിരുന്നു. ഇയാളുടെ സ്ഥാപനത്തിലും വീട്ടിലും പരിശോധന നടത്തുകയും ലാപ് ടോപും മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഹാർഡ് ഡിസ്ക് ഉൾപ്പെടെയുള്ളവ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. എം.എസ് സൊല്യൂഷൻസിൽ ക്ലാസെടുത്തിരുന്ന അദ്ധ്യപകരെയും ജീവനക്കാരെയും ചോദ്യം ചെയ്യും. ചോദ്യപേപ്പർ ചോർത്താൻ പ്രതിക്ക് വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സൂചന അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഷുഹെെബിനെ ചോദ്യം ചെയ്യൽ ഉടനുണ്ടാകുമെന്നാണ് സൂചന.
ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ്
അസോ.: ഹർജി തള്ളി
കൊച്ചി: നിലവിലെ ഭരണസമിതിയെ നീക്കി ഭരണനിർവഹണത്തിന് സ്കീം രൂപീകരിക്കാൻ എറണാകുളം ജില്ലാ കോടതിയിൽ അപേക്ഷ നൽകാൻ കളക്ടറെ ചുമതലപ്പെടുത്തിയ സർക്കാർ ഉത്തരവിനെതിരെ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ (കേരള) നൽകിയ ഹർജി ഹൈക്കോടതി തള്ളി. അപേക്ഷ ഫയൽ ചെയ്യാൻ കളക്ടറെ ചുമതലപ്പെടുത്തിയതിൽ അപാകതയില്ലെന്ന് ജസ്റ്റിസ് വി.ജി. അരുൺ വിലയിരുത്തി. അസോസിയേഷൻ അംഗമായ എൻ. മനോജാണ് ഹർജി നൽകിയത്.
ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ക്രമക്കേട് നടത്തിയെന്ന പരാതിയിൽ ജില്ലാ രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ടിൽ രണ്ടു മാസത്തിനുള്ളിൽ തീരുമാനമെടുക്കാൻ
സർക്കാരിനു നേരത്തേ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. തുടർന്നാണ് സ്യൂട്ട് നൽകാൻ കളക്ടറെ ചുമതലപ്പെടുത്തിയത്. ഉത്തരവ് റദ്ദാക്കണമെന്നും തങ്ങളുടെ ഭാഗംകൂടി കേട്ട് വിഷയം വീണ്ടും പരിഗണിക്കാൻ സർക്കാരിനു നിർദ്ദേശം നൽകണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.