കോഴിക്കോട്: സർക്കാരിന്റെ വിവിധ പദ്ധതികളും കർശനമായ നിയമങ്ങളും ബോധവത്ക്കരണവും തുണയാകുന്നു.
ജില്ലയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് വൻ കുറവ്. കഴിഞ്ഞ വർഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ സിറ്റി പരിധിയിൽ മാത്രം കുറഞ്ഞത് 487 കേസുകളാണെന്ന് ക്രെെം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 2023 ൽ 1266 കേസുകൾ രജിസ്റ്റർ ചെയ്തു. ഈ വർഷം നവംബർ വരെ രജിസ്റ്റർ ചെയ്തത് 779 കേസുകൾ. മാനസീക,ശാരീരിക പീഡനം, തട്ടിക്കൊണ്ടുപോകൽ, ഭർതൃ വീട്ടിലെ അതിക്രമങ്ങൾ തുടങ്ങിയ വകുപ്പുകളിലാണ് പ്രധാനമായും പരാതികൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കോഴിക്കോട് റൂറൽ പരിധിയിലെ മുഴുവൻ കണക്കുകളും ക്രെെം റെക്കോർഡ്സ് ബ്യൂറോയുടെ വെബ്സെെറ്റിൽ ലഭ്യമല്ല. 2024 ഏപ്രിൽ വരെയുള്ള കണക്ക് പ്രകാരം 166 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സിറ്റി പരിധിയിലും റൂറലിലും 2022 നെ അപേക്ഷിച്ച് 2023 ൽ കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിരുന്നു. പൊലീസിൻ്റെ കൃത്യമായ ബോധവത്ക്കരണവും പരിശോധനയും സ്ത്രീകൾക്കെതിരായ അക്രമങ്ങളിൽ കുറവുണ്ടാകാൻ കാരണമായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
എന്നാൽ 2023 നെ അപേക്ഷിച്ച് 2024 ലിൽ പീഡന കേസുകളുടെ എണ്ണത്തിൽ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 2023 ൽ സിറ്റി പരിധിയിൽ 44 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. 2024 ൽ 94 ലായി ഉയർന്നു.
ജില്ലയിലെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ കണക്കുകൾ
കോഴിക്കോട് സിറ്റി
വർഷം കേസ്
2021 290
2022 1051
2023 1266
2024 779
കോഴിക്കോട് റൂറൽ
വർഷം കേസ്
2021 809
2022 884
2023 959
2024 166 ( 2024 ഏപ്രിൽ വരെയുള്ള കണക്ക് )
സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ പൊലീസും സജ്ജമാണ്. എന്ത് പരാതിയുണ്ടെങ്കിലും പൊലീസിൽ അറിയിക്കുക എന്നതാണ് പ്രധാനം.
അബ്ദുൾ വഹാബ് ( അഡീഷണൽ സൂപ്രണ്ട്, കോഴിക്കോട് സിറ്റി പൊലീസ് )