ബേപ്പൂർ : ചാലിയാറിൽ ചീർപ്പ് പാലത്തിന് സമീപം ഉപേക്ഷിച്ച നിലയിലുള്ള ഉരു മത്സ്യ തൊഴിലാളികൾക്ക് ഭീഷണിയാകുന്നു. ഉരുവിന്റെ എതിർവശത്തായി ഒരു മര ബോട്ടും ചാലിയാറിൽ താഴ്ന്ന നിലയിലാണ്. 20 മീറ്റർ മാത്രം വീതിയുള്ള ചാലിയാറിന്റെ ഈ ഭാഗത്തെ സിംഹഭാഗവും ഈ രണ്ട് യാനങ്ങളും കയ്യടക്കിയതിനാൽ കോഴിത്തിരുത്തിക്ക് സമീപത്തുകൂടി ചീർപ്പ് പാലത്തിന് സമീപം നങ്കൂരമിടാൻ വരുന്ന ചെറുകിട ബോട്ടുകൾ ദുരിതത്തിലാണ് . യാനങ്ങൾക്ക് സമീപം ഒഴുക്ക് തടസ്സപ്പെട്ടതിനെ തുടർന്ന് മണൽ തിട്ടകളും രൂപപ്പെട്ടിട്ടുണ്ട്. ലക്ഷദ്വീപിലേക്ക് ചരക്കുമായി സർവ്വീസ് നടത്തിയിരുന്ന കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിയുടെ ഉടമസ്ഥതയിലുളള്ളതാണ് 150 അടിയോളം നീളവും 30 അടി വീതിയുമുള്ള ഭീമൻ ഉരു. കാല പ്പഴക്കത്താൽ ഉരുവിന്റെ അടിഭാഗത്ത് വിള്ളൽ വീണതിനെ തുടർന്ന് വെള്ളം കയറിയതാണ് ഉരു ഉപയോഗശൂന്യമാകാൻ കാരണം. ഉരുവിലെ എഞ്ചിനിലും മറ്റ് യന്ത്രഭാഗങ്ങളിലും വെള്ളം കയറിയ നിലയിലാണ് . 3 വർഷത്തോളമായി ഉരുവും ബോട്ടും ഉപേക്ഷിച്ച നിലയിൽ കാണുന്നുണ്ടെന്നാണ് പരിസവാസികൾ പറയുന്നത്. ചാലിയാറിലെ ഒഴുക്ക് പൂർണ്ണമായും തടസ്സപ്പെടുത്തിയാണ് 2 യാനങ്ങളും നിലകൊള്ളുന്നത്. ഉരുവിന്റെ റജിസ്ട്രേഷൻ റദ്ദാക്കി ഉടൻ തന്നെ ചാലിയാറിൽ നിന്നും പൊളിച്ച് നീക്കം ചെയ്യണമെന്ന് പോർട്ട് ഓഫീസർ ഹരി അച്ചുതവാര്യർ ഉടമയെ അറിയിച്ചിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട യാനങ്ങളാൽ നിറഞ്ഞിരിക്കുകയാണ് ചാലിയാറിന്റെ തീരങ്ങൾ . രാത്രികാലങ്ങളിൽ ഉപേക്ഷിച്ച നിലയിലുള്ള ഉരുവിന് സമീപത്തായി ചെറുതോണികളിലായി പരിചയമില്ലാത്തവരെ കാണാറുണ്ടെന്ന് പരിസരവാസികൾ പറയുന്നു. ഉടൻ തന്നെ ഈ ഭാഗത്തുനിന്നും ഉരുവും മുങ്ങിയ മര ബോട്ടും നീക്കം ചെയ്ത് ചാലിയാറിന്റെ ഒഴുക്ക് സുഗമമാക്കണമെന്നാണ് സമീപത്തെ പൂഴി തൊഴിലാളികളും പറയുന്നത്.