നാദാപുരം: നാദാപുരത്ത് സംസ്ഥാന പാതയിൽ റോഡിൽ പലയിടത്തും ചതിക്കുഴികളാണ്. കല്ലാച്ചിക്കും നാദാപുരത്തിനുമിടയിൽ പലയിടങ്ങളിലും റോഡ് പൊട്ടിപ്പൊളിഞ്ഞ സ്ഥിതിയിലാണ്. നാദാപുരം ഗവ. ആശുപത്രി പരിസരത്തുള്ള കുഴിയാണ് ഏറെ അപകടകരം. സംസ്ഥാനപാതയിലെ കുഴികളിൽ വീണ് പരിക്ക് പറ്റുന്ന ബൈക്ക് യാത്രികരുടെ എണ്ണം ദിനം പ്രതി കൂടിക്കൊണ്ടിരിക്കുന്നു. പലയിടങ്ങളിലും കുടിവെള്ള പൈപ്പുകൾ പൊട്ടി രൂപപ്പെടുന്ന ചെറു കുഴികൾ വൻ ഗർത്തങ്ങളായി മാറുകയാണ്. കുഴികളിൽ പൈപ്പ് പൊട്ടി വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുഴികളുടെ ആഴം യാത്രക്കാർക്ക് മനസിലാകാറില്ല. ഇതും അപകടം ഗുരുതരമാവാൻ കാരണമാകുന്നുണ്ട്. കുഴികളിൽ വീണുള്ള അപകടം പതിവായതോടെ നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ ഭരണസമിതി അംഗങ്ങൾ പുറമേരി വാട്ടർ അതോറിറ്റി ഓഫിസിന് മുമ്പിൽ കുത്തിയിരിപ്പ് സമരം വരെ നടത്തിയിരുന്നെങ്കിലും പരിഹാരം ഉണ്ടായില്ല. കുഴിക്ക് വയസ്സ് കൂടിവരുന്നതിനനുസരിച്ച് വലുപ്പവും കൂടി വരികയാണ്. ഇടുങ്ങിയ റോഡായതിനാൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്. ഗതാഗതക്കുരുക്കിൽ അകപ്പെടുന്ന ബസുകൾ പിന്നീട് സമയക്രമം പാലിക്കാൻ അമിത വേഗതയിൽ സഞ്ചരിക്കുന്നതും അപകടങ്ങൾക്കിടയാക്കുന്നു. ശീലമായിപ്പോയതിനാൽ ആരുമിപ്പോൾ പരാതിപറയാറില്ല. കുഴിയിൽ വീണ് കയ്യൊടിഞ്ഞും നടുവൊടിഞ്ഞും കിടക്കുന്നവർ ഏറെയുണ്ടാവും. അവർസംഘടിതരല്ല എന്നത് മാത്രമാണ് അധികൃതർക്ക് ആശ്വാസം.