ds
ക്രിസ്‌മസിനോടനുബന്ധിച്ച് കോഴിക്കോട് മിഠായിത്തെരുവിൽ അനുഭവപ്പെട്ട തിരക്ക്

കോഴിക്കോട്: തിരുപ്പിറവിയുടെ സന്ദേശവുമായി ക്രിസ്മസ് കാലം എത്തിയതോടെ നാടും നഗരവും ആഘോഷത്തിമിർപ്പിൽ. എല്ലായിടങ്ങളിലും മിന്നി തെളിയുന്ന വ്യത്യസ്തങ്ങളായ അലങ്കാര ബൾബുകളും നക്ഷത്രങ്ങളും. തെരുവിലും കടകളിലും സൂപ്പർമാർക്കറ്റുകളിലും എല്ലാം ക്രിസ്മസ് ആവേശമായി. സ്‌കൂളുകൾക്കും മറ്റും ക്രിസ്മസ് അവധി ആരംഭിച്ചതോടെ സകുടുംബം നഗരത്തിലേക്കെത്തുകയാണ്. മിഠായി തെരുവിലും പരിസരത്തുമെല്ലാം വലിയ ജനതിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. മാനാഞ്ചിറയിലെ ന്യൂ ഇയർ ലൈറ്റ് ഷോ കൂടി ആരംഭിച്ചതോടെ നഗരത്തിൽ ഇനിയും തിരക്ക് വർദ്ധിക്കും.

സജീവമായി ക്രിസ്മസ് വിപണി
പുൽക്കൂടൊരുക്കാനുള്ള സാധനങ്ങൾക്കാണ് ഇപ്പോൾ ആവശ്യക്കാരേറെ. 350 രൂപ മുതൽ 2000 ത്തിലേറെ രൂപ വരെയുള്ള പുൽക്കൂടുകൾ വിപണിയിൽ ലഭ്യമാണ്. വൈക്കോലും കാർഡ്‌ബോർഡും ഉപയോഗിച്ച് നിർമിക്കുന്ന പുൽക്കൂടുകൾക്ക് 350 രൂപ മുതലാണ് വില. എന്നാൽ നിർമാണ വസ്തുക്കൾ പ്ലൈവുഡിലേക്കും മറ്റും മാറുന്നതോടെ വില 2000 ത്തിനു മുകളിലാകും. പുൽക്കൂടുകൾക്കൊപ്പം അവയിൽ വയ്ക്കാനുള്ള രൂപങ്ങളും ക്രിസ്മസ് വിപണിയിൽ ഇടം പിടിച്ചുകഴിഞ്ഞു. ഏറ്റവും ചെറിയ രൂപങ്ങൾ അടങ്ങിയ സെറ്റിന് 350 രൂപയാണ് വില. തുണിക്കടകളിലും , മറ്റ് വ്യാപാര സ്ഥാപനങ്ങളിലും ക്രിസ്മസ് പുതുവത്സര ഓഫറുകൾ കൂടി വന്നതോടെ കച്ചവടവും പൊടിപൊടിക്കുകയാണ്. വെള്ളയും, ചുവപ്പും നിറങ്ങളിലുള്ള വസ്ത്രങ്ങൾക്കാണ് ആവശ്യക്കാരധികവും.

മധുരിക്കും കേക്ക് വിപണി

ക്രിസ്മസ് തൊപ്പിയും അലങ്കാര സാമഗ്രികളും കേക്കുമെല്ലാം വിപണിയിൽ സജീവമായിട്ടുണ്ട്. പരമ്പരാഗത രുചിക്കൂട്ടുകൾ മുതൽ പുത്തൻ തലമുറ രുചിക്കൂട്ടുകളുമായുള്ള ഷുഗർ ഫ്രീ കേക്കുകൾ വരെ വിപണിയിലുണ്ട്. ക്രീം കേക്കുകളേക്കാൾ പ്ലം കേക്കുകൾക്കാണ് ആവശ്യക്കാരേറെയുള്ളത്.

ഫുട്പാത്ത് വിപണികളും

ക്രിസ്മസ് പ്രമാണിച്ച് മാനാഞ്ചിറയിലും മിഠായിത്തെരുവിലുമെല്ലാം വഴിയോര കച്ചവടക്കാരും ധാരാളമെത്തിയിട്ടുണ്ട്. കച്ചവടക്കാർ മലയാളികൾ മാത്രമല്ല. അന്യ സംസ്ഥാനക്കാരായ കച്ചവടക്കാരും ഇവിടങ്ങളിൽ ധാരാളമെത്തുന്നുണ്ട്. ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് എത്തിയ ഈ കച്ചവടക്കാർ മറ്റ് കടകളിലേക്കാൾ കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ ലഭ്യമാക്കിയാണ് ആവശ്യക്കാരെ കടകളിലേക്ക് ആകർഷിക്കുന്നത്.