കോഴിക്കോട്: കേൾക്കാതിരിക്കണ്ട. കേൾവി പരിമിതർക്കും ജോലി ഉറപ്പാണ്,കോഴിക്കോട് വെസ്റ്റ്ഹിൽ പോളിടെക്‌നിക്കിൽ. കഴിഞ്ഞ മൂന്ന് വർഷമായി നൂറുശതമാനം പ്ലേസ്‌മെന്റുമായി മുന്നേറുകയാണ് കോഴിക്കോട് വെസ്റ്റ്ഹിൽ പോളിടെക്‌നിക്കിലെ കേൾവി പരിമിതരുടെ വിഭാഗം. 2012ലാണ് ഇവിടെ കമ്പ്യൂട്ടർ എൻജിനിയറിംഗ് വിഭാഗത്തിന് കീഴിൽ കേൾവി പരിമിതർക്കായി ബാച്ച് തുടങ്ങുന്നത്.
ലാറ്ററൽ എൻട്രി ഉൾപ്പെടെ 17 സീറ്റുകളാണ് ഒരു ബാച്ചിലുള്ളത്. ബാച്ച് ആരംഭിച്ചപ്പോൾ മുതൽ എല്ലാ സീറ്റിലേക്കും കുട്ടികൾ എത്തിയിരുന്നു. എന്നാൽ കോഴ്‌സ് പൂർത്തിയാക്കിയ കുട്ടികൾക്ക് ജോലി ലഭിക്കാത്തതും പ്രതിസന്ധിയായി. കേൾവി പരിമിതരായവരെ ജോലിക്കെടുക്കാനുള്ള കമ്പനികളുടെ വിമുഖതയായിരുന്നു കാരണം. പിന്നീട് ഇവിടുത്തെ അദ്ധ്യാപകർ പരിഹാരത്തിനായി മുന്നിട്ടിറങ്ങുകയായിരുന്നു. പല പ്രമുഖ കമ്പനികളെയും ബന്ധപ്പെട്ടു. ഒടുവിൽ എൻ.ടി.ടി.എഫ് എന്ന സ്ഥാപനം കുട്ടികൾക്ക് സൗജന്യമായി തൊഴിൽ പരിശീലനം നൽകാനായി രംഗത്തെത്തി. പിന്നീട് കോളേജിൽ നടന്ന പ്ലേസ്‌മെന്റ് പ്രോഗ്രാമിൽ മുഴുവൻ കുട്ടികൾക്കും രാജ്യത്തെ തന്നെ പ്രമുഖ സ്ഥാപനങ്ങളിൽ ജോലി ലഭിച്ചു.
2022 മുതൽ ഈ ബാച്ച് കോളേജിൽ 'സൈൻ അപ്പ്' എന്ന പേരിൽ ടെക്‌നിക്കൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നുണ്ട്. മറ്റു കുട്ടികളെപോലെ തന്നെ നല്ല രീതിയിൽ ജോലി ചെയ്യാൻ തങ്ങൾക്കും സാധിക്കുമെന്ന് ഇവർ തെളിയിച്ചതോടെ കൂടുതൽ അവസരങ്ങളും ഇവരെ തേടിയെത്തി. കോളേജിലെ എല്ലാ പരിപാടികളിലും ഇവരുടെ പൂർണ പങ്കാളിത്തം ഉറപ്പാക്കാൻ അദ്ധ്യാപകരും ശ്രദ്ധിക്കുന്നുണ്ട്. 2012ലെ ആദ്യബാച്ചിലെ വിദ്യാർത്ഥിയായ അനസ് റഹ്മാൻ ഇന്ന് ഇതേ വിഭാഗത്തിൽ കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട അദ്ധ്യാപകനാണ്. ഇപ്പോൾ ഓരോ വർഷവും ഇവിടെ സീറ്റിനായുള്ള ആവശ്യക്കാരും കൂടി വരുന്നുണ്ട്.
കോളേജിന്റെ പ്ലേസ്‌മെന്റ് സെല്ലും, എൻ.ടി.ടി.എഫ് പോലുള്ള സംഘടനകളുടെയും സഹായമാണ് ഈ വിജയങ്ങൾക്ക് പിന്നിൽ. സീറ്റുകൾ പരിമിതമായതിനാൽ പല കുട്ടികളും അഡ്മിഷൻ ലഭിക്കാതെ മടങ്ങിപ്പോകുന്നുണ്ട്. ഒരു ബാച്ച് കൂടി അനുവദിക്കാൻ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിട്ടുണ്ട്.
-സന്ധ്യ
(അദ്ധ്യാപിക,വെസ്റ്റ് ഹിൽ പോളിടെക്‌നിക്,
കേൾവി പരിമിതരുടെ വിഭാഗം)