hhh
ബേ​ൺ​സ് ​ഐ.​സി.​യു

ചെലവ് 2 കോടി

കോഴിക്കോട് : പൊള്ളലേറ്റവർക്ക് മികച്ച ചികിത്സ നൽകി ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ നൂതന സംവിധാനങ്ങളോടു കൂടിയ ബേൺസ് യൂണിറ്റിന്റെ നിർമ്മാണം മെഡി.കോളേജിൽ ആരംഭിച്ചു. നേരത്തെ പ്ളാസ്റ്റിക് വിഭാഗം പ്രവർത്തിച്ചിരുന്ന വാർ‌ഡ് 25 വിപുലപ്പെടുത്തിയാണ് ബേൺസ് യൂണിറ്റ് നിർമ്മിക്കുന്നത്. ഒക്ടോബറിൽ ആരംഭിച്ച നിർമ്മാണപ്രവർത്തനങ്ങൾ എത്രയും പെട്ടന്ന് പൂർത്തിയാക്കി അടുത്ത വർഷം യൂണിറ്റ് തുറന്ന് നൽകാനാണ് അധികൃതരുടെ ശ്രമം. പഴയ കെട്ടിടം പൊളിച്ച് തുടങ്ങി. മിനുക്കു പണികൾ പൂർത്തിയാക്കിയശേഷം ഇന്റീരിയർ പ്രവർത്തനങ്ങളും മറ്റും ആരംഭിക്കും. പൊള്ളൽ കൈകാര്യം ചെയ്യുന്നതിനും പുനരധിവാസത്തിനുമുള്ള ഏറ്റവും ആധുനികമായ സൗകര്യങ്ങളോടെയാണ് യൂണിറ്റ് സജ്ജമാകുന്നത്. സെൻട്രൽ ഡിസൈൻ ബ്യൂറോ നിർദ്ദേശപ്രകാരമാണ് ഇവിടെ ഉപകരണങ്ങൾ, ബേൺസ് യൂണിറ്റ്, വാർഡ് എന്നിവ തയ്യാറാക്കുക. രണ്ട് കോടിയാണ് നിർമ്മാണചെലവ്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയ്ക്കാണ് നിർമ്മാണ ചുമതല. അത്യാധുനിക സജ്ജീകരണങ്ങളുമായി ബേൺസ് യൂണിറ്റ് സജ്ജമാകുന്നതോടെ അണുബാധ ഏൽക്കുന്നത് പരമാവധി കുറയ്ക്കാനും എത്രയും വേഗം രോഗിക്ക് ആശ്വാസം ലഭിക്കാനും ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാനും സാധിക്കും. നിലവിൽ മെഡിക്കൽ കോളേജ് പഴയ കാഷ്വാലിറ്റിയുടെ മുകളിൽ പ്രവർത്തിക്കുന്ന ബേൺസ് ഐ.സി.യുവിൽ ആറ് ബെഡുകളാണുള്ളത്.

പൊള്ളൽ മൂലമുള്ള മരണം ഏറിയ സാഹചര്യത്തിലാണ് പ്രതിരോധമെന്ന നിലയിൽ കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയം പൈലറ്റ് പ്രോഗ്രാം (എൻ.പി.പി.എം.ബി.ഐ) രാജ്യത്ത് നടപ്പാക്കിയത്. 67 മെഡിക്കൽ കോളേജുകളിൽ നടപ്പാക്കിയ പദ്ധതിയിൽ കോഴിക്കോട് മെഡിക്കൽ കോളേജിനെയും ഉൾപ്പെടുത്തുകയായിരുന്നു.


ബേൺസ് യൂണിറ്റിൽ ഒരുങ്ങും

1. അത്യാധുനിക ഓപ്പറേഷൻ തിയേറ്റർ

2.ബേൺസ് ഒ.പി

3.പൊള്ളലേറ്റ രോഗിയെ കഴുകി വൃത്തിയാക്കുന്നതിനായി കുളിമുറി സൗകര്യം

4.ഡ്രെസിംഗ് മുറികൾ

5.സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം വാർഡുകൾ

6.നഴ്സിംഗ് സ്റ്റേഷൻ

'' യൂണിറ്റ് സജ്ജമാകുന്നതോടെ രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ നൽകി ജീവിതത്തിലേക്ക് തിരികെ എത്തിക്കാനാകും. യൂണിറ്റ് എത്രയും പെട്ടന്ന് സജ്ജമാകുമെന്നാണ് പ്രതീക്ഷ''

ഡോ.ഷീജ രാജൻ, പ്ലാസ്റ്റിക് സർജറി വിഭാഗം ഹെഡ്

''നിർമ്മാണം വേഗത്തിൽ നടക്കുന്നുണ്ട്. അടുത്ത വർഷം പകുതിയാകുമ്പോഴേക്കും നിർമ്മാണം പൂർത്തീകരിക്കും''

ജയേഷ്, എൻജിനീയർ, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി