 
ബേപ്പൂര്‍: അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന്റെ സീസണ് നാലിന്റെ പ്രചരണാര്‍ഥം കോഴിക്കോട് ബീച്ചില്‍ നിന്ന് ബേപ്പൂര്‍ ബീച്ച് വരെ സംഘടിപ്പിച്ച മിനി മാരത്തണില്‍ പുരുഷ വിഭാഗത്തില്‍ വയനാട് സ്വദേശി അജ്മലും വനിതാ വിഭാഗത്തില്‍ പാലക്കാട് സ്വദേശി ജി ജിന്‍സിയും ജേതാക്കളായി. പുരുഷ വിഭാഗത്തില്‍ മനോജ് (പാലക്കാട്), ഷിബിന്‍ (കോട്ടയം) എന്നിവരും വനിത വിഭാഗത്തില്‍ അഞ്ജു മുരുകന് (ഇടുക്കി), ആദിത്യ (ചാത്തമംഗലം) എന്നിവരും യഥാക്രമം രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടി. ഓരോ വിഭാഗത്തിലും ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് 7000 രൂപ, 5000 രൂപ, 3000 രൂപ എന്നിങ്ങനെ കാഷ് പ്രൈസും മെഡലുകളും സമ്മാനിച്ചു. രാവിലെ 6.40 മണിയോടെ മിനി മാരത്തണ്‍ പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്തു. 140 പുരുഷന്മാരും 20 സ്ത്രീകളും ബേപ്പൂര്‍ ബീച്ചിലെ ഫിനിഷിംഗ് പോയിന്റിലെത്തി മിനി മാരത്തണ്‍ പൂര്‍ത്തീകരിച്ചു. ഫ്ളാഗ് ഓഫ് ചടങ്ങില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ രാജഗോപാല്‍, സെക്രട്ടറി പ്രപു പ്രേമനാഥ്, ഡി.ടി.പി.സി സെക്രട്ടറി ഡോ. ടി നിഖില്‍ ദാസ് തുടങ്ങിയവര്‍ സംബന്ധിച്ചു. ബേപ്പൂര്‍ ബീച്ചില്‍ നടന്ന സമ്മാനദാന ചടങ്ങില്‍ കോര്പറേഷന് കൗണ്‍സിലര്‍മാരായ ടി രജനി, കെ രാജീവ്, വി നവാസ്, ഗിരിജ ടീച്ചര്‍, വൈസ് പ്രസിഡന്റ് ഡോ. റോയ് വി ജോയ്, സെക്യൂരിറ്റി-വളണ്ടിയര്‍ കമ്മിറ്റി കമ്മിറ്റി ചെയര്മാന് കെ ഷഫീഖ്, മീഡിയ കമ്മിറ്റി ചെയര്മാന് സനോജ് കുമാര്‍ എം.പി എന്നിവർ പങ്കെടുത്തു.
പ്രചരണവുമായി പാട്ടുവണ്ടി
ബേപ്പൂർ: സാമൂഹിക നവോത്ഥാനങ്ങൾക്ക് കരുത്തുപകരുക എന്ന ലക്ഷ്യത്തോട് കൂടി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കോഴിക്കോട് നാട്ടുവെളിച്ചം ട്രൂപ്പ് ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ പ്രചരണാർത്ഥം പാട്ടുവണ്ടി സംഘടിപ്പിച്ചു. രാമനാട്ടുകരയിൽ നിന്നും ആരംഭിച്ച പാട്ടു വണ്ടിരാമനാട്ടുകര മുൻസിപ്പൽ ചെയർപേഴ്സൺ  ബുഷ്റ റഫീഖ് നിർവഹിച്ചു. ഐക്കരപ്പടി, രാമനാട്ടുകര, ഫറോക്ക്, ചാലിയം, മാത്തോട്ടം, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിൽ നാട്ടു വെളിച്ചത്തിന്റെ ഗായകരായ മുജീബ് റഹ്മാൻ, ബൈജു ആന്റണി, ലിസ സോഫിയ, പ്രഭിത ഗണേഷ്, അജിത മാധവ്, സലീം, ഷാഹുൽ എന്നിവർ ഗാനങ്ങളാലപിച്ചു. നിഖിൽ ഹരിദാസ്, സുധീഷ് കക്കാടത്ത്, മുജീബ് റഹ്മാൻ എന്നിവർ നേതൃത്വം നൽകി.