
'ടീച്ചർജി വല്ലപ്പോഴുമൊന്ന് ചിരിക്കണം. അല്ലെങ്കിൽ ആ മഹാസിദ്ധി മറന്നുപോകും..."
മലയാളി ഹൃദയം തൊട്ട് പ്രണയിച്ച 'മഞ്ഞി"ൽ സർദാർജി വിമലയോട് പറയുന്ന ഈ വാക്കുകൾ മലയാള സാഹിത്യലോകം പലവുരു എം.ടിയോട് ചോദിച്ചിട്ടുണ്ട്. വല്ലപ്പോഴുമൊന്ന് ചിരിക്കണമെന്ന് ലോകത്തോട് ആവശ്യപ്പെട്ട എഴുത്തുകാരനെന്തേ ചിരിക്കാത്തതെന്ന്. ചുരുണ്ടുപൊങ്ങുന്ന ബീഡിപ്പുകയ്‌ക്കുള്ളിലെങ്കിലും ഒരു ചെറുപുഞ്ചിരി ഒളിപ്പിച്ചുകൂടായിരുന്നോ? പൊതുവേദികളിൽ ആൾക്കൂട്ടങ്ങളിൽ എന്തിന് വീട്ടിൽപ്പോലും മഹാമൗനത്തിന്റെ ആഴങ്ങളിൽ അർത്ഥഗർഭമായ മൂളൽ മാത്രമായി എം.ടിയെന്ന മഹാമേരു. പലരും ചോദിച്ചിട്ടും ഉത്തരമില്ലാതെ പോയ ആ ചോദ്യം സുഹൃത്തും എഴുത്തുകാരനുമായ എം.എൻ.കാരശ്ശേരി ഒരിക്കൽ എം.ടിയോട് നേരിട്ട് ചോദിച്ചു.
'എന്തേ എം.ടി ചിരിക്കാത്തേ?"
'അതെന്റെ പ്രകൃതമാണ്. കളിയും ചിരിയും കണ്ട് വളർന്ന ഒരാളല്ല ഞാൻ. എന്റെ അച്ഛനും അമ്മയും ഗൗരവക്കാരാണ്. അവർ തമാശ പറയുകയോ അതുകേട്ട് ചിരിക്കുകയോ ചെയ്യുന്നതൊന്നും ഞാൻ കണ്ടിട്ടില്ല. പിന്നെ ഞാൻ തിക്കോടിയനെപ്പോലെയോ ബഷീറിനെപ്പോലെയോ ചിരിക്കുകയും തമാശ പറയുകയും വേണം എന്ന് പറയുന്നത് ന്യായമാണോ? നർമ്മബോധം കുറവുള്ള ഒരാളാണ് ഞാൻ. അതെന്റെ കുറവാണ്. കുറ്റമാണോ?"
പിന്നീട് താനൊന്നും ചോദിച്ചിട്ടില്ലെന്ന് കാരശ്ശേരി. കാരണം എം.ടി എഴുതിയതൊന്നും ആകാശത്തെ കഥകളായിരുന്നില്ലല്ലോ. അദ്ദേഹത്തിന്റെ തീക്ഷ്ണ ജീവിതവും അതിൽ നിന്ന് പിറവികൊണ്ട അനുഭവങ്ങളുമായിരുന്നു അതെല്ലാം. എം.ടിയെ അടിമുടിവായിച്ച ഒരാൾക്ക് ഒരുവട്ടം മാത്രം ചോദിക്കാവുന്ന ചോദ്യമാണത്. ഒരാൾ ചിരിക്കാതിരിക്കുന്നെങ്കിൽ അയാൾക്ക് ചിരിക്കാതിരിക്കാൻ മാത്രം കാരണങ്ങൾ ജീവിതം അയാളെ പഠിപ്പിച്ചിട്ടുണ്ട്. എന്നിട്ടും എന്തേ വിമലയോട് അദ്ദേഹം അങ്ങിനെ പറഞ്ഞിട്ടുണ്ടാവുക! അത് ലോകത്തോട് പറയാനുള്ളതാണ്. വല്ലപ്പോഴും നിങ്ങൾ ചിരിക്കണം, അല്ലെങ്കിൽ ആ മഹാസിദ്ധി നഷ്ടപ്പെട്ടുപോവുമെന്ന്.
എം.ടിയുടെ ചിരി പകർത്താൻ പത്ര ഫോട്ടോഗ്രാഫർമാർ നിരവധി തവണ ശ്രമിച്ചിട്ടുണ്ട്. പലർക്കും അത് കഴിഞ്ഞില്ലെന്നതാണ് വാസ്തവം. എഴുത്തിലും ജീവിതത്തിലും ജോലിയിലും ഒരുപാട് വ്യത്യസ്തതകൾ സൂക്ഷിക്കുന്നയാളാണ് എം.ടി. തീരുമാനങ്ങളിൽ അണുകിട അങ്ങോട്ടോ ഇങ്ങോട്ടോ ഇല്ല. എക്‌സറേ കണ്ണുകളാണ് എം.ടിക്കെന്ന് അടുപ്പമുള്ളവർ പറയാറുണ്ട്. ഒറ്റനോട്ടത്തിൽത്തന്നെ ആളുകളെ അദ്ദേഹത്തിന് തിരിച്ചറിയാം. ഇഷ്ടമില്ലാത്തവരുടെ മുമ്പിൽ മൗനിയാവുന്നതാണ് ശീലം. അതേസമയം അടുപ്പക്കാരോട് ഏറെനേരം സംസാരിക്കും. എം.ടി 'നോ" പറഞ്ഞാൽ അത് തിരുത്തിക്കാൻ വലിയ പാടാണ്.