 
കോഴിക്കോട്: വാട്ടർ അതോറിറ്റിയിലെ കുടിശ്ശിക ഒടുക്കാൻ കോർപ്പറേഷൻ വിസമ്മതിച്ചതോടെ ടൗൺഹാൾ റോഡിൽ രണ്ടാം ഗേറ്റിന് സമീപത്തെ 'ടേക്ക് എ ബ്രേക്കിന് ' പൂർണ വിശ്രമം. മിഠായി തെരുവ്, റെയിൽവേ സ്റ്റേഷൻ, മാനാഞ്ചിറ തുടങ്ങി ദിനംപ്രതി നൂറുകണക്കിനാളുകൾ കടന്നുപോകുന്ന പ്രദേശമാണിത്. ആളുകൾ പ്രാഥമികാവശ്യത്തിന് സൗകര്യമില്ലാതെ ബുദ്ധിമുട്ടുമ്പോഴാണ് 2023 ൽ പണിപൂർത്തിയായ കെട്ടിടം പൂട്ടി കിടക്കുന്നത്. ടൂറിസം വകുപ്പിന്റെ 'ടേക്ക് എ ബേക്ക്' പദ്ധതിയുടെ ഭാഗമായി കോർപ്പറേഷന്റെ സഹകരണത്തോടെയാണ് ലക്ഷങ്ങൾ ചെലവാക്കിയാണ് ടേക്ക് എ ബ്രേക്ക് പണിതത്. ചായയും ലഘുഭക്ഷണങ്ങളും മറ്റും ലഭിക്കുന്ന കഫേയും കേന്ദ്രത്തിനോട് ചേർന്ന് നിർമിച്ചിട്ടുണ്ട്.
ടേക്ക് എ ബ്രേക്ക് കെട്ടിടം നിൽക്കുന്ന സ്ഥലത്ത് ആദ്യമുണ്ടായിരുന്ന വാട്ടർ കണക്ഷന്റെ കുടിശ്ശികയായി 19,000 രൂപ കോർപ്പറേഷൻ അടയ്ക്കാനുണ്ടായിരുന്നു. കുടിശിക തീർത്താൽ മാത്രമേ പുതിയ കണക്ഷൻ നൽകാൻ സാധിക്കൂ എന്ന് വാട്ടർ അതോറിറ്റി അധികൃതർ നിലപാടെടുത്തതോടെ കെട്ടിടത്തിൽ വെള്ളം കിട്ടാത്ത സാഹചര്യമായി. ഇതാണ് കെട്ടിടം ഇതുവരെ തുറക്കാതിരിക്കാൻ കാരണം.
ജില്ലയിൽ 34 'ടേക്ക് എ ബേക്ക്' വിശ്രമ കേന്ദ്രങ്ങളാണ് ടൂറിസം വകുപ്പ് പ്രഖ്യാപിച്ചിരുന്നത്. പല ടൗണുകളിലും വിശ്രമ കേന്ദ്രം തുറന്നു. പദ്ധതിയുടെ നടത്തിപ്പ് ചുമതല കുടുംബശ്രീയ്ക്കാണ്. പല സ്ഥലങ്ങളിലും കുടുംബശ്രീ പ്രവർത്തകർ പദ്ധതി ഏറ്റെടുക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചതെങ്കിൽ ഇവിടെ ഉദ്യോഗസ്ഥ തലത്തിലെ അനാസ്ഥയാണ് പ്രതിസന്ധിയെന്ന് നാട്ടുകാർ പറയുന്നു.
സൗകര്യങ്ങൾ
ബസ് സ്റ്റേഷനുകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ തുടങ്ങി ജനങ്ങൾ ഒരുമിച്ചെത്തുന്ന പ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഏതുസമയത്തും സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ നിലവിലുള്ള ശുചിമുറികൾ സജ്ജമാക്കുകയും ഉന്നത നിലവാരമുള്ള ശുചിമുറി സമുച്ചയങ്ങളും വിശ്രമകേന്ദ്രങ്ങളും നിർമിക്കുകയും ചെയ്യുന്നതാണ് ടേക്ക് എ ബ്രേക്ക് പദ്ധതി.
ശുചിമുറികൾ, ഇരിപ്പിടം, മുലയൂട്ടൽ മുറികൾ, ഡ്രസിംഗ് മുറികൾ, സാനിറ്ററി നാപ്കിൻ വെൻഡിംഗ് കിയോസ്കുകൾ, ലഘു ഭക്ഷണ കൗണ്ടറുകൾ.
'കരാറുകാരിൽ നിന്നും മാസം തോറും 30000 രൂപ വരെ വാടക ലഭിക്കുന്ന കെട്ടിടമാണ് കോർപ്പറേഷന്റെ അനാസ്ഥ കാരണം അടഞ്ഞുകിടക്കുന്നത്. നിരവധി തവണ വിഷയം സെക്രട്ടറി ഉൾപ്പെടെയുള്ളവരെ അറിയിച്ചിട്ടും കുടിശ്ശിക അടയ്ക്കാൻ തയ്യാറായില്ല.
- എസ്.കെ അബൂബക്കർ (വാർഡ് കൗൺസിലർ, വലിയങ്ങാടി)
'വാട്ടർ അതോറിറ്റിയിലെ കുടിശ്ശിക ഉടൻ തീർത്ത് കെട്ടിടം ജനങ്ങൾക്കായി തുറന്നുകൊടുക്കും. ഉദ്യോഗസ്ഥർക്ക് ഇതിനുള്ള നിർദേശം നൽകും.
- പി.സി രാജൻ (ചെയർമാൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി, കോഴിക്കോട് കോർപ്പറേഷൻ)