 
രാമനാട്ടുകര: മഴ പോയാൽ ബസ് സ്റ്റാൻഡ് പൊട്ടിപ്പൊളിഞ്ഞ റൺവേ നന്നാക്കാം എന്ന അധികൃതരുടെ ഉറപ്പ്  'കുറുപ്പിന്റെ ഉറപ്പു പോലെയായി ". മാസങ്ങളായി കുഴികൾ ഉണ്ടായിട്ട്. മഴ മാറിയിട്ട് നന്നാക്കാമെന്ന അധികൃതരുടെ ഉറപ്പാണ് പാഴ്വാക്കായത്. കോഴിക്കോട് ഭാഗത്തേക്കുള്ള ബസുകൾ നിർത്തുന്ന സ്ഥലത്താണ് ഉപരിതലം പൊളിഞ്ഞു വലിയ കുഴികൾ രൂപപ്പെട്ടത്. ബസുകൾ ഈ കുഴികളിൽ ചാടി ആടിയുലഞ്ഞു യാത്രക്കാർക്കു പരുക്കേൽക്കുന്നതു പതിവായിട്ടും അധികൃതർക്ക് അനക്കമില്ല. സ്റ്റാൻഡിൽ പലയിടങ്ങളിലായി ടാറിംഗ് പൊട്ടിപ്പൊളിഞ്ഞു കിടപ്പാണ്. ദിവസംതോറും കുഴികളുടെ വ്യാപ്തി കൂടി വരികയാണ്. മഴ പെയ്താൽ ഇതിൽ വെള്ളം കെട്ടി നിന്ന് ബസുകൾ പോകുമ്പോൾ ചെളിയും കല്ലും യാത്രക്കാരുടെ ദേഹത്തു തെറിക്കുന്ന സ്ഥിതിയുണ്ടായിരുന്നു. സംസ്ഥാനത്തെ ആദ്യ സ്വകാര്യ സംരംഭമായ രാമനാട്ടുകര ബസ് സ്റ്റാൻഡിൽ ശുചിത്വ കാര്യങ്ങൾ, സ്റ്റാൻഡ് ഫീ പിരിവ്, ശുചിമുറി നടത്തിപ്പ് എന്നിവ നഗരസഭയും മറ്റു അടിസ്ഥാന സൗകര്യങ്ങൾ കെട്ടിട ഉടമകളും ഒരുക്കണമെന്നാണു കരാർ. എന്നാൽ സൗകര്യങ്ങൾ ഒരുക്കാതെ ബന്ധപ്പെട്ടവർ സ്റ്റാൻഡിനെ അവഗണിക്കുകയാണെന്ന പരാതിയാണു യാത്രക്കാർക്കും നാട്ടുകാർക്കും. സ്റ്റാൻഡിൽ ബേ സംവിധാനം ഇല്ല അതിനാൽ ബസുകൾ തോന്നിയ പോലെ നിർത്തിയാണ് യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. കുഴികൾ ഒഴിവാക്കി പലവഴിക്കു ബസുകൾ വരുന്നതു സ്റ്റാൻഡിൽ അപകട സാധ്യത ഉയർത്തുന്നുണ്ട്. കുഴികളിൽ ചാടി ബസുകളുടെ ലീഫ് സെറ്റ് പൊട്ടുന്നത് പതിവാണെന്നും ഇത് അധിക സാമ്പത്തിക ബാധ്യത വരുത്തുന്നതായും ബസുടമകൾ പറഞ്ഞു. അടിക്കടി ബസുകൾ കേടാകുന്നത് ട്രിപ് മുടങ്ങാനും ഇടവരുത്തുന്നു. അടിയന്തരമായി റൺവേ അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ സ്റ്റാൻഡ് ബഹിഷ്കരിക്കുമെന്നും ഫറോക്ക് ഏരിയ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. സ്റ്റാൻഡ് തകർന്നതിനാൽ പല ബസുകളും സ്റ്റാൻഡിൽ കയറാറില്ലെന്നും സ്റ്റാൻഡ് ഫീ ഇനത്തിൽ കിട്ടേണ്ട പണം കിട്ടുന്നില്ലെന്നും നടത്തിപ്പുകാരും പറയുന്നു.