
കോഴിക്കോട്: കോഴിക്കോട് ഡി.എം.ഒ ഓഫീസിൽ ഒരു കസേരയിലിരിക്കാൻ രണ്ട് ജില്ലാ മെഡിക്കൽ ഓഫീസർമാർ. ഒരേ സമയം രണ്ട് ഓഫീസർമാരും എത്തിയതോടെ ആരാണ് ഡി.എം.ഒ എന്നറിയാതെ ജീവനക്കാരും വെട്ടിലായി. ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ സ്ഥലംമാറ്റ ഉത്തരവ് പ്രകാരം കോഴിക്കോട് ഡി.എം.ഒ ഡോ.എൻ.രാജേന്ദ്രനെ തിരുവനന്തപുരം ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ അഡിഷണൽ ഡയറക്ടറായി നിയമിച്ചിരുന്നു. പകരം എറണാകുളം ഡി.എം.ഒ ആയിരുന്ന ഡോ. ആശാദേവിയെ കോഴിക്കോടും നിയമിച്ചു.
ഡിസംബർ 10നാണ് ഡി.എം.ഒയായി ഡോ.ആശാദേവി ചുമതലയേറ്റെടുത്തത്. അന്നുതന്നെ ഡോ.രാജേന്ദ്രൻ സ്ഥാനമൊഴിയുകയും ചെയ്തു. ഡിസംബർ 12ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്ന് സ്ഥലംമാറ്റ ഉത്തരവിൽ സ്റ്റേ വാങ്ങിയ ഡോ. രാജേന്ദ്രൻ വീണ്ടും ഡി.എം.ഒയായി കോഴിക്കോട്ടെത്തി.അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ സ്‌റ്റേ നീക്കിയതിനെ തുടർന്ന് ഇന്നലെ ചാർജെടുക്കാനായി ഡോ. ആശാദേവി വീണ്ടും ഓഫീസിലെത്തിയെങ്കിലും മാറാൻ ഡോ.രാജേന്ദ്രൻ തയ്യാറായില്ല. ഇതോടെ മൂന്ന് മണിക്കൂറോളം സമയം രണ്ടുപേരും ഒരേ കാബിനിൽ തുടർന്നു.ആശാദേവി പിന്നീട് പുറത്തിറങ്ങിയെങ്കിലും സർക്കാർ ഉത്തരവ് പ്രകാരം മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി.
സ്ഥലംമാറ്റ ഉത്തരവിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് ഡോ. രാജേന്ദ്രനും പറഞ്ഞു.