
കോഴിക്കോട്: വനനിയമ ഭേദഗതി സംബന്ധിച്ച വനം മ ന്ത്രിയുടെ പ്രഖ്യാപനം കാണുമ്പോൾ ഇതു വരെ അദ്ദേഹത്തിന് നേരം വെളുത്തിട്ടില്ലെന്ന് തോന്നുന്നതായി താമരശ്ശേരി രൂപത ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചനാനിയൽ. അടിയന്തരാവസ്ഥ കാലത്താണ് ഇതുപോലുള്ള നിയമങ്ങളുണ്ടായത്. അതേകാലം തിരികെ കൊണ്ടുവരാൻ സർക്കാർ പരിശ്രമിച്ചാൽ അടിയന്തരാവസ്ഥക്കാലവും തുടർന്നുണ്ടായ കാര്യങ്ങളുടെയും ചരിത്രം പരിശോധിക്കേണ്ടി വരും.ശക്തമായ പ്രതിഷേധമുയരും.
ഫോറസ്റ്റുദ്യോഗസ്ഥർക്ക് അറസ്റ്റ് ചെയ്യാമെന്ന് നിയമത്തിൽ പറയുന്നു. ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. വിജ്ഞാപനം പിൻവലിക്കണം. വനം സംരക്ഷിക്കുന്നവരാണ് കർഷകർ. കിരാത നിയമം കൊണ്ടുവന്നവർക്കാണോ ജനങ്ങൾക്കൊപ്പം നിൽക്കുന്ന ഞങ്ങൾക്കാണോ പക്വതയില്ലാത്തത്. ജനങ്ങളെ സംരക്ഷിക്കുകയാണ് ഭരണകൂടങ്ങൾ ചെയ്യുക. നല്ലൊരു സർക്കാരുണ്ടെങ്കിൽ മാത്രമേ അത് പ്രതീക്ഷിക്കാവൂവെന്നും ബിഷപ്പ് താമരശ്ശേരിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.