exam

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കുന്നതായി ആരോപണം. എം.എസ് സൊല്യൂഷൻസ് മേധാവിയിൽ നിന്ന് ഭീഷണി നേരിട്ട അദ്ധ്യാപകനും കൊടുവള്ളി വെണ്ണക്കാട് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായ ഹക്കീം വെണ്ണക്കാടാണ് ആരോപണവുമായി രംഗത്തെത്തിയത്. കൊടുവള്ളിയിലെ പണച്ചാക്കുകളുടെ സമ്മർദ്ദത്താലാണ് അന്വേഷണം അട്ടിമറിക്കുന്നത്. എം.എസ് സൊല്യൂഷനിൽ പണം നിക്ഷേപിച്ചവരാണ് പൊലീസിനെ സ്വാധീനിക്കുന്നത്. പരാതി നൽകി ഒരാഴ്ച കഴിഞ്ഞിട്ടും എം.എസ് സൊല്യൂഷൻസ് സി.ഇ.ഒ ഷുഹൈബിനെ ചോദ്യംചെയ്യാൻ തയ്യാറായിട്ടില്ലെന്നും ഹക്കീം വെണ്ണക്കാട് പറഞ്ഞു.
ഷുഹൈബ് ഭീഷണി മുഴക്കിയതായി അദ്ധ്യാപകൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഭീഷണിപ്പെടുത്തുന്ന ഓഡിയോയും പുറത്തുവന്നിരുന്നു. ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ ചക്കാലക്കൽ ഹൈസ്‌കൂൾ അധികൃതർ പരാതി നൽകിയിരുന്നു. ഇതിൽ തുടർ നടപടികളുണ്ടായില്ലെന്ന് കെ.എസ്.ടി.എ നേതാവ് കൂടിയായ ഹക്കീം പറഞ്ഞു. ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച തെളിവ് നശിപ്പിക്കാൻ സമയം നൽകിയശേഷമാണ് എം.എസ് സൊല്യൂഷൻസിൽ റെയ്ഡ് നടത്തിയതെന്നും ഷുഹൈബിന് മുൻകൂർജാമ്യം കിട്ടും വരെ അറസ്റ്റ് വൈകിപ്പിക്കുകയാണ് ക്രൈംബ്രാഞ്ച് ചെയ്യുന്നതെന്നും അദ്ധ്യാപകൻ ആരോപിച്ചു.
അതിനിടെ ക്രൈംബ്രാഞ്ച് സംഘം എം .എസ് സൊല്യൂഷൻസിന്റെ കൊടുവള്ളിയിലെ ഓഫീസിലും ഷുഹൈബിന്റെ വീട്ടിലും പരിശോധന നടത്തി. ഷുഹൈബിന്റെ ലാപ് ടോപ്, മൊബൈൽ ഫോൺ, ഹാർഡ് ഡിസ്‌ക് എന്നിവ കണ്ടെടുത്തു. ഹാർഡ് ഡിസ്‌ക് ഉൾപ്പെടെയുള്ളവ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ചോദ്യപേപ്പർ ചോർത്താൻ വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സൂചന അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.