f
ഗതാഗതക്കുരുക്കിൽ

കോഴിക്കോട്: ക്രിസ്മസും പുതുവത്സരാഘോഷങ്ങളും എത്തിയതോടെ നഗരം ഗതാഗതക്കുരുക്കിൽ. കുത്തഴിഞ്ഞ ട്രാഫിക് പരിഷ്കാരവും ക്രിസ്മസ് തിരക്കുമായതോടെ നഗരം ഇന്നലെ അക്ഷരാർത്ഥത്തിൽ ശ്വാസംമുട്ടി. സ്വ​ത​വേ വാ​ഹ​ന​ങ്ങ​ൾ കു​റ​യു​ന്ന ഉ​ച്ച സ​മ​യ​ത്ത്​ പോ​ലും റോ​ഡി​ൽ വൻ തി​ര​ക്കാ​യിരുന്നു. പ്രധാന റോഡുകളിലും ഇടറോഡുകളിലും വാഹനങ്ങളുടെ നീണ്ട നിരകളായിരുന്നു. നഗരം കടന്നുകിട്ടാനും നഗരത്തിലേക്ക് പ്രവേശിക്കാനും മണിക്കൂറുകൾ കാത്ത് നിൽക്കേണ്ട സ്ഥിതിയായിരുന്നു യാത്രക്കാർക്ക്. വെെകുന്നേരങ്ങളിലും രാവിലെയും ഓ​രോ ട്രാ​ഫി​ക്​ സി​ഗ്നലി​ലും ബസുകളടക്കം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ്​ കു​ടു​ങ്ങി​ക്കി​ട​ന്നത്. ആംബുലൻസുകൾക്കുപോലും കടന്നുപോകാൻ ഏറെ പ്രയാസപ്പെടേണ്ടിവന്നു.

സ്‌കൂളുകൾ അടച്ചതോടെ കുട്ടികളുമായി കുടുംബങ്ങൾ നഗരത്തിൽ എത്തിയതോടെയാണ് തിരക്ക് കൂടിയത്. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ മാനാഞ്ചിറ, ബീച്ച്, സരോവരം ബയോ പാർക്ക്, മിഠായിത്തെരുവ് തുടങ്ങിയ ഇടങ്ങളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മാനാഞ്ചിറയിലെ വെെദ്യുതാലങ്കാരം കാണാൻ ആളുകൾ ഒഴുകിയെത്തിയതും തിരക്ക് വർദ്ധിപ്പിച്ചു. ക്രിസ്മസ്, പുതുവർഷാഘോഷത്തിന്റെ ഭാഗമായി വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിച്ച ന്യൂ ഇയർ ലൈറ്റ് ഷോയാണ് നഗരത്തിന്റെ മൊഞ്ച് കൂട്ടിയത്. ഇതിനുപുറമെ ബീച്ചിലെ സർക്കസും ഒളവണ്ണ ബൊട്ടാണിക്കൽ ഗാർഡനിലെ പുഷ്‌പോത്സവത്തിലും ചേവായൂർ കിർത്താഡ്സിലെ ഗോത്രമഹോത്സവത്തിൽ പങ്കെടുക്കാനും അയൽജില്ലകളിൽ നിന്നുപോലും ആളുകൾ എത്തുന്നുണ്ട്. പുതുവർഷത്തെ വരവേൽക്കാൻ പുതുവസ്ത്രങ്ങൾ എടുക്കുന്നതോടെ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും തിരക്കാണ്.