കോഴിക്കോട്: യുനെസ്കോയുടെ സാഹിത്യനഗരം പദവി നേടിയ കോഴിക്കോടിനെ ഇനി എല്ലാവർക്കും അടുത്തറിയാം. നഗരത്തിലെ പൊതു ഇടങ്ങളിൽ സാഹിത്യവുമായി ബന്ധപ്പെട്ട ക്യൂ.ആർ കോഡുകൾ സ്ഥാപിച്ച് സാഹിത്യത്തെ സർവ വ്യാപിയാക്കാനുള്ള ഒരുക്കത്തിലാണ് കോർപറേഷൻ. സാഹിത്യ നഗരം പദവി നിലനിറുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കോർപറേഷന്റെ അധികാര പരിധിയിലുള്ള മുഴുവൻ സ്കൂളുകളിലും നഗരത്തിലെ കടകളിലും ബസുകളിലും ഓട്ടോറിക്ഷകളിലും ‘സാഹിത്യ നഗരം’ ലോഗോ പതിപ്പിക്കാനാണ് പദ്ധതി. മാത്രമല്ല ആദ്യ ഘട്ടത്തിൽ മാനാഞ്ചിറ, ബീച്ച്, മിഠായിത്തെരുവ് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ക്യൂ.ആർ കോഡുകൾ സ്ഥാപിക്കും. പിന്നീട് ജില്ലയിലെ വിവിധ ഇടങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. ഓരോ ഇടങ്ങളിലെ ക്യൂ.ആർ കോഡുകൾ സ്കാൻ ചെയ്യുമ്പോൾ ആ സ്ഥലവുമായുള്ള ചെറിയ കുറിപ്പും സാഹിത്യ നഗരത്തിന്റെ വിശേഷണങ്ങളുമുണ്ടാകും. പദ്ധതി നടത്തിപ്പിനായി വർക്ക് ഷോപ്പുകളും സംഘടിപ്പിക്കും. സാഹിത്യ നഗരം ചുറ്റിക്കാണാനുള്ള പദ്ധതിയും ഒരുക്കുന്നുണ്ട്. കോഴിക്കോട്ടെത്തുന്ന വിനോദസഞ്ചാരികൾക്ക് നഗരത്തിലെ പ്രധാന ഇടങ്ങൾ കാണാനാകും. ഇതിനായി ഓട്ടോ സൗകര്യമേർപ്പെടുത്താനാണ് കോപറേഷൻ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം സഞ്ചരിക്കുന്ന ലൈബ്രറിയും പൊതു ഇടങ്ങളിൽ വായനാ മൂല സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. ചെറിയ സാഹിത്യോത്സവങ്ങൾ, സാഹിത്യശൃംഖലയിലുള്ള നഗരങ്ങളുമായി ആശയവിനിമയം, എഴുത്തുകാർക്ക് വന്ന് താമസിക്കാനും സാഹിത്യപരിപാടികളുടെ ഭാഗമാകാനുമുള്ള അവസരം എന്നിവയും ഒരുക്കും.
''സാഹിത്യനഗരം വളർത്തിയെടുക്കേണ്ടത് ഓരോ കോഴിക്കോട്ടുകാരന്റേയും ഉത്തരവാദിത്വമാണ്.
ഇതിനായി ജനകീയ ഇടപെടലുകൾ ആവശ്യമാണ്'' മേയർ ഡോ.ബീന ഫിലിപ്പ്
ലോഗോ ഇവിടങ്ങളിൽ
1.ബസുകളിൽ
2.ഓട്ടോറിക്ഷകളിൽ
3.നഗരത്തിലെ പ്രധാനപ്പെട്ട ഇടങ്ങളിൽ