വടകര: ആഫ്രിക്കൻ കരവിരുതുകളുടെ വൈവിദ്ധ്യങ്ങളുമായി ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിലെ കരകൗശലമേളയിൽ ഉഗാണ്ടയിൽ നിന്നെത്തിയ സംഘം. കോമ്പാല സിറ്റിയിലെ ഉഗാണ്ടയുടെ നാഷണൽ ആർട്സ് ആൻഡ് കൾച്ചറൽ ക്രാഫ്റ്റ്സ് അസോസിയേഷനിൽ പ്രവർത്തിക്കുന്ന വിവിധ ആർട്ടിസാൻസ് യൂണിറ്റുകളുടെ നിർമ്മിതികളാണ് അലിൻഡ, ജ്യോസ്‌ലിൻ, അയ്ഷ എന്നിവരുടെ സംഘം മേളയിലെത്തിച്ചത്.മുള, തുണി, മരം എന്നിവയിലാണ് പ്രധാനമായും അലങ്കാരങ്ങൾ ചെയ്തിട്ടുള്ളത്. 2003 - ൽ സ്ഥാപിതമായ ആർട്‌സ് ആൻ്റ് കൾച്ചറൽ ക്രാഫ്റ്റ്‌സ് അസോസിയേഷൻ ഓഫ് ഉഗാണ്ട അവിടുത്തെ വിനോദസഞ്ചാരത്തെയും പരമ്പരാഗത സംസ്കാരത്തെയും ആർട്ട്‌സ് ആൻ്റ് ക്രാഫ്റ്റിനേയും പ്രോത്സാഹിപ്പിക്കുന്നതിനായാണ് നിലകൊള്ളുന്നത്. ഇത്തരം രാജ്യന്തര മേളകളിൽ ഉല്പനങ്ങൾ വിൽക്കാൻ സാധിക്കുന്നത് വഴി അംഗങ്ങൾക്കും പിന്നാക്കം നിൽക്കുന്ന മറ്റ് പങ്കാളികൾക്കും ദാരിദ്ര്യം ലഘൂകരിക്കുവാൻ അനുഗ്രഹമാകുന്നുണ്ട്. വിദ്യാഭ്യാസം, തൊഴിൽ, ദാരിദ്ര്യ നിർമാർജനം എന്നിവയ്ക്കുള്ള ഊർജ്ജസ്വലമായ മേഖലയാക്കി കരകൗശലത്തെ ഉഗാണ്ട പ്രയോജനപ്പെടുത്തുന്നു. തൊഴിലവസരങ്ങൾ കുറവായ ഉഗാണ്ടയിൽ യുവാക്കളേയും വിദ്യാർത്ഥികളേയും ഇത്തരം ആർട്ടിസാൻ മേഖലയിൽ സജീവമാക്കി സാദ്ധ്യതകൾ തുറക്കുവാനുള്ള പരിശ്രമത്തിലാണ് സർക്കാർ പിൻതുണയോടെ ഇവർ. ഇതിനകം ആർട്ട് ആൻ്റ് ക്രാഫ്റ്റ് ഓപചാരിക വിദ്യാഭ്യാസത്തിൻ്റെ ഭാഗമാക്കിയിരിക്കുകയാണ് ഉഗാണ്ട. ഇവരുടെ വിവിധ യൂണിറ്റുകൾ നിർമ്മിച്ച പല സാധനങ്ങളും ഇവിടെ എത്തിക്കാൻ കഴിയാറില്ല. വലുപ്പവും ഭാരവും കൂടുതലുള്ളവ ഒഴിവായിക്കേണ്ട അവസ്ഥയാണ്. കപ്പൽ മാർഗം കൊണ്ടുവരുന്നതിനുള്ള തടസങ്ങൾ നീക്കാൻ ഇന്ത്യാ ഗവൺമെന്റ് മുൻകൈ എടുത്താൽ കൂടുതൽ ഉത്‌പന്നങ്ങൾ എത്തിക്കാനാവുമെന്നാണ് ഇവർ പറയുന്നത്.