ബാലുശ്ശേരി: ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ തേനാക്കുഴി - കപ്പുറം റോഡ് റീ ടാറിംഗ് പ്രവൃത്തി തുടങ്ങി. ഗ്യാസ് പൈപ്പ് ലൈൻ പ്രവൃത്തി കാരണമാണ് റോഡ് പാടെ തകർന്നത്. ശോചനീയാവസ്ഥയിൽ തേനാക്കുഴി - കപ്പുറം റോഡ്, കഠിനം കഠിനം ഈ റോഡ് യാത്ര എന്ന തലക്കെട്ടിൽ നേരത്തെ കേരള കൗമുദി റോഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കൂടാതെ പൊതുജനങ്ങളുടെ നിരന്തരമായ പാരാതിയും ഉയർന്നിരുന്നു. ഒരു വർഷം മുമ്പ് ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റോഡിന്റെ ഓരം കീറി മുറിച്ചതോടെയാണ് റോഡ് തകരാൻ തുടങ്ങിയത്. ശക്തമായ മഴയിൽ പൈപ്പ് ലൈനിന് വേണ്ടി എടുത്ത ചാലുകളിലൂടെ വെള്ളം കുത്തിയൊഴുകി റോഡാകെ തകർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു വർഷത്തിലേറെക്കാലം ജനങ്ങൾ ദുരിതത്തിലായിരുന്നു. കാൽ നട യാത്രക്കാർക്ക് പോലും നടക്കാൻ പറ്റാത്ത അവസ്ഥയും വന്നു. ഇരു ചക്ര വാഹനങ്ങളിൽ ഇതുവഴി പോയ പലരും റോഡിലെ കിടങ്ങുകളിൽ വീണ് പരിക്കേറ്റിരുന്നു. ഇന്നലെ റോഡിലെ ഏറെ ദുർഘടം പിടിച്ച ഭാഗം വരെയുള്ള റോഡ് പൂർണ്ണമായും ടാറിംഗ് നടത്തി. ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കീറിയ ഏതാണ്ട് 335 മീറ്ററോളം ഭാഗം അവരും അതിന് ചേർന്ന് പഞ്ചായത്ത് മെയിന്റെനൻസ് ഫണ്ടും ഉപയോഗിച്ചാണ് ഇത്രയും മീറ്റർ ടാറിംഗ് നടത്തിയത്. ഇനിയും ഗ്യാസ് പൈപ്പിടൽ പ്രവൃത്തിയെ തുടർന്ന് കീറിമുറിച്ച കുറച്ച് ഭാഗം കൂടി ടാറിംഗ് നടത്താനുണ്ട്. അവ എത്രയും പെട്ടന്ന് ടാറിംഗ് നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.