
എം.ടി എന്ന രണ്ടക്ഷരത്തിന് മലയാളികൾക്ക് ഒരു മുഖവുരയുടെ ആവശ്യമില്ല. എല്ലാ അർത്ഥത്തിലും വിസ്മയമായിരുന്ന മഹാപ്രതിഭ. കഥാകാരനായും, സിനിമാക്കാരനായും, പത്രാധിപരായും തൊട്ടതെല്ലാം പൊന്നാക്കിയ ഇതിഹാസം. സമാനതകളില്ലാത്ത വൈഭവം. സൂക്ഷ്മദർശിയായ പത്രാധിപർ. കണ്ണാടിയിലെന്നപോലെ മലയാളി സ്വയം പ്രതിഫലിക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ച സൂക്ഷ്മത. അടിയുറച്ച നിലപാടുകളുടെ മുഴക്കം. മനുഷ്യ മനസിന്റെ ആന്തരിക സംഘർഷങ്ങളെ എം.ടി യോളം ആറ്റിക്കുറുക്കി പറഞ്ഞ എഴുത്തുകാർ വിരളമാണ്.
"" മലയാളമാണ് എന്റെ ഭാഷ, എന്റെ ഭാഷ എന്റെ വീടാണ്. എന്റെ ആകാശമാണ്. ഞാൻ കാണുന്ന നക്ഷത്രമാണ്. എന്നെ തഴുകുന്ന കാറ്റാണ്. എന്റെ ദാഹം ശമിപ്പിക്കുന്ന കുളിർ വെള്ളമാണ്. എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്. ഏതുനാട്ടിലെത്തിയാലും ഞാൻ സ്വപ്‌നം കാണുന്നത് എന്റെ ഭാഷയിലാണ്. എന്റെ ഭാഷ ഞാൻ തന്നെയാണ്."" സ്വന്തം ഭാഷയെ ആത്മാവിൽ പേറുന്ന ഒരാൾക്ക് മാത്രം പറയാനാകുന്ന ഈ വാക്കുകളാണ് പിന്നീട് മലയാളത്തിൻറെ ഔദ്യോഗിക ഭാഷാ പ്രതിജ്ഞയായി തീർന്നതും.
കുഞ്ഞുനാളു മുതൽ ശീലിച്ച പരന്ന വായനയാണ് എം.ടി യെ എഴുത്തിന്റെ ലോകത്തെത്തിച്ചത്. "വളർത്തുമൃഗങ്ങൾ" എന്ന കഥ ലോക ചെറുകഥാ മത്സരത്തിൽ വിജയിച്ചതോടെ കൂടല്ലൂർ മാടത്ത് തെക്കേപ്പാട്ട് തറവാട്ടിലെ വാസു, എം.ടി വാസുദേവൻ നായർ എന്ന അതുല്യ സാഹിത്യകാരനിലേക്ക് വളർന്നു തുടങ്ങി. പിന്നീട് മലയാളി ജീവിതത്തിന്റെ പ്രതിഫലനങ്ങളായ എണ്ണിയാലൊതുങ്ങാത്ത കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ തൂലികയിൽ പിറവിയെടുത്തു.
സാഹിത്യജീവിതത്തിന്റെ സ്വാഭാവിക പരിണാമമായിരുന്നു എം.ടി
ക്ക് സിനിമയും. സ്വന്തം കൃതിയായ 'മുറപ്പെണ്ണി'ന് തിരക്കഥയെഴുതിയാണ് ചലച്ചിത്രലോകത്ത് പ്രവേശിക്കുന്നത്. തുടർന്ന് തിരക്കഥാകൃത്ത്, സംവിധായകൻ എന്നിങ്ങനെ മലയാള ചലച്ചിത്ര ചരിത്രത്തിലെ നാഴികക്കല്ലുകളായി മാറിയ അൻപതിലേറെ ചലച്ചിത്രങ്ങളുടെ പിന്നണിയിൽ അദ്ദേഹമുണ്ടായിരുന്നു. ചെറുകഥകൾ പോലെതന്നെ തേച്ചുമിനുക്കിയ സമഗ്രമായ തിരക്കഥകളായിരുന്നു അദ്ദേഹത്തിന്റേത്. എം.ടി. രൂപപ്പെടുത്തിയ കഥാപാത്രങ്ങൾ മലയാളത്തിലെ മഹാരഥന്മാരായ നടന്മാരുടെ പ്രതിഭയ്ക്ക് ഉരകല്ലായി തീരുകയും ചെയ്തു.
എം.ടി യുടെ സംഘാടനശേഷിയുടെ ഉദാഹരണമാണ് തുഞ്ചൻ പറമ്പ്. ആരും തിരിഞ്ഞു നോക്കാതിരുന്ന ഭാഷാ പിതാവിന്റെ മണ്ണിനെ മലയാള ഭാഷയുടെ കേന്ദ്രമായി വളർത്തുന്നതിൽ എം.ടി യുടെ അശ്രാന്ത പരിശ്രമവും കഠിനാധ്വാനവും ഉണ്ട്. 1992 ൽ തുഞ്ചൻ പറമ്പിന്റെ നേതൃപദവിയിലേക്ക് എം.ടി എത്തി. പിന്നീട് സ്വന്തം വീടുപോലെ , ഒരുപക്ഷെ അതിനേക്കാളേറെ എം.ടി തുഞ്ചൻ പറമ്പിനെ സ്നേഹിച്ചു. തുഞ്ചൻ പറമ്പിനെ മനോഹരമായ കലാ സാഹിത്യ ഭൂമികയാക്കി. രാജ്യത്തെ അറിയപ്പെടുന്ന എഴുത്തുകാരെയും ഇവിടെയെത്തിച്ചു. ആദ്യാക്ഷരം കുറിക്കാൻ ഇവിടേക്കെത്തിയ ആരോ കുഞ്ഞിനെയും ആവുന്നിടത്തോളം കാലം മടിയിലുരുത്തി അക്ഷര മധുരം പകർന്നു നൽകി.
എം.ടി യുടെ കോഴിക്കോട്
എം.ടി കഥകളുടെ പ്രഭവ കേന്ദ്രം കൂടല്ലൂരായിരുന്നെങ്കിലും, കോഴിക്കോടിന്റെ വഴികളിലാണ് എം.ടി വാസുദേവൻ നായർ എന്ന ലോക സാഹിത്യകാരൻ രൂപപ്പെട്ടത്. പത്രാധിപരായും, സിനിമയെഴുത്തുകാരനായും എം.ടി പരിണാമപ്പെട്ടത് കോഴിക്കോടിന്റെ മണ്ണിലാണ്. നടക്കാവ് കൊട്ടാരം റോഡിലെ 'സിത്താര' മലയാള സാഹിത്യത്തിന്റെ മേൽവിലാസമായിരുന്നു.
സിലോണിൽ നിന്ന് ലീവിന് വന്ന അച്ഛൻ നാരായണൻ നായരുടെ കൈ പിടിച്ചാണ് ആദ്യമായി എം.ടി കോഴിക്കോട്ടെത്തുന്നത്. അന്നുവരെ കൂടല്ലൂർ എന്ന ചെറുഗ്രാമം കണ്ടു വളർന്ന പന്ത്രണ്ടുവയസ്സുള്ള കുട്ടിക്ക് നഗരക്കാഴ്ചകൾ കൗതുകമായിരുന്നു. വളർന്നപ്പോൾ ജോലി തേടി പല തവണയെത്തി. 1956 ൽ ജോലിക്കായി കോഴിക്കോടെത്തി. പിന്നീട് കോഴിക്കോട്ടേക്ക് മേൽവിലാസം തന്നെ മാറ്റി. ചാലപ്പുറത്തെ ഷീറ്റ് വിരിച്ച ലോഡ്ജ് മുറിയിലായിരുന്നു ആദ്യകാലത്ത് താമസം. പിന്നീട് ആനി ഹാൾ റോഡിലെ ഇരുമുറി വീട്ടിൽ. എസ്.കെയും, ബഷീറും, ഉറൂബും, എൻ.പി യും, തിക്കോടിയനും, എൻ.എൻ. കക്കാടും നിറഞ്ഞു നിന്ന കോഴിക്കോട് പതിയെ എം.ടി യുടെ കൂടെ കോഴിക്കോടായി. കുതിരവണ്ടികൾ മാറി നിരത്തുകളിൽ വാഹനങ്ങൾ നിറഞ്ഞ ഇടവേളയിൽ എം.ടിയുടെ സാഹിത്യലോകം കോഴിക്കോടും കടന്ന് വളർന്നു, മാതൃഭൂമിയുടെ പത്രാധിപരായി. പത്രാധിപരായിരിക്കെ എം.ടി യുടെ പ്രോത്സാഹനത്തിൽ എഴുത്തിന്റെ ലോകത്ത് വിസ്മയം തീർത്ത എത്രയെത്ര പ്രതിഭകൾ.
കളർ ഫോട്ടോകൾ സജീവമായ കാലത്തും ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകളോടായിരുന്നു പ്രിയം. കോഴിക്കോട്ടെ സാഹിത്യകാരന്മാരുടെ സ്ഥിരം വേദിയായിരുന്ന 'കോലായ ചർച്ചകളിൽ സജീവമായിരുന്നില്ല എം.ടി. സാഹിത്യം ചർച്ച ചെയ്യണമെങ്കിൽ അത്രമേൽ പ്രിയപ്പെട്ടവരാകണം. ഉള്ളുതുറന്ന് ചിരിക്കാനും കരയാനും എം.ടിയ്ക്ക് തോളോട് തോൾ ചേർന്ന് നിൽക്കുന്നവർ വേണമായിരുന്നു. എൻ.പി മുഹമ്മദായിരുന്നു അക്കൂട്ടത്തിലെ പ്രധാനി. ആ കൂട്ടുകെട്ട് പിന്നീട് ഇരുവരും ചേർന്ന് എഴുതിയ 'അറബിപ്പൊന്ന്' വരെയെത്തി. വീട് അടുത്താണെങ്കിലും ഹോട്ടലിലെ മേശകളായിരുന്നു എന്നും പ്രിയപ്പെട്ട എഴുത്തിടം.
ആനിഹാളിന്റെ എതിർവശത്തെ നീലഗിരി ഹോട്ടലിൽ മുറിയെടുത്താണ് നിർമാല്യവും, ഓളവും തീരവും എഴുതിയത്. ക്വീൻ ഹോട്ടലിൽ ഇരുന്നാണ് മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളായ സദയത്തിനും താഴ് വാരത്തിനും തിരക്കഥ ഒരുക്കിയത്.
എം.ടി തന്നോളം തന്നെ സ്‌നേഹിച്ച നഗരമാണ് കോഴിക്കോട്. സാർത്ഥകമായ 67 വർഷമാണ് എം.ടി കോഴിക്കോട്, കോഴിക്കോട്ടുകാരനായി ജീവിച്ചത്. ആകാശത്തോളം ഉയരത്തിൽ എം.ടി എന്ന എഴുത്തുകാരൻ പടർന്നു പന്തലിക്കാൻ ആകാശമായ മണ്ണ്. എം.ടി യുടെ ഉള്ളിൽ കഥകളുടെ ഒരിക്കലും നിലയ്ക്കാത്ത നിളാനദി എന്നും ഒഴുകിയിരുന്നു. നിളാതീരം പോലെ, മലയാളം പോലെ കോഴിക്കോടും എം.ടിയുടെ വീടായിരുന്നു. എന്നും അതങ്ങനെതന്നെ തുടരും.