mt-vasudevan-nair

കോഴിക്കോട്: കുടുംബത്തിന് എം.ടി മിണ്ടാതിരിക്കുന്നത് ഒരു പുതുമയായിരുന്നില്ല. വീട്ടിലുണ്ടെങ്കിലും പുറത്താണെങ്കിലും നേരിലോ ഫോണിലോ മിണ്ടുന്നത് അപൂർവം. പക്ഷേ, ഒരിക്കലും മിണ്ടാത്തവിധം, സ്വതസിദ്ധമായ ആ മൂളൽപോലും ഇല്ലാതെയായപ്പോൾ സരസ്വതി ടീച്ചർക്കും മകൾ അശ്വതിക്കും താങ്ങാനാവുമായിരുന്നില്ല. മുഖ്യമന്ത്രിയും മോഹൻലാലുമടക്കം മലയാളം ഒന്നടങ്കം ഒഴുകി സിത്താരയിലെത്തുമ്പോഴും നിർവികാരമായിരുന്നു കുടുംബം.


വീട്ടിലെത്തിച്ച മൃതദേഹത്തിൽ ഭാര്യ കലാമണ്ഡലം സരസ്വതിയും മകൾ അശ്വതിയും പേരക്കുട്ടി മാധവും അന്ത്യചുംബനം നൽകി. ആശുപത്രിയിൽ നിന്ന് മൃതദേഹം വിട്ടുകിട്ടിയതു മുതൽ സംസ്‌കാരത്തിനെടുക്കും വരെ ഭാര്യയും കുടുംബവും കണ്ണും കാതും തുറന്ന് ആ അക്ഷരപുണ്യത്തിന് കൂട്ടിരിക്കുന്നത് ആദരാഞ്ജലിയർപ്പിക്കാനെത്തിയവരെയും കണ്ണീരിലാഴ്ത്തി.

പ്രിയപ്പെട്ട കഥാകാരനെ അവസാനമായി ഒരുനോക്കുകാണാൻ കേരളത്തിന്റെ പല കോണുകളിൽ നിന്നായി ആയിരങ്ങളാണ് ഒഴുകിയെത്തിയത്. പ്രിയപ്പെട്ട എഴുത്തുകാരന്റെ ചേതനയറ്റ ശരീരം കണ്ട് പലരും വിങ്ങിപ്പൊട്ടി. മലയാളത്തിന്റെ അക്ഷര വെളിച്ചത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ആദരമർപ്പിച്ചു. കുടുംബത്തെ ആശ്വസിപ്പിച്ചു. സിനിമ, കല, സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും ആദരാഞ്ജലികൾ അർപ്പിച്ചു.

എം.ടിയെ തീനാളങ്ങൾ കവർന്നിട്ടും രാത്രി വൈകിയും നന്ദി ചൊല്ലാൻ നഗരം 'സിതാര'യിലേക്കൊഴുകി. നഗരത്തിലെ പൊതുദർശനവും മോർച്ചറി വാസവും വേണ്ടെന്ന എം.ടിയുടെ ആഗ്രഹം കുടുംബം അതേപടി അനുസരിച്ചു. ഇന്നലെ പുലർച്ച നാലു മണിയോടെ നടൻ മോഹൻലാൽ പ്രിയപ്പെട്ട ഇതിഹാസത്തെ യാത്രയാക്കാനെത്തി. എന്നും കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ട സുഹൃത്തിനെ കാണാനെത്തിയ സംവിധായകൻ ഹരിഹരൻ വിതുമ്പിക്കരഞ്ഞു. തന്റെ പ്രിയ എം.ടിക്കരികിൽ അദ്ദേഹം മൗനിയായി. സാഹിത്യ തറവാട്ടിലെ കാരണവർക്ക് ഓർമപ്പൂക്കളർപ്പിക്കാൻ മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ, സജി ചെറിയാൻ, കെ. കൃഷ്ണൻകുട്ടി, എം.ബി.രാജേഷ്, പി. പ്രസാദ്, കെ.എൻ. ബാലഗോപാൽ, രാമചന്ദ്രൻ കടന്നപ്പള്ളി, ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള തുടങ്ങി നിരവധിപേർ എത്തിയിരുന്നു.