 
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തബാധിരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ദുരന്തബാധിതർ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധ മിരംമ്പി. ദുരന്തബാധിതരുടെ കൂട്ടായ്മയായ ജനശബ്ദം ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിൽ നൂറുകണക്കിന് ദുരന്തബാധിതർ പങ്കെടുത്തു. സ്ഥിരം പുനരധിവാസം വേഗത്തിൽ നടപ്പിലാക്കുക, ബാങ്ക് വായ്പകൾ എഴുതിത്തള്ളുക, കാണാതായവരുടെ ബന്ധുക്കൾക്ക് മരണ സർട്ടിഫിക്കറ്റ് നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. കൽപ്പറ്റ പുതിയ ബസ്റ്റാൻഡ് പരിസരത്തു നിന്നും പ്രകടനം ആരംഭിച്ചായിരുന്നു സമരം. ചെയർമാൻ നസീർ ആലക്കൽ, കൺവീനർ ഷാജിമോൻ ചൂരൽമല എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. രാഷ്ട്രീയത്തിന് അതീതമായി ദുരന്തബാധിതരുടെ ക്ഷേമം മാത്രം ലക്ഷ്യമാക്കിയാണ് സമരങ്ങൾ സംഘടിപ്പിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു.
ദുരന്തബാധിതർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ കേന്ദ്ര കേരള സർക്കാറുകൾ തയ്യാറാകണം. അല്ലാത്തപക്ഷം തിരുവനന്തപുരത്തും ഡൽഹിയിലും സമരം സംഘടിപ്പിക്കുമെന്ന് നേതാക്കൾ പറഞ്ഞു. ജില്ലാ കളക്ടർ സ്ഥലത്തെത്തി ചർച്ച നടത്തി ഉറപ്പുനൽകണമെന്ന ആവശ്യത്തിൽ സമരക്കാർ ഉറച്ചു നിന്നതോടെ കളക്ടർ ചർച്ചയ്ക്ക് ക്ഷണിച്ചു. തുടർന്ന് സമരക്കാർ മുന്നോട്ടുവച്ച ആവശ്യങ്ങൾ പരിഗണിക്കാമെന്ന ജില്ലാ കളക്ടറുടെ ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്.
ഉരുൾപൊട്ടൽ ദുരന്തബാധിതർ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ ജനകീയ സമിതി ചെയർമാൻ നസീർ അലക്കൽ പ്രസംഗിക്കുന്നു