 
@പി.കെ.ഗോപി
എഴുത്തുകൊണ്ട് നേടേണ്ടതെല്ലാം നേടി. സ്വദേശവും വിദേശവും സ്നേഹാദരങ്ങളാൽ അഭിഷേകം ചെയ്തു. കൈവച്ച മേഖലയിലെല്ലാം മുദ്രചാർത്തിയ പ്രതിഭയുടെ അപൂർവശോഭയുള്ള സർഗചൈതന്യം മരിക്കുമെന്നോ? ഇല്ല, ഒരിക്കലുമില്ല! എം.ടി എന്ന രണ്ടക്ഷരത്തിന് മലയാളമെന്ന വാക്കിനോളം മൂല്യമുണ്ട്. നാട്ടുമ്പുറത്തിന്റെ കഥ പറഞ്ഞ് ചിരപരിചിതമായ കഥാപാത്രങ്ങളെ കാലത്തിനും കാണിച്ചുകൊടുത്ത വലിയ എഴുത്തുകാരൻ. സ്നേഹത്തിന്റെ ദിവ്യമൂർത്തിയായി, മൗനത്തിന്റെ കവചമണിഞ്ഞ്, ആർക്കും പിടികൊടുക്കാത്ത അപൂർവ മാനോഹരമായ ഒരു ജീവിതം. കാപട്യത്തോട് സന്ധിചെയ്യാത്ത നിശ്ചയദാഢ്യം. അസ്വസ്ഥ സമുദ്രത്തെ ആരും കാണാതെ നെഞ്ചിലോ കണ്ണിലോ ഒളിച്ചുവച്ച ആർദ്രഹൃദയൻ. അടുത്തറിയുന്നവർ ആരാധിക്കും, അകലെ നിൽക്കുന്നവർ സംശയിക്കും. ആയിരം വാക്കുകൾക്ക് മറുപടി ചിലപ്പോൾ ഒറ്റ മൂളൽ. മറ്റുചിലപ്പോൾ തറപ്പിച്ചൊരു നോട്ടം. ബീഡിപ്പുകച്ചുരുളിൽ മുഖം പൂഴ്ത്തി ആരെയും ഗൗനിക്കാതെ ഒരിരുപ്പ്.
സ്വാതന്ത്ര്യത്തിന്റെ പതാകയ്ക്ക് ആയുസിന്റെ വർണങ്ങളത്രയും പകർന്ന് മലയാള സാഹിത്യത്തിൽ ജൈത്രയാത്രചെയ്ത എം ടിക്ക് ഏറ്റവും പ്രിയപ്പെട്ട മണ്ണ് തുഞ്ചൻപറമ്പായിരുന്നു. അവിടത്തെ പ്രായമേറിയ നാട്ടുമാവുകളോടും കായ്ക്കാത്ത കാഞ്ഞരമരത്തിനോടും സാക്ഷാൽ എഴുത്തച്ഛന്റെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. ഞങ്ങൾക്ക് എം ടി എഴുത്തച്ഛനാണ്, ആചാര്യനാണ്, ഗുരുവാണ്, സ്നേഹനിധിയായ ജ്യേഷ്ഠസുഹൃത്താണ്, മാതൃകയാണ്. മഹാജന്മങ്ങളെ മാടി വിളിച്ച് മനസിൽ കൊണ്ടുനടന്ന അസാധാരണ മനുഷ്യനാണ്. എം ടിയുടെ സാഹിത്യമോ, ചലച്ചിത്രമോ, ലേഖനമോ, നാടകമോ, ഗാനമോ, പുനരാഖ്യാനമോ, വിവർത്തനമോ, അറിയാത്തവർ യഥാർത്ഥ വായനക്കാർക്കിടയിലല്ല. ഈ കുറിപ്പ് അവയൊന്നും സ്പർശിക്കാനുള്ളതല്ല. ചിന്തകളുടെ ഒരു തീഗോളം നെഞ്ചിൽ ഉരുകിവീണു കുത്തുന്നു. അനേകലക്ഷം വായനക്കാരുടെ ഓർമ്മയിൽ എം.ടി. എം ടി.. എന്നു മാത്രം മുഴങ്ങുന്നു. തുഞ്ചൻ പറമ്പിൽ ഈ എളിയവൻ കൂടി ട്രസ്റ്റ് മെമ്പറായി പ്രവർത്തിക്കുന്നത് എം ടിയുടെ സാന്നിദ്ധ്യമുള്ളതുകൊണ്ട് മാത്രമാണ്. മലയാള ഭാഷയുടെ മകുടനിലാവേ, അസ്തമിക്കാൻ നേരമായെങ്കിൽ ആർക്ക് തടയാനാവും?! അടിമുടി വെന്തെരിയുന്ന അജ്ഞാതമായൊരു തീവ്രവേദന മറക്കാൻ, ' രണ്ടാമൂഴം ' മറിച്ചു നോക്കട്ടെ. കഥകളുടെ പണിപ്പുരയിൽ നിന്ന് പെരുന്തച്ചൻ അപ്രത്യക്ഷമായിരിക്കുന്നു. പക്ഷേ, അളവുകോലും ആത്മരേഖകളും അലൗകിക കാന്തിയോടെ ഒരിക്കലും അവസാനിക്കാതെ മലയാളക്കരയിൽ ലയിച്ചുകിടക്കും!