bus

കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് പുത്തൻ സ്റ്റൈലിൽ നിരത്തിലേക്ക്. രൂപമാറ്റം വരുത്തിയ ബസ് ബംഗളുരുവിൽ നിന്നും ഇന്നലെ രാവിലെ കോഴിക്കോട് ഡിപ്പോയിലെത്തി. കോഴിക്കോട് - ബംഗളുരു റൂട്ടിൽ ഉടൻ സർവീസ് പുനരാരംഭിക്കും. എന്നാൽ സർവീസ് എപ്പോൾ തുടങ്ങണമെന്ന് സർക്കാർ അന്തിമതീരുമാനമെടുക്കാത്തതിനാൽ

ബുക്കിഗ് ആരംഭിച്ചിട്ടില്ല. ടിക്കറ്റ് നിരക്ക് കുറയ്ക്കാനും സമയക്രമത്തിൽ മാറ്റം വരുത്താനും ആലോചനയുണ്ട്. ഉയർന്ന നിരക്ക് ഒഴിവാക്കി സ്റ്റേജ് ഫെയറും സർ‌വീസ് ക്രമത്തിലും മാറ്റമുണ്ടാകും.

'ഗരുഡ പ്രീമിയം' എന്ന പേരിൽ മേയ് 5 മുതലാണ് കെ.എസ്.ആർ.ടി.സി കോഴിക്കോട് - ബംഗളുരു റൂട്ടിൽ സർവീസ് ആരംഭിച്ചത്. ആദ്യ ദിവസങ്ങളിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും പിന്നീട് കുറഞ്ഞു തുടങ്ങി. സൗകര്യപ്രദമല്ലാത്ത സമയക്രമവും ഉയർന്ന ടിക്കറ്റ് നിരക്കും ഇടക്കിടെ പണി മുടക്കുന്നതുമായിരുന്നു യാത്രക്കാരെ അകറ്റിയത്. ഇതിനിടെ ജൂലൈയിൽ ബസ് പൂർണമായും കട്ടപ്പുറത്തായി. അഞ്ചുമാസത്തിന് ശേഷമാണ് അറ്റകുറ്റപ്പണി നടത്തി ബസ് വീണ്ടും നിരത്തിലിറങ്ങാനൊരുങ്ങുന്നത്.

പുലർച്ചെ 4ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് 11.30ന് ബംഗളുരുവിലെത്തും. 2.30ന് ബംഗളുരുവിൽ നിന്ന് പുറപ്പെട്ട് രാത്രി 10നു കോഴിക്കോടെത്തുന്ന രീതിയിലായിരുന്നു സർ‌വീസുണ്ടായിരുന്നത്. എന്നാൽ, പലപ്പോഴും ഗതാഗതക്കുരുക്കിൽപ്പെട്ടും മറ്റ് സാങ്കേതിക പ്രശ്നങ്ങൾ കാരണവും ബസ് വൈകുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. അതോടെ ബസിൽ ആളും കുറഞ്ഞു. ഇരുഭാഗത്തേക്കുമായി 18പേർ മാത്രം യാത്ര ചെയ്ത ദിവസങ്ങളുണ്ട്. മുഴുവൻ സീറ്റും നിറഞ്ഞാൽ പ്രതിദിനം 65,000 രൂപ വരുമാനം ലഭിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. പലപ്പോഴും അത്രയും ലഭിക്കാത്ത സ്ഥിതിയുമുണ്ടായി.

പുത്തൻ മാറ്റങ്ങൾ
പുത്തൻ മാറ്റങ്ങളോടെയാണ് ബസ് വീണ്ടും നിരത്തിലിറക്കുന്നത്. 11 സീറ്റുകൾ അധികമായി ഘടിപ്പിച്ച് 37 സീറ്റുകളാക്കി. നേരത്ത 26 സീറ്റുകളായിരുന്നു. ശുചിമുറി നിലനിർത്തി. ബസിന്റെ ഹൈഡ്രോളിക് ലിഫ്റ്റ് അടങ്ങുന്ന മുൻഭാഗത്തുള്ള വാതിൽ ഒഴിവാക്കി സാധാരണ വാതിലാക്കി. പിൻ ഡോറും ഒഴിവാക്കിയിട്ടുണ്ട്. ബസിന്റെ നിറത്തിലോ ബോഡിയിലോ മാറ്റങ്ങളില്ല. 1280 രൂപയായിരുന്നു ബസ്സിന്റെ ടിക്കറ്റ് നിരക്ക്. എന്നാൽ ഇത് 930 രൂപയോ അതിൽ കുറവോ രൂപയാക്കി കുറയ്ക്കാനാണ് സാദ്ധ്യത. ബസിന്റെ റൂട്ടിലും മാറ്റമുണ്ടാകും. ബാഗ്ലൂർ സർവീസ് ഒഴിവാക്കി കോഴിക്കോട് തിരുവനന്തപുരം റൂട്ടിൽ ഓടിക്കാനും സാദ്ധ്യതയുണ്ട്.

''ഇന്ന് രാവിലെയാണ് ബസ് ഇവിടെത്തിച്ചത്. എന്നാൽ എന്ന് സർ‌വീസ് ആരംഭിക്കുമെന്ന് സർക്കാർ തീരുമാനം വന്നിട്ടില്ല. അതുകൊണ്ട് ബുക്കിംഗും തുടങ്ങിയില്ല. പെട്ടെന്നുതന്നെ സർവീസ് തുടങ്ങാൻ സാധിക്കുമെന്നാണ് പ്രതീക്ഷ''

നസീർ, എ.‌ടി.ഒ,

കെ.എസ്.ആർ.ടി.സി കോഴിക്കോട്