 
അതൊരു സൗഭാഗ്യ കാലമായിരുന്നു. 1991ലെ പി.വി.നരസിംഹറാവു മന്ത്രിസഭയിൽ കൃഷി സഹകരണ വകുപ്പ് സഹമന്ത്രിയായിരുന്ന കാലത്താണ് അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന ഡോ. മൻമോഹൻ സിംഗിനെ പരിചയപ്പെടുന്നത്. ഇന്ത്യൻ കാർഷിക രംഗത്തെക്കുറിച്ച് കൃത്യമായ ബോദ്ധ്യങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. പ്രധാനമന്ത്രിയായി അദ്ദേഹം അധികാരമേറ്റെടുത്ത സമയം ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ പോവുകയായിരുന്നു. അന്നും 72,000 കോടി രൂപയുടെ കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ അദ്ദേഹം തയ്യാറായി.
ഡോ. മൻമോഹൻ സിംഗിന്റെ ക്യാബിനറ്റിൽ തുടർച്ചയായി അഞ്ചു വർഷക്കാലം ആഭ്യന്തര സഹമന്ത്രിയായി പ്രവർത്തിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ വലിയ സൗഭാഗ്യമാണ്. ആഭ്യന്തര സഹമന്ത്രിയായി നിയമിക്കാനുള്ള തീരുമാനം അദ്ദേഹം എന്നെ നേരിട്ടുവിളിച്ച് അറിയിക്കുകയായിരുന്നു. കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും അപ്പോൾ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രാധാന്യം അറിയിച്ചതോടൊപ്പം ഗൗരവപൂർണമായ ഉത്തരവാദിത്വമാണ് അതെന്നും അദ്ദേഹം ബോദ്ധ്യപ്പെടുത്തി. അദ്ദേഹത്തിന്റെ വാക്കുകളിൽ എന്നിലുള്ള വിശ്വാസം പ്രകടമായിരുന്നു.
ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട് നടക്കാറുള്ള മണിക്കൂറുകൾ നീളുന്ന ചർച്ചയിൽ മുടങ്ങാതെ പങ്കെടുത്തിരുന്നു അദ്ദേഹം. ഉച്ചഭക്ഷണ സമയം അദ്ദേഹത്തോടൊപ്പം ചെലവഴിച്ചത് എനിക്കൊരിക്കലും മറക്കാനാകില്ല. ചർച്ചകളുടെ ഇടവേളകളിൽ വിജ്ഞാൻ ഭവനിലെ വിശ്രമമുറിയിൽ സ്വന്തം വീട്ടിൽ നിന്ന് ഒരു ചെറിയ ടിഫിൻ ബോക്സിൽ കൊണ്ടുവരുന്ന സബ്ജിയും റൊട്ടിയും കഴിച്ച ഡോ. മൻമോഹൻ സിംഗ് എനിക്ക് വിസ്മയമായിരുന്നു. തന്റെ കുട്ടിക്കാലത്ത് അനുഭവിച്ച ബുദ്ധിമുട്ടുകളെ പറ്റിയും അദ്ദേഹം എന്നോട് സംസാരിച്ചിട്ടുണ്ട്. ഒരു ചെരുപ്പ് വേണമെന്നതായിരുന്നു ചെറുപ്പത്തിലെ ഏറ്റവും വലിയ ആഗ്രഹം. ഇത്രയധികം ബുദ്ധിമുട്ടുകൾ നേരിട്ട ബാല്യത്തിൽ നിന്ന് അദ്ദേഹം എത്തിച്ചേർന്ന ഉയരങ്ങൾ ഏവർക്കും മാതൃകയാണ്. ഏഴ് പ്രധാനമന്ത്രിമാരുടെ കൂടെ ധനകാര്യ വിദഗ്ദ്ധനായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് രാജ്യത്തെ കരകയറ്രിയത് അദ്ദേഹത്തിന്റെ സാമ്പത്തിക പരിഷ്കരണ നടപടികളായിരുന്നു. അദ്ദേഹത്തിന്റെ ദീപ്തമായ ഓർമ്മകൾക്കു മുമ്പിൽ ആദരാഞ്ജലികൾ.