കോഴിക്കോട്: കഴിഞ്ഞദിവസം പതിനായിരങ്ങൾ ഒഴുകിയെത്തിയ കോഴിക്കോട്ടെ 'സിത്താര" ഇന്നലെ എം.ടിയുടെ മഹാമൗനം പോലെ നിദ്ര യിലാണ്ടു. ഒറ്റയ്ക്കും തെറ്റയ്ക്കും ചിലർ വന്നുപോയതൊഴിച്ചാൽ ബഹളങ്ങളേതുമില്ല. അകത്ത് സരസ്വതി ടീച്ചറും അശ്വതിയും അടുത്തബന്ധുക്കളും ആ മഹാരഥന്റെ ഓർമ്മകളിൽ ഇടയ്‌ക്ക് മിണ്ടിയും പറഞ്ഞുമിരുന്നു.
കടന്നു വരുന്നവർക്കൊന്നും മുമ്പിൽ വാതിൽ കൊട്ടിയടക്കാറില്ലെങ്കിലും എന്നും മൗനിയായിരുന്നു എം.ടി. അദ്ദേഹത്തെ ഓർമ്മിക്കുന്നതായിരുന്നു നടക്കാവ് കൊട്ടാരം റോഡിലെ സിത്താരയും ഇന്നലെ. സ്വീകരണ മുറിയിൽ ചുണ്ടിലെരിയുന്ന ബീഡിയുമായി പുസ്തകത്തെ ആർത്തിയോടെ വിഴുങ്ങുന്ന എം.ടിയെന്ന അക്ഷര പുണ്യം ഇനിയില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ സമയമെടുക്കുന്നതു പോലെ.
സംവിധായകനും നടനുമായ ബേസിൽ ജോസഫ്, മേജർ രവി, ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, മുസ്ലിംലീഗ് ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി, എഴുത്തുകാരി ബി.എം. സുഹറ തുടങ്ങിയവർ കുടുംബത്തെ ആശ്വസിപ്പിക്കാനെത്തി.