
കോഴിക്കോട്: 'അറിയാത്ത ആഴങ്ങളെ ഗർഭത്തിൽ വഹിക്കുന്ന സമുദ്രങ്ങളേക്കാൾ അറിയുന്ന എന്റെ നിളാനദിയാണ് എനിക്കിഷ്ടം.."- പലവുരു എം.ടിയും സാഹിത്യലോകവും മന്ത്രിച്ച വാക്കുകൾ. ഒടുക്കം ആ നിളയിലേക്ക് നിറയുകയാണ്, എഴുത്തിന്റെ പെരുന്തച്ഛൻ. നാളെ പുലർച്ചെ തിരുന്നാവായ മണപ്പുറത്തെ കർമ്മങ്ങളോടെ എം.ടിയുടെ ചിതാഭസ്മം മകളും ബന്ധുക്കളും ചേർന്ന് നിളയിലൊഴുക്കും.
'അച്ഛന്റെ ജീവിതത്തിനും എഴുത്തിനോടും ചേർന്ന് നിൽക്കുന്ന ഇഴപിരിക്കാനാവാത്ത ബന്ധമാണ് നിളാനദിയുമായി. അദ്ദേഹം പറയുകയോ എഴുതിവയ്ക്കുകയോ ചെയ്തിട്ടില്ല. പക്ഷേ അച്ഛനിനി ഒഴുകേണ്ടത് നിളയായിട്ടാണെന്ന ബോദ്ധ്യത്തിൽ നിന്നാണ് അങ്ങനെ ഒരു തീരുമാനം"- മകൾ അശ്വതി പറഞ്ഞു. ഞായറാഴ്ച പുലർച്ചെയാണ് മാവൂർ റോഡ് ശ്മശാനത്തിൽ അഞ്ചാം നാളിലെ അന്ത്യകർമ്മങ്ങൾ നടക്കുക. അതിനുശേഷം അസ്ഥിയും ചിതാഭസ്മവും ശേഖരിക്കും. പിന്നാലെ നിളാതീരത്തേക്ക് പോകും. തികച്ചും സ്വകാര്യമായിരിക്കും ചടങ്ങ്. ചികിത്സാ സമയത്തും വേർപാടിലും ഒപ്പം നിന്ന എല്ലാവർക്കും അശ്വതി നന്ദി അറിയിച്ചു.
നിളയെന്ന പേര് എന്നാണ് മനസിൽ പതിഞ്ഞതെന്ന് മലയാളിയോട് ചോദിച്ചാൽ എം.ടി എഴുതി തുടങ്ങിയതു മുതലെന്നാകും അതിനുത്തരം. എം.ടിയുടെ കഥാപാത്രങ്ങളിൽ പലരും ഈ പുഴ താണ്ടിയവരാണ്.
കൂടല്ലൂരിലെ മാടത്ത് തെക്കേപാട്ട് തറവാട്ട് വീടിന് പിന്നിലൂടെ നടന്നാൽ താണിക്കുന്നാണ്. ആ തറവാട്ടിലാണ് നാലുകെട്ടും കാലവും പിറന്നത്. എല്ലാറ്റിനും പശ്ചാത്തലം നിളയും. മഹാഭാരതമെന്ന ഇതിഹാസകാവ്യത്തിൽ നിന്ന് ഭീമൻ തന്നിലെത്തിയപ്പോൾ അതിറക്കിവയ്ക്കാൻ പറ്റിയ ഇടം മറ്റെവിടെയും എം.ടിക്ക് അന്വേഷിക്കാനുണ്ടായിരുന്നില്ല. താണിക്കുന്നിലേക്കുള്ള കയറ്റത്തിലാണ് വിലാസിനിയേടത്തിയുടെ വീട്. അവിടെയായിരുന്നു ഇതിഹാസ നോവൽ രണ്ടാമൂഴം പിറന്നത്. ഭീമൻ സൗഗന്ധികം തേടിയത് നിളാതീരത്തല്ലെങ്കിലും സേതുവും സുമിത്രയും ഗോവിന്ദൻകുട്ടിയും വേലായുധനുമെല്ലാം പലവട്ടം ഈ തീരത്തും പുഴയിലും സങ്കടങ്ങളും ക്ഷോഭങ്ങളും ഇറക്കിവച്ചിട്ടുണ്ട്. ഒടുക്കം ആ പുഴയിൽ എം.ടിയും ചേരുകയാണ്.