park
ബീച്ച് ലയൺസ് പാർക്ക്

കോഴിക്കോട്: നഗരത്തിന്റെ മുഖ്യ ആകർഷണങ്ങളിലൊന്നായിരുന്ന ബീച്ച് ലയൺസ് പാർക്കിനു ശാപമോക്ഷം. പാർക്ക് പുതുക്കിപ്പണിയുന്നതിനുള്ള ടെൻഡർ നടപടികളിലേക്ക് അടുത്തമാസം കടക്കുമെന്ന് ഡെപ്യൂട്ടി മേയർ സി.പി.മുസഫർ അഹമ്മദ് അറിയിച്ചു. കോർപറേഷൻ പ്രത്യേക കൗൺസിൽ യോഗത്തിലാണ് തീരുമാനം. അമൃത് പദ്ധതിയിൽ ലയൺസ് പാർക്ക്, വെസ്റ്റ്ഹിൽ മലിന ജല സംസ്കരണ പ്ലാന്റ് എന്നിവയുടെ വിവിധ റിപ്പോർട്ടുകൾ തയ്യാറാക്കാനുള്ള ക്വട്ടേഷൻ കൗൺസിൽ യോഗം അംഗീകരിച്ചു. സി.ആർ.സെഡ് മാപ്പും റിപ്പോർട്ടും തയ്യാറാക്കാനുള്ള ക്വട്ടേഷനാണ് അംഗീകാരമായത്. രണ്ട് പദ്ധതികൾക്കുമായി ജി.എസ്.ടിയടക്കം 4.72 ലക്ഷം രൂപയുടെ വീതം ക്വട്ടേഷനാണ് അംഗീകരിച്ചത്. നേരത്തേ സരോവരം, ആവിക്കൽതോട്, കോതി മലിനജല സംസ്കരണ പ്ലാന്റുകളുടെ സി.ആർ.സെഡ് റിപ്പോർട്ട് തയ്യാറാക്കിയ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റിമോട്ട് സെൻസിംഗ് കമ്പനിയ്ക്ക് തന്നെയാണ് കരാർ. വായിക്കാനിടവും കളി ഉപകരണങ്ങളും കുളവും തുടങ്ങി ആധുനിക സജ്ജീകരണങ്ങളോടെയാണ് പാർക്ക് നവീകരിക്കുക. പാർക്ക് നവീകരണം കോർപ്പറേഷൻ ഏറ്റെടുത്തിട്ട് വർഷങ്ങളായെങ്കിലും ഇതുവരെ ഒരു നവീകരണ പ്രവൃത്തിയുമുണ്ടായിരുന്നില്ല. സെൻട്രൽ മാർക്കറ്റ് പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി തൊഴിലാളികൾക്ക് ബദൽ സംവിധാനമൊരുക്കാൻ തൊട്ടടുത്ത സ്ഥലം ലീസിലെടുത്ത് നൽകാനും കൗൺസിലിൽ അനുമതിയായി.

അമൃത് ഫണ്ട് ഭരണപക്ഷ വാർഡുകൾക്ക് വാരിക്കോരി നൽകുമ്പോൾ പ്രതിപക്ഷ വാർഡുകളെ കൂടി പരിഗണിക്കണമെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആവശ്യപ്പെട്ടു. കെ.മൊയ്തീൻ കോയ, കെ.സി. ശോഭിത, ടി.റനീഷ്, കെ.റംലത്ത്, എം.സി.അനിൽകുമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.