sathi
മറീന ബീച്ചിലെ തിരക്ക് . ഫുഡ് സ്റ്റാൾ സജീവമായപ്പോൾ

ബേപ്പൂർ: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിൻ്റെ നിര്യാണത്തെ തുടർന്നുള്ള ദു:ഖാചരണത്തിൻ്റെ ഭാഗമായി ബേപ്പൂർ വാട്ടർ ഫെസ്റ്റിനോട് അനുബന്ധിച്ച് നടക്കേണ്ടിയിരുന്ന വിവിധ കലാപരിപാടികളും ജലസാഹസിക കായിക പ്രദർശനവും നിറുത്തിവെച്ചെങ്കിലും മറീന ബീച്ചിലേക്കും ചാലിയത്തേക്കും ജനങ്ങളുടെ ഒഴുക്ക് തുടരുകയാണ്. 27, 28, 29 തിയതികളിലായിരുന്നു വാട്ടർ ഫെസ്റ്റ് നിശ്ചയിച്ചിരുന്നത്. ജനങ്ങളുടെ നിരന്തരമായ അഭ്യർത്ഥനയെ തുടർന്ന് വാട്ടർ ഫെസ്റ്റിൻ്റെ ഭാഗമായ ഫുഡ് ഫെസ്റ്റ് അനൗദ്യോഗികമായി പുന:രാരംഭിച്ചു. ഫുഡ് ഫെസ്റ്റിൻ്റെ ഭാഗമായി സ്റ്റാളുകൾ നടത്തുന്നവർ മുൻകുട്ടി സ്റ്റാളിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ശേഖരിച്ചതിൻ്റെ അടിസ്ഥാനത്തിൻ സ്റ്റാളുടമകൾക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടാകാനുള്ള സാദ്ധ്യതയുടെ അടിസ്ഥാനത്തിലാണ് ഫുഡ് ഫെസ്റ്റ് പ്രവർത്തനം തുടങ്ങിയത്. ചാലിയം, മറീന ബീച്ച് എന്നിവിടങ്ങളിലായി 300 ലധികം സ്റ്റാളുകൾ പ്രവർത്തിക്കുന്നുണ്ട്. ഇരു ചക്രവാഹനങ്ങൾ ഒഴികെ മറ്റ് വാഹനങ്ങൾ പുലിമൂട് ഭാഗത്തേക്ക് കടത്തിവിടാതെ ബേപ്പൂർ പൊലീസിൻ്റെ നേതൃത്വത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വാട്ടർ ഫെസ്റ്റ് വളണ്ടിയർമാരും സജീവമായി രംഗത്തുണ്ട്. ഉല്ലാസ ബോട്ടുകളും പ്രവർത്തനം തുടങ്ങി. ജങ്കാറിലും ഉല്ലാസ ബോട്ടുകളിലും ഇന്നലെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. 31 വരെയാണ് ഫുഡ് ഫെസ്റ്റ് നടക്കുക. അലങ്കാരദീപങ്ങൾ തെളിയിക്കാൻ തുടങ്ങിയിട്ടില്ല. ജനുവരി 4 , 5 തിയതികളിലായാണ് വാട്ടർ ഫെസ്റ്റിൻ്റെ ഭാഗമായി നടക്കേണ്ടിയിരുന്ന വിവിധ ജലസാഹസിക കായികപരിപാടികളും സംഗീത വിരുന്നും നടക്കും.