sss
എളമരം അങ്ങാടിയിൽ ബസ് എത്തിയപ്പോൾ സ്വീകരിക്കുന്ന നാട്ടുകാർ

മാവൂർ: കാത്തിരിപ്പിന് വിരാമം; ഏറെ നാൾക്ക് ശേഷം എളമരം പാലത്തിലൂടെ സ്വകാര്യ ബസ് സർവീസ് നടത്തി. ബസ് അനുവദിച്ചെങ്കിലും ആർക്കും ഉപകരിക്കാത്ത തികച്ചും അശാസ്ത്രീയമായ സമയ ക്രമമാണെന്ന് നാട്ടുകാർ പറയുന്നു. ആദ്യ സർവീസ് പുലർച്ചെ മൂന്നുമണിക്കാണ് കൊണ്ടോട്ടിയിൽ നിന്ന് ആരംഭിക്കുന്നത്. ഈ സമയം ആർക്കും പ്രയോജനപ്പെടുന്നില്ല രണ്ടാമത് സർവീസ് കൊണ്ടോട്ടിയിൽ തുടങ്ങി എടവണ്ണ പാറയിൽ 20 മിനിട്ട് നിർത്തിയിടണം. പിന്നെ മാവൂരിൽ 39 മിനിട്ട് നിർത്തിയിട്ട ശേഷം മാത്രമേ കോഴിക്കോട് യാത്ര തുടരു. നിലവിലെ ഈ സമയക്രമം വിദ്യാർത്ഥികൾക്കും വിവിധ സ്ഥാപനങ്ങളിൽ ജോലിക്ക് പോകുന്നവർക്കും പ്രയോജനപ്പെടുന്നില്ല. എങ്കിലും ഭാവിയിൽ സമയക്രമത്തിൽ മാറ്റമുണ്ടാകുമെന്നാണ് പൊതു ജനങ്ങളും ആക്ഷൻ കമ്മിറ്റിയും പ്രതീക്ഷിക്കുന്നതെന്നും നാട്ടുകാർ പറയുന്നു.

കോടികൾ ചെലവഴിച്ച് രണ്ട് ജില്ലകളെ ബന്ധിപ്പിക്കുന്ന എളമരം,​ കൂളിമാട് പാലത്തിൽ സ്വകാര്യ ബസ് സർവീസില്ല എന്ന വാർത്ത കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. രണ്ട് പാലങ്ങളും ജനങ്ങൾക്കായി തുറന്ന് കൊടുത്തിട്ട് ഒരുപാട് നാളായി. പക്ഷേ ഇതുവരെ ബസ് സർവീസ് നടത്തിയിരുന്നില്ല. പിന്നീട് നാട്ടുകാർ എളമരം ആക്ഷൻ കമ്മറ്റി രൂപീകരിച്ച് നടത്തിയ സമരത്തിൻ്റെ ഒടുവിലാണ് സ്വകാര്യ ബസ് എളമരം പാലത്തിലൂടെ ഇന്നലെ വൈകീട്ട് നാലിന് സർവീസ് ആരംഭിച്ചത്. ആഘോഷപൂർവം ബസിനെ സ്വീകരിക്കാൻ ചടങ്ങ് സംഘടിപ്പിച്ചുരുന്നുവെങ്കിലും മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗിൻ്റെ നിര്യണത്തെ തുടർന്നുള്ള ദുഃഖാചരണത്തിൻ്റെ ഭാഗമായി മാറ്റിവെക്കുകയായിരുന്നു. എങ്കിലും മധുരം വിതരണം ചെയ്തുകൊണ്ട് ജനങ്ങൾ ബസിനെ വരവേറ്റു. വർഷങ്ങളായി പാലത്തിലൂടെയുള്ള സ്വകാര്യ ബസ് സർവീസ് അനുവദിക്കാതെ ചുവപ്പ് നാടയിൽ കുരുങ്ങി താമസിക്കാൻ കാരണം ബസ് മാഫിയകളും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ട് കെട്ടാണെന്നാണ് നാട്ടുകാർ പറയുന്നത്.