bus

കോഴിക്കോട്: ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തി ബസുമായി നിരത്തിൽ 'അഭ്യാസം' കാട്ടുന്ന ഡ്രൈവർമാരെ പിടിക്കാൻ ഒളികണ്ണുമായി ട്രാഫിക് പൊലീസ്. നഗര റോഡിലൂടെ ചീറിപ്പായുന്നതും യാത്രക്കാരെ കയറ്റാൻ തോന്നുന്നിടത്തെല്ലാം തലങ്ങും വിലങ്ങും നിർത്തുന്നതും വലിയ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്ന സാഹചര്യത്തിലാണ് നടപടി കടുപ്പിക്കാൻ ട്രാഫിക് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. നഗരത്തിൽ മാനാഞ്ചിറ എൽ.ഐ.സി ബസ് സ്റ്റോപ്പ്, കിഴക്കെ നടക്കാവ്, സ്റ്റേഡിയം ജംഗ്ഷൻ, പാവങ്ങാട്, മാവൂർ റോഡ്, മീഞ്ചന്ത തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ബസുകാരുണ്ടാക്കുന്ന കുരുക്ക് ചെറുതല്ല. നടുറോഡിൽ തോന്നും പോലെ ബസുകൾ നിർത്തുമ്പോൾ ജീവൻ കൈയിൽപിടിച്ചാണ് യാത്രക്കാർ ബസിൽ കയറിപ്പറ്റുന്നത്. സിറ്റി ബസുകൾ മാത്രമല്ല, ഉൾപ്രദേശങ്ങളിലേക്കുള്ള ബസുകളും, കണ്ണൂർ, തൃശൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ദീർഘദൂര ബസുകളും ഇതേ രീതിയാണ് പിൻതുടരുകയാണ്. ഗതാഗതക്കുരുക്കിനിടയിൽ സമയക്രമം പാലിക്കാനാണ് ബസുകാരുടെ പെടാപ്പാടെങ്കിലും മനുഷ്യജീവനുകൾക്ക് പുല്ലുവില കൽപ്പിക്കുകയാണ്. പുതുവത്സര ആഘോഷത്തിനുള്ള ഒരുക്കം തുടങ്ങിയതോടെ നഗരത്തിൽ തിരക്ക് പതിവിൽ അധികം കൂടിയിട്ടുണ്ട്. അതിനിടയിലാണ് ബസുകളുടെ മത്സരയോട്ടവും. ബസ് സ്റ്റോപ്പ് ഇല്ലാത്തയിടങ്ങളിൽ യാത്രക്കാരെ വേഗത്തിൽ കയറ്റാനും ഇറക്കാനുമായി ഓട്ടോമാറ്റിക് ഡോർ തുറന്നിടുന്നതും പതിവ് കാഴ്ചയായിട്ടുണ്ട്. പല ബസുകളിലും യാത്രക്കാർ ആവശ്യപ്പെട്ടാൽ മാത്രമാണ് ഡോറുകൾ അടയ്ക്കുന്നത്.

 ട്രിപ്പ് മുടങ്ങാതിരിക്കാൻ തിരക്കുകൂട്ടൽ

ദേശീയ പാത വികസനത്തിന്റെ ഭാഗമായി ജില്ലയുടെ പലഭാഗത്തും റോഡുകൾ പൊളിച്ചിട്ടിരിക്കുകയാണ്. ബസുകൾക്ക് മിനിറ്റുകളുടെ വ്യത്യാസത്തിൽ സമയക്രമം അനുവദിക്കുന്നതാണ് മത്സരയോട്ടത്തിനു കാരണമാകുന്നതെന്ന പരാതിയുമുണ്ട്. തകർന്ന റോഡുകളിലൂടെ നിശ്ചിത സമയത്ത് ഓടിയെത്തുകയെന്നത് പ്രതിസന്ധിയാണെന്ന് ബസ് ജീവനക്കാർ പറയുന്നു.

നഗരത്തിലെ ഗതാഗതക്കുരുക്ക് പല ട്രിപ്പുകളും മുടങ്ങാൻ കാരണമാകുന്നുണ്ടെന്ന് ഇവർ പറയുന്നു. ട്രിപ്പ് മുടങ്ങിയാൽ താത്കാലികമായി ബസുകൾ പാർക്ക് ചെയ്യാനും നഗരത്തിൽ സൗകര്യമില്ല. ഇതെല്ലാം സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നാണ് ബസുടമകളും, ജീവനക്കാരും പറയുന്നത്. ഇത് പരിഹരിക്കാൻ ശാസ്ത്രീയമായ ട്രാഫിക് പരിഷ്കരണങ്ങൾ ആവശ്യമാണെന്നാണ് ഇവരുടെ ആവശ്യം.

" സ്റ്റോപ്പ് അനുവദിച്ചിടത്തുനിന്ന് മാത്രമേ ആളുകളെ ബസിൽ കയറ്റാവൂ എന്ന് പലതവണ നിർദ്ദേശം നൽകിയതാണ്. ബസുകൾ ഇത് പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാൽ പെർമിറ്റ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ എടുക്കാനാണ് നിർദ്ദേശം. തിരക്കുള്ള ഇടങ്ങളിൽ ട്രാഫിക് എയ്ഡ് നിർമിക്കാനും പദ്ധതിയുണ്ട്.

- ഗോപകുമാർ (ട്രാഫിക് സി.ഐ, കോഴിക്കോട് സിറ്റി)