കോഴിക്കോട്: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് കോഴിക്കോട് ചേളന്നൂർ പോഴിക്കാവിൽ കുന്നിടിച്ച് ദേശീയപാതയ്ക്കായി മണ്ണെടുക്കുന്നതിനെതിരെ സമര സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ പൊലീസ് അതിക്രമം. പൊലീസും നാട്ടുകാരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു. രണ്ട് സ്ത്രീകൾക്കടക്കം പരിക്കേറ്റു.

പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. സുരേഷ് കുമാറിനെ പൊലീസ് ബൂട്ടിട്ട് ചവിട്ടി. ചേളന്നൂർ പഞ്ചായത്ത് വെെസ് പ്രസിഡന്റ് ഗൗരി പുതിയോത്ത് ഉൾപ്പെടെ 20 ഓളംപേരെ പൊലീസ് അറസ്റ്റ് ചെയ്തശേഷം വിട്ടയച്ചു. സാരമായി പരിക്കേറ്റ നിഖില പൊറായിൽ, എം.ശ്രീജ എന്നിവരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിഷേധവുമായെത്തിയ 200 ഓളംപേരെ യാതൊരു പ്രകോപനവും കൂടാതെയാണ് പൊലീസ് ആക്രമിച്ചതെന്ന് സമരസമിതി കൺവീനർ പ്രദീപ് കുമാർ പറഞ്ഞു.

ദേശീയപാത നിർമ്മാണത്തിനായി കുന്നിടിച്ച് അശാസ്ത്രീയമായി മണ്ണെടുക്കുന്നതിനെതിരെ

സമരസമിതി നൽകിയ ഹർജിയിൽ ജനുവരി 15ന് ജില്ലാ കളക്ടർ റിപ്പോർട്ട് നൽകുന്നതുവരെ മണ്ണെടുപ്പ് നിറുത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പോഴിക്കാവ് കുന്നിനെ തട്ടുകളാക്കി തിരിച്ച് ഫില്ലറുകൾ വാർത്തതിനുശേഷമേ മണ്ണെടുക്കാവൂ എന്നും കോടതി നിർദ്ദേശിച്ചിരുന്നു.

ജിയോളജി വകുപ്പ് നടത്തിയ സർവേയിലും മണ്ണെടുപ്പ് അശാസ്ത്രീയമാണെന്ന് കണ്ടെത്തിയിരുന്നു. ജില്ലാ കളക്ടർക്ക് ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകിയതിനെ തുടർന്ന് മണ്ണെടുപ്പ് നിറുത്തിവച്ചിരുന്നു. പത്ത് ടണ്ണിലേറെ ഭാരവുമായി ഈഭാഗത്തെ റോഡിലൂടെ വാഹനങ്ങൾ കടന്നുപോകരുതെന്നും നിർദ്ദേശിച്ചിരുന്നു. ഇതെല്ലാം ലംഘിച്ചാണ് പൊലീസ് സംരക്ഷണത്തിൽ ശനിയാഴ്ച മുതൽ മണ്ണെടുപ്പ് തുടർന്നത്.

മണ്ണെടുപ്പ് നിറുത്തി വച്ചു

നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് തഹസിൽദാർ എ.എം.പ്രേംലാൽ, ഡിവെെ.എസ്.പി വി.വി. ബെന്നി എന്നിവർ സ്ഥലത്തെത്തി നടത്തിയ ചർച്ചയിൽ മണ്ണെടുപ്പ് താത്കാലികമായി നിറുത്തിവച്ചു. ഇന്ന് ജിയോളജി, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തും. ജനവാസ മേഖലയായ ഇവിടെ മണ്ണെടുപ്പ് നടത്താൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സമരസമിതി.