watch
അനിൽ കുമാർ ഒയിറ്റി റോഡിലെ തന്റെ വാച്ച് കടയിൽ

കോഴിക്കോട്: ഘ​ടി​കാ​ര​ സൂ​ചി​ക​ൾ തെ​റ്റാതെ കറക്കി വാച്ച് റിപ്പയറിംഗ് രംഗത്ത് അരനൂറ്റാണ്ടിന്റെ ചരിത്രഗാഥയുമായി ചേളന്നൂർ കുമാരസ്വാമി സ്വദേശി അനിൽ കുമാർ. സമയത്തോടൊപ്പം നടക്കാൻ 1979 ൽ ഇറങ്ങിയതാണ്. ഇപ്പോൾ 45 വർഷമായി . 1952 ൽ ഒയിറ്റി റോഡിൽ അച്ഛൻ കെ. ഗോപാലൻ തുടങ്ങിയ പ്രകാശ് വാച്ച് കമ്പനി മകനായ അനിൽ കുമാറാണ് നടത്തുന്നത്. വാച്ച് നന്നാക്കുന്നതിൽ പേരും പെരുമയും നേടിയ പഴയ പ്രതാപം പേറുന്ന കുഞ്ഞുകട കാലത്തിന്റെ നിറം കലർത്താതെ അതുപോലെ നിലനിർത്തുകയാണ്.

കടയുടെ ചുമരുകൾ നിറയെ പഴയ ക്ലോക്കുകളാണ്. പലതിനും 100 വർഷത്തിൽ കൂടുതൽ പഴക്കം. വിദേശ കമ്പനികളായ നായിക്സ്, സൈക്കോ, കെൻസ്, വെയർലി, അൻസോണിയ, ഇന്ത്യൻ കമ്പനിയായ മാസ്റ്റർ തുടങ്ങിയവ ക്ലോക്കുകളുടെ നീണ്ടനിര തന്നെയുണ്ട് ഇവിടെ. പലതും റിപ്പയറിംഗിന് ഏൽപ്പിച്ചുപോയത്. ഈ കമ്പനികൾ പലതും നിലച്ചെങ്കിലും ക്ലോക്കുകളിലെ സൂചി ഇപ്പോഴും നിശ്ചലമായിട്ടില്ല. പഴയ കാല വാച്ചുകളെ സ്നേഹിക്കുന്നവർ ഇന്നും കേട് തീർക്കാൻ അനിൽകുമാറിനെ തേടിയെത്തുന്നു. ചെറുപ്പം തൊട്ടെ വാച്ചുകൾ നന്നാക്കുന്നതിൽ അനിൽ കുമാർ കമ്പം കാണിച്ചിരുന്നു.

പഠന സമയത്തെ ഒഴിവു വേളകളിൽ അച്ഛനെ സഹായിക്കാനായി കടയിൽ എത്തി വാച്ചുകൾ നന്നാക്കാൻ പഠിച്ചു. എസ്.എസ്. എൽ സി പഠനത്തിന് ശേഷം മുഴുവൻ സമയവും കടയിലായി. ആഢംബര വാച്ചുകളായ ഒമേഗ, റോളക്സ്, സാൻ ഡ്രോസ് സിറ്റിസൺ തുടങ്ങിയവയുടെ റിപ്പയറിംഗ് അച്ഛനൊപ്പം ചേർന്ന് ചെയ്തു. പലരും നന്നാക്കാൻ സാധിക്കില്ലെന്ന് പറ‌ഞ്ഞ് ഉപേക്ഷിച്ച പഴയ വാച്ചുകളായ വെസ്റ്റ് എൻഡ്, എനികാർ,, എച്ച്.എം.ടി വാച്ചുകൾ സമയമെടുത്ത് നന്നാക്കി നൽകി. അങ്ങനെ വാച്ചുകളുടെ ഡോക്ടറായി. കോടികൾ വിലപിടിപ്പുമുള്ള വാച്ചുവരെ അനിൽ കുമാറിന്റെ മുമ്പിലെത്താറുണ്ട്. കെ.പി കേശവമേനോൻ, നടൻമാരായ ബഹദൂർ, ബാലൻ കെ നായർ തുടങ്ങിയവർ അവരുടെ പ്രിയപ്പെട്ട വാച്ചുകൾ ശരിയാക്കിയെടുത്തത് ഇവിടെ നിന്നാണ്.

കാല ചക്രം തിരിഞ്ഞു കൊണ്ടിരിക്കുമ്പോഴും എന്ത് വന്നാലും കട കെെവിടരുതെന്ന അച്ഛന്റെ വാക്ക് അതു പോലെ പിന്തുടരുകയാണ് മകൻ. ശ്രീജയാണ് ഭാര്യ. മക്കൾ: അക്ഷയ്, ആതിര.

ക്വാർട്സ് വാച്ചുകളുടെയും ചൈനീസ് വാച്ചുകളുടെയും വരവും പുത്തൻ ട്രെൻഡുകളും പുതു തലമുറയിൽ പഴയപോലെ വാച്ചുകളോടുള്ള വെെകാരിക ബന്ധം ഇല്ലാതാക്കി. അവ നന്നാക്കാൻ ആരും കൊണ്ടുവരാറില്ല. ക്വാർട്സ് വാച്ചുകളുടെ ബാറ്ററിയും സ്ട്രാപ്പും മാറാനാണ് കൂടുതലും ആളുകൾ കടയിൽ എത്തുന്നത്. പഴയ വാച്ചുകളുടെ സ്പെയർ പാർടുകൾ കിട്ടാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. അനിൽ കുമാർ.