wayanad

മലയാളിയെ ഇത്രമേൽ കണ്ണീരിലാഴ്ത്തിയ മറ്റൊരു വർഷം കടന്നുപോയിട്ടുണ്ടാവുമോ? കലണ്ടറിൽ നിന്ന് 2024-ന്റെ താൾ മറിയുമ്പോൾ ചൂരൽമലയും മുണ്ടക്കൈയും ഇപ്പഴും വിറങ്ങലിച്ചു നിൽക്കുന്നു. അവിടെ ഇനിയും കണ്ടുകിട്ടാത്ത ജീവനുകൾ പൊള്ളുന്ന നോവായി തുടരുന്നു. കലണ്ടറിന്റെ ഒടുക്കം 'കാലം" വരച്ചിട്ട കഥാകാരൻ കൂടി നിളയിൽ ലയിക്കുന്നതിനും മലയാളം സാക്ഷിയായി. മലയാള സിനിമാ ലോകത്തെ പിടിച്ചുകുലുക്കിയ ഹേമാ കമ്മറ്റി റിപ്പോർട്ടും,​ എ.ഡി.എം നവീൻബാബുവിന്റെ മരണവും,​ സിനിമയുടെ അമ്മ കവിയൂർ പൊന്നമ്മയുടെ വിയോഗവുമെല്ലാം ഞെട്ടലോടെ മലയാളി നെഞ്ചേറ്റുവാങ്ങിയ സങ്കടങ്ങൾ.

ദുരന്തം പെയ്ത

വയനാട്

ജൂലായ് 30 കേരളം മറക്കില്ല. വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ മേഖലയിലെ ഉരുൾപൊട്ടൽ പിഴുതെടുത്തത് ഒരുപാട് ജീവനുകളും അവരുടെ സ്വപ്‌നങ്ങളുമാണ്. ഒരു പാതിരാവിൽ ഒലിച്ചിറങ്ങിയ മല കവർന്നെടുത്തത് ഔദ്യോഗിക കണക്കിൽ 254 ജീവൻ. ഇപ്പോഴും കണ്ടുകിട്ടാതെ മേൽവിലാസങ്ങൾക്ക് കൃത്യമായ കണക്കില്ലാതെ 44 പേർ. അഞ്ഞൂറിലധികം പേർ അപ്രത്യക്ഷരായെന്ന് ഇപ്പോഴും നാട്ടുകാർ. 1600-ഓളം കുടുംബങ്ങൾ ഇപ്പോഴും തീർത്തും അനാഥരായി പലയിടങ്ങളിൽ. കേന്ദ്രവും സംസ്ഥാനവും പോരടിച്ചതിനൊടുക്കം ആശ്വാസം നല്കുന്നൊരു വാർത്തയുണ്ട്: പുനരധിവാസത്തിനുള്ള കടമ്പകൾ കോടതി അഴിച്ചിരിക്കുന്നു. സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പ് 2025-ൽ യാഥാർത്ഥ്യമാവും. കാത്തിരിക്കാം,​ പ്രാർഥനയോടെ.

നിളയായി

ഒഴുകിയ കഥ

ഒടുക്കം,​ കഥപറഞ്ഞ്,​ കഥയെഴുതിയ നിളയിലേക്ക് എം.ടിയെന്ന രണ്ടക്ഷരവും അലിഞ്ഞ വർഷം. 91-ാം വയസിലാണ് മലയാളി നെഞ്ചോടു ചേർത്ത കഥാകാരൻ എം.ടി.വാസുദേവൻനായർ വിടവാങ്ങിയത്. കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഡിസംബർ 25-ന് ക്രിസ്‌മസ് ദിനത്തിൽ രാത്രി പത്തിനായിരുന്നു അന്ത്യം. തനിക്കുവേണ്ടി ചരമാചാരങ്ങളൊന്നും വേണ്ടെന്ന് മുൻകൂട്ടി പറഞ്ഞതിനാൽ നടക്കാവിലെ സിത്താരയിൽ മാത്രം പൊതുദർശനം. കേരളത്തിലങ്ങോളം നിന്ന് പതിനായിരങ്ങളാണ് ഒറ്റദിവസം ഒഴുകിയെത്തിയത്. വൈകിട്ട് മാവൂർ റോഡ് ശ്മശാനത്തിൽ സംസ്‌കാരം. അഞ്ചാംനാളിൽ ആഗ്രഹിച്ചതുപോലെ ആ ചിതാഭസ്മം നിളയ്ക്കു സമർപിച്ചു.

മായാത്ത സങ്കടമായി

സിദ്ധാർത്ഥൻ

കേരളം മറക്കാത്ത മരണമായിരുന്നു പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാത്ഥന്റെ ആത്മഹത്യ. ഫെബ്രുവരി 18 നാണ് നെടുമങ്ങാട് സ്വദേശിയായ സിദ്ധാർത്ഥനെ പൂക്കോട് വെറ്ററിനറി കോളേജ് ക്യാമ്പസിലെ ഹോസ്റ്റൽ ടോയ്ലറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ ആത്മഹത്യയെന്ന് കോളേജ് അധികൃതർ വിശദീകരിച്ചെങ്കിലും മരണത്തിൽ ദുരൂഹത ആരോപിച്ച് സിദ്ധാർത്ഥന്റെ കുടുംബം രംഗത്തെത്തി. കോളേജിലെ എസ്.എഫ്.ഐ നേതാക്കളുടെ നേതൃത്വത്തിൽ അരങ്ങേറിയ റാഗിങിന്റെ വിശദാംശങ്ങൾ പിന്നീട് പുറത്തുവന്നിരുന്നു. കേരളം മുഴുവൻ രോഷം പൂണ്ട മരണം.

നമ്മുടെയെല്ലാം

ഇരയായി ജോയ്

2024 ജൂലായ് 13-നാണ് തിരുവനന്തപുരത്ത്,​ ആമഴിയഞ്ചാൻ തോട്ടിൽ ശുചീകരണത്തിനായി ഇറങ്ങിയ മാരായമുട്ടം സ്വദേശി ജോയിയെ കാണാതായത്. ശുചീകരണ ജോലിക്കിടെ റെയിൽവേ സ്റ്റേഷന് അടിവശത്തുകൂടി കടന്നുപോകുന്ന തുരങ്കസമാനമായ ഭാഗത്തുവച്ചാണ് ജോയി മാലിന്യങ്ങൾക്കിടയിൽ ഒഴുക്കിൽപ്പെട്ടത്. 46 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.

സിനിമയുടെ

പൊന്നമ്മ

നിറഞ്ഞ ചിരിയും വലിയ കുങ്കുമപ്പൊട്ടുമായി അമ്മ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ നടി കവിയൂർ പൊന്നമ്മ (79) അന്തരിച്ചത് സെപ്തംബർ 20 നാണ്. ആറ് പതിറ്റാണ്ട് മലയാള സിനിമയിൽ നിറഞ്ഞുനിന്ന അഭിനേത്രിയായിരുന്നു കവിയൂർ പൊന്നമ്മ. ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച ആർട്ടിസ്റ്റുകളിൽ ഒരാൾ കൂടിയാണ്.


ആഴങ്ങളിൽ

അർജുൻ

ജൂലായ് 16-ന് കർണാടക ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽപ്പെട്ട് മരണപ്പെട്ട ലോറി ഡ്രൈവർ കണ്ണാടിക്കൽ മൂലാടിക്കുഴിയിൽ അർജ്ജുന്റെ മരണം മലയാളികളുടെ ഉള്ളുലയ്ക്കുന്നതായിരുന്നു. 72 ദിവസത്തെ കാത്തിരിപ്പിനു ശേഷം സെപ്തംബർ 25- ന് അർജുന്റെ ലോറിയും അർജ്ജുനേയും ഗംഗാവലി പുഴയിൽ നിന്ന് കണ്ടെത്തി. 28-ന് കേരളക്കരയാകെ അർജ്ജുന് യാത്രാമൊഴിയേകി.

എ.ഡി.എമ്മിന്റെ

ആത്മഹത്യ

2024 ഒക്ടോബർ 15- നാണ് കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിനെ ക്വാർട്ടേഴ്‌സ് മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മരണത്തിന്റെ തലേദിവസം നടന്ന യാത്രഅയപ്പ് ചടങ്ങിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപി.എം നേതാവുമായ പി.പി.ദിവ്യ നടത്തിയ പ്രസംഗം വിവാദമായിരുന്നു. ആത്മഹത്യാ പ്രേരണ കുറ്റത്തിൽ ജയിലായിലായ പി.പി. ദിവ്യ പിന്നീട് ജാമ്യത്തിലിറങ്ങി. കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാണ് നവീൻ ബാബുവിന്റെ കുടുംബം ആവശ്യപ്പെടുന്നത്. സർക്കാർ അതിനെ എതിർത്തുകൊണ്ട് കോടതിയിലും

കോഴിക്കോട്

സാഹിത്യ നഗരം

ഇന്ത്യയിൽ സാഹിത്യ നഗരമെന്ന പദവി ലഭിക്കുന്ന ആദ്യ നഗരമായി കോഴിക്കോട് മാറി. 2023 ഒക്ടോബർ 31-നാണ് കോഴിക്കോടിനെ സാഹിത്യ നഗരമായി യുനെസ്‌കോ അംഗീകരിച്ചത്. 2024 ജൂൺ 23- ന് മന്ത്രി എം.ബി.രാജേഷ് ഔദ്യോഗിക പ്രഖ്യാപനം നടത്തി. എസ്.കെയും എൻ.പിയും എംടിയും തിക്കോടിയനും ബഷീറും കെ.ടിയും ഉറൂബുമടക്കം തിലകം ചാർത്തിയ പ്രതിഭകൾക്കുള്ള അംഗീകാരം കൂടിയായി ഈ സാഹിത്യ നഗര പ്രഖ്യാപനം.

ഹേമാ കമ്മിറ്റി

റിപ്പോർട്ട്

2019 ൽ നടിയെ ആക്രമിച്ച സംഭവത്തിനു പിന്നാലെയാണ് മലയാള സിനിമയിലെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് പഠിക്കാനായി സർക്കാർ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിൽ മൂന്നംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. റിപ്പോർട്ട് സർക്കാരിനു കൈമാറിയിട്ടും നാലു വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ 2024 ആഗസ്ത് 19-ന് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് 233 പേജുള്ള റിപ്പോർട്ട് പുറത്തുവന്നു. അതുണ്ടാക്കിയ കോലാഹലങ്ങൾ കുറച്ചൊന്നുമല്ല. തുടർന്ന് നിരവധിയായ പീ‌‌ഡനാരോപണങ്ങളുണ്ടായി. ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്തിന് രാജിവയ്ക്കേണ്ടിയും വന്നു. സിദ്ദീഖ്, ഇടവേള ബാബു, മുകേഷ്, ജയസൂര്യ, നിവിൻപോളി.... ആരോപണ മുനയിലമർന്നത് നിരവധി പേർ.

പെരിയ

ക്രൂരത

2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്താണ് കാസർകോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവർ കൊല്ലപ്പെടുന്നത്. 2024 ഡിസംബർ 28- ന്,​ സി.പി.എം മുൻ എം.എൽ.എ ഉൾപ്പെടെ 14 പേർ കുറ്റക്കാരെന്ന് സി ബി ഐ കോടതി കണ്ടെത്തി.

ഉത്തരമില്ലാത്ത

ചോദ്യങ്ങൾ

പത്താം ക്ലാസ് ഇംഗ്ലീഷ്, പ്ലസ് വൺ കണക്ക് സ്കൂൾ അർദ്ധവാർഷിക പരീക്ഷകളുടെ ചോദ്യങ്ങൾ പരീക്ഷയ്ക്കു മുമ്പ് യു ട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട സംഭവം. കൊടുവള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ യു ട്യൂബ് സ്ഥാപനമായ എം.എസ് സൊല്യൂഷൻസിന് എതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. സ്ഥാപനം ചോദ്യപേപ്പർ ചോർത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേസ്.

മോചനത്തിനു

കാത്ത് റഹിം

സൗദി പൗരൻ കൊല്ലപ്പെട്ട കേസിൽ 2006 ഡിസംബറിലാണ് കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹിം ജയിലിലായത്. ദയാധനം സ്വീകരിച്ച് റഹീമിന് മാപ്പുനൽകാമെന്ന്, കൊല്ലപ്പെട്ട സൗദി യുവാവിന്റെ കുടുംബം ഔദ്യോഗികമായി അറിയിക്കുകയും തുടർനടപടികൾക്കായി പണം കൈമാറുകയും ചെയ്തതോടെയാണ് വധശിക്ഷ റദ്ദാക്കിയത്. റഹിം നിയമസഹായ സമിതിയുടെ നേതൃത്വത്തിൽ ക്രൗഡ് ഫണ്ടിംഗിലൂടെ കഴിഞ്ഞ ഏപ്രിൽ 12 -നാണ് സൗദി കുടുംബം ആവശ്യപ്പെട്ട 34 കോടി രൂപ സ്വരൂപിച്ചത്.

നഷ്ടങ്ങളുടെ പട്ടികയിൽ മറക്കാനാവാത്ത പേരുകൾ ഒരുപാടുണ്ട്. കീരിക്കാടൻ ജോസ് എന്നറിയപ്പെട്ട മോഹൻരാജ്, ബാലൻ. കെ നായരെന്ന അച്ഛനൊപ്പം വളർന്ന മേഘനാഥൻ, ടി.പി. മാധവൻ, കനകലത, നിർമൽ ബെന്നി, സുജിത്ത് രാജേന്ദ്രൻ, കോഴിക്കോട്ടെ പാട്ടിന്റെ ഓളം മച്ചാട് വാസന്തി, നടി മീന ഗണേഷ്... സന്തോഷങ്ങളുടെ കൂട്ടത്തിൽ പ്രധാനമാണ് കോഴിക്കോടിനെ യുനെസ്‌കോ സാഹിത്യനഗരമായി പ്രഖ്യാപിച്ചത്. പക്ഷെ ആഹ്ളാദങ്ങളേക്കാ ആകുലതകൾ ബാക്കിവച്ച കാലം...