
കോഴിക്കോട്: വധശിക്ഷയിൽ നിന്ന് മുക്തനായി സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനക്കേസിൽ വിധി പറയുന്നത് അഞ്ചാം തവണയും മാറ്റി. റിയാദ് ക്രിമിനൽ കോടതിയിൽ ഓൺലൈനായി നടന്ന സിറ്റിംഗിൽ പരിഗണിച്ചെങ്കിലും കേസ് ജനുവരി 15 ലേക്ക് മാറ്റിയതായി റഹീം നിയമസഹായ സമിതി അറിയിച്ചു. അന്ന്‌രാവിലെ എട്ടിന് കേസ് പരിഗണിക്കും.
കഴിഞ്ഞ ഡിസംബർ 12ന് പരിഗണിച്ച കേസ് 30ലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ നടന്ന സിറ്റിംഗിൽ ജയിലിൽ നിന്ന് റഹീമും അദ്ദേഹത്തിന്റെ അഭിഭാഷക അഡ്വ.റന, അഭിഭാഷകൻ ഒസാമ അൽ അമ്പർ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കാഞ്ചേരി, കുടുംബ പ്രതിനിധി സിദ്ധീഖ് തുവ്വൂർ എന്നിവരും പങ്കെടുത്തു
കേസിൽ അന്തിമവിധിയും മോചന ഉത്തരവുമാണ് ഇനിയുണ്ടാകേണ്ടത്. ജയിൽ മോചനത്തിനുള്ള ഉത്തരവ് ഇന്നലെയുണ്ടാകുമെന്നാണ് കുടുംബം പ്രതീക്ഷിച്ചിരുന്നത്.
കഴിഞ്ഞ നവംബർ 11ന് സൗദി ജയിലിലെത്തി റഹീമിനെ മാതാവ് ഫാത്തിമ കണ്ടിരുന്നു. മകനെ എത്രയും പെട്ടെന്ന് കൺമുന്നിൽ എത്തിച്ചു തരണമെന്ന് ഫാത്തിമ വെെകാരികമായി പ്രതികരിച്ചു.
സൗദി പൗരൻ കൊല്ലപ്പെട്ട കേസിൽ 2006 ഡിസംബറിലാണ് അബ്ദുൽ റഹീം ജയിലിലായത്. ദയാധനം സ്വീകരിച്ച് റഹീമിന് മാപ്പുനൽകാമെന്ന്, സൗദിയുവാവിന്റെ കുടുംബം ഔദ്യോഗികമായി അറിയിക്കുകയും തുടർ നടപടികൾക്കായി പണം കൈമാറുകയും ചെയ്തതോടെയാണ് വധശിക്ഷ റദ്ദാക്കിയത്.