exam

കോഴിക്കോട്: ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട കേസിൽ ആരോപണവിധേയരായ

എം.എസ് സൊല്യൂഷൻസ് സ്ഥാപനത്തിലെ അദ്ധ്യാപകൻ ഇന്നലെയും ചോദ്യം ചെയ്യലിന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായില്ല. രാവിലെ കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്താനായിരുന്നു അദ്ധ്യാപകരോട് ആവശ്യപ്പെട്ടിരുന്നത്. ഇന്ന് ചോദ്യം ചെയ്യലിനെത്താൻ മറ്റ് ചില അദ്ധ്യാപകരോടും നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ഇവരും ക്രൈം ബ്രാഞ്ചിനു മുന്നിൽ ഹാജരായേക്കില്ലെന്നാണ് സൂചന. നേരത്തെ രണ്ടു തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടും അദ്ധ്യാപകർ ഹാജരായിരുന്നില്ല. തുടർന്ന് ഇവർക്കായി മൂന്നാമതും നോട്ടീസ് നൽകി. ഇത്തവണ കൂടി ഹാജരായില്ലെങ്കിൽ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുമെന്ന് ക്രൈം ബ്രാഞ്ച് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

അതേസമയം എം.എസ് സൊല്യൂഷൻസ് സി.ഇ.ഒ എം ഷുഹൈബിന്റെ മുൻ‌കൂർ ജാമ്യപേക്ഷ കോടതി കോടതി ഇന്ന് പരിഗണിക്കും. കോടതി തീരുമാനം അറിഞ്ഞ ശേഷമാകും അദ്ധ്യാപകരുടെ തുടർ നീക്കമെന്നാണ് അറിയുന്നത്. ഒളിവിലായ എം.എസ് സൊല്യൂഷൻസ് ഉടമ ഷുഹൈബിനായി അന്വേഷണവും ഊ‌ർജ്ജിതമാക്കിയിട്ടുണ്ട്. ഇയാളെ കണ്ടെത്താനായി ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.