ഇരിങ്ങൽ: ലോഹത്തകിടിൽ കരവിരുതിന്റെ അത്ഭുതം സൃഷ്ടിച്ച് യുവശിൽപി രാംദാസ്. ഇരിങ്ങൽ സർഗാലയയിൽ നടക്കുന്ന അന്താരാഷ്ട്ര കലാ-കരകൗശല മേളയിലെ 27ാം സ്റ്റാളിലാണ് വിസ്മയിപ്പിക്കുന്ന ക്ഷേത്ര ശിൽപങ്ങളുള്ളത്. 'നാഗാസ് വർക്ക് ' എന്ന പേരിൽ അറിയപ്പെടുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ശിൽപകലാ രീതി പിന്തുടരുന്ന സംസ്ഥാനത്തെ ചുരുക്കം പേരിലൊരാളാണ് രാംദാസ്. വടകരയ്ക്കടുത്ത് ലോകനാർകാവ് വിഷ്ണുക്ഷേത്രത്തിന് സമീപം താമസിക്കുന്ന പി.ടി.രാംദാസ് 30വർഷമായി ഈ രംഗത്തുണ്ട്. ലോഹത്തകിടിൽ ഡിസൈനുകൾ വരച്ച് മെഴുകു കൂട്ട് ഉരുക്കിയൊഴിച്ച പലകയിൽ പതിച്ച ശേഷം രൂപങ്ങൾ കൊത്തിയെടുത്ത് എമ്പോസ് ചെയ്യുന്ന രീതിയാണ് നാഗാസ് വർക്ക്. സ്വർണം, വെള്ളി, പഞ്ചലോഹം, പിത്തള എന്നിവയിലാണ് ഇതുചെയ്യുന്നത്. ക്ഷേത്രങ്ങളിലെ പ്രഭാവലി, ഗോളക, താഴികക്കുടം, ധാരപാത്രം, ശംകെട്ടൽ, കി
രീടം കുട ചന്ദ്രക്കല, പൂജാപാത്രങ്ങൾ, തിരുവാഭരണം, തിരുമുഖം, ദേവന്മാർക്ക്ചാർത്തുന്ന ആഭരണങ്ങൾ തുടങ്ങിയവ നിർമ്മിക്കുന്നു, വിശ്വകർമ്മ സമുദായത്തിലെ വിശ്വജ്ഞ വിഭാഗത്തിൽ പെട്ടവരാണ് ഈ ജോലിയിലുള്ളത്. 10ാം തരം പഠനത്തിനുശേഷം മാഹി കലാ
ഗ്രാമത്തിലെ പഠനം കഴിഞ്ഞ് കർണാടകയിലെത്തിയ ദാസ് മൈസൂരിലെ കൃഷ്ണാചാരിയിൽ നിന്നാണ് നാഗാ വർക്കിൽ പരിശീലനം നേടുന്നത്. കേരളം, കർണാടകം, തമിഴ്നാട് എന്നിവിടങ്ങളിൽ 100 ഓളം ക്ഷേത്രങ്ങളിൽ രാംദാസ് ജോലിചെയ്തിട്ടുണ്ട്. നാഗാസ് വർക്ക് ചെയ്യുന്ന ശിൽപി തച്ചുശാസ്ത്രം, മന്ത്രശാസ്ത്രം എന്നിവ പഠിച്ചിരിക്കണം. വ്രതാനുഷ്ഠാനങ്ങളോടെ മാത്രമേ ജോലിചെയൂ. ഒരു ഗോളകയോ പ്രഭാവലയമോ ചെയ്തു തീർക്കാൻ ഒരു മാസമെടുക്കും, തൃശൂർ സ്വദേശിയായ പരേതനായ കെ.നാണു ആചാരിയുടെയും പി.ടി.ലക്ഷ്മിയുടെയും മകനായ രാംദാസ് കുട്ടികൾക്ക് പരിശീലനവും നൽകി വരുന്നു. ഭാര്യ: വിനിഷ. മക്കൾ: വിഷ്ണു പ്രിയൻ, വിശ്വജിത്ത്. ഫോൺ: 9383403169.